ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ വിഷബാധ ചർച്ചകളിൽ നിറയുന്നതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമെന്നും റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ആളുകളെ തടയാനാണ് ഇന്റർനെറ്റ് അടച്ചുപൂട്ടൽ എന്ന് അർസൂ കാസ്മി എന്ന പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ യുട്യൂബിൽ പ്രതികരിച്ചു. അതിനിടെ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ വെർച്വൽ റാലിയുടെ വ്യാപനം തടയുന്നതിനാകും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ദാവൂദിന്റെ ആശുപത്രി വാസം പുറത്തായതിന് പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം അപ്രഖ്യാപിതമായി എത്തുന്നത്.

എക്‌സിനും ഫെയ്‌സ് ബുക്കിനും ഇൻസ്റ്റാഗ്രാമിനും യൂട്യൂബിനും എല്ലാം പാക്കിസ്ഥാനിൽ നിയന്ത്രണമുണ്ട്. പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ ശക്തികാട്ടാനാണ് ഇമ്രാൻ ഖാന്റെ പാർട്ടി സോഷ്യൽ മീഡിയയിൽ വെർച്വൽ റാലിയുമായി എത്തിയത്. ഈ സന്ദേശം ജനങ്ങളിൽ എത്താതിരിക്കാനാണ് സർക്കാർ കരുതൽ എന്നും അഭിപ്രായമുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ തന്നെ ഭൂരിഭാഗം മാധ്യമങ്ങളും ഈ നിരോധനത്തെ ദാവൂദുമായി ബന്ധപ്പെടുത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ദാവൂദ് ചികിൽസയിലുള്ള ആശുപത്രിയിലേക്ക് ഈച്ച പോലും കടക്കുന്നില്ലെന്ന് സുരക്ഷാ സേന ഉറപ്പു വരുത്തുന്നുണ്ട്. ഇതോടൊപ്പം ദാവൂദിന്റെ ചികിൽസയിലെ വിവരങ്ങളൊന്നും പുറത്തു പോകുന്നില്ലെന്ന് ഇന്റർനെറ്റ് നിയന്ത്രണത്തിലൂടെ ഉറപ്പാക്കുകായണ് സർക്കാർ എന്നാണ് വിലയിരുത്തൽ.

ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം വിപുലീകരിച്ചിരുന്നു. ദാവൂദിനെയും കൂട്ടാളികളെയും വലയിലാക്കാൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപയും മറ്റുപാരിതോഷികങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാക് ഏജൻസികളുമായി ചേർന്ന് ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾ നടത്തുക, ആയുധങ്ങളും, സ്ഫോടക വസ്തുക്കളും കടത്തുക, വ്യാജ ഇന്ത്യൻ കറൻസി ഒഴുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ദാവൂദിന്റെ ഡി കമ്പനി ഉൾപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. എങ്ങനേയും ദാവൂദിനെ പിടിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് വിഷബാധ വാർത്ത എത്തുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ട്രോളുകൾ നിറയുകയണ്.

ദാവൂദിന് വിഷം കൊടുത്ത അജ്ഞാതൻ എന്ന തരത്തിൽ പ്രചരിക്കുന്ന ഫോട്ടോ രസകരമാണ്. അജിത് ഡോവലിന് അടുത്ത് ആളൊഴിഞ്ഞ കസേരയുണ്ട്. അതിൽ ആളില്ല. ആ കസേരയിലെ അജ്ഞാതനാണ് ദാവൂദിനെ കൊല്ലാൻ ശ്രമിച്ചത് എന്ന തരത്തിലാണ് ട്രോൾ. ഇതെല്ലാം പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഏതായാലും സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തുന്നുണ്ട്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം അഥവാ ഹാജി അനീസ്, അടുത്ത കൂട്ടാളികളായ ജാവേദ് പട്ടേൽ അഥവ് ജാവേദ് ചിക്ന, ഷക്കീൽ ഷെയ്ക് അഥവാ ഛോട്ടാ ഷക്കീൽ, ഇബ്രാഹിം മുഷ്താഖ് റസാഖ് മേമൻ അഥവാ ടൈഗർ മേമൻ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെയും, തീവ്രവാദ ശൃംഖലകളുടെയും സഹായത്തോടെ, ദാവൂദിന്റെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തുറന്നതായി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരിയിൽ, ഇതിന് എതിരെ എൻഐഎ പുതിയ കേസെടുക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ എന്നിവരെ ലക്ഷ്യമിടാനും, ലഷ്‌കറി തോയിബ, ജെയ്ഷെ മുഹമ്മദ്, അൽഖ്വായിദ, എന്നീ തീവ്രവാദ ശൃംഖലകൾക്ക് ഇന്ത്യൻ നഗരങ്ങളിൽ ആക്രമണം നടത്താൻ സ്ലീപ്പർ സെല്ലുകൾക്ക് പിന്തുണ നൽകാനുമാണ് ഡി കമ്പനി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

അന്വേഷണത്തിന്റെ ഭാഗമായി, ഈ വർഷം മെയിൽ, 29 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഹാജി അലി ദർഗയുടെ ട്രസ്റ്റി സുഹൈൽ ഖണ്ഡവാനി, 1993 ലെ മുംബൈ സ്ഫോടന പരമ്പരയിൽ ഉൾപ്പെട്ട പ്രതി സമീർ ഹിങ്കോര, ഛോട്ടാ ഷക്കീലിന്റെ അനന്തരവൻ സലീം ഖുറൈഷി അഥവാ സലീം ഫ്രൂട്ട്, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ബന്ധു, ഭീവണ്ഡിയിലെ താമസക്കാരൻ ഖയും ഷെയ്ഖ് എന്നിവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

എൻഐഎയുടെ കേസിന്റെ അടിസ്ഥാനത്തിൽ ഇഡി മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രിയായിരുന്ന നവാബ് മാലിക്കിന് എതിരെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷണം തുടങ്ങിയിരുന്നു. കുർലയിലെ ഒരു താമസക്കാരന്റെ പക്കൽ നിന്ന് 300 കോടിയുടെ ഭൂമി ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ സഹായത്തോടെ പിടിച്ചെടുത്തതിനാണ് കേസ്.

2015 ൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണ പ്രകാരം, ദാവൂദിന് പാക്കിസ്ഥാനിൽ 9 മേൽവിലാസങ്ങളുണ്ട്. കറാച്ചിയിലെ ക്ലിഫ്റ്റണിലൂള്ള വൈറ്റ് ഹൗസ്, അടക്കം 9 വിലാസങ്ങൾ. മൂന്നു പാസ്പോർട്ടുകൾ. റാവൽപിണ്ടിയിൽ ഒന്നും, കറാച്ചിയിൽ രണ്ടും. വർഷങ്ങളായി പല പേരുകളിലൈണ് കഴിയുന്നത്. ഷെയ്ക് ദാവൂദ് ഹസൻ, അബ്ദുൾ ഹമാദ് അബ്ദുൾ അസീസ്, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ക് ഇബ്രാഹിം കസ്‌കാർ, ദാവൂദ് സബ്രി, ഷെയ്ക് ഇസ്മയിൽ അബ്ദുൾ, ഹിസ്രത്ത് എന്നിങ്ങനെ പല പേരുകളിൽ.