കറാച്ചി: ഇന്ത്യ പിടികിട്ടാ പുള്ളിയായ പ്രഖ്യാപിച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. വിഷം ഉള്ളിൽച്ചെന്നുവെന്നാണ് സൂചന. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. ദാവൂദിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ശ്രമിക്കുന്നുണ്ട്. റോ അടക്കമുള്ളവർ ജാഗ്രതയിലാണ്.

രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്ത്യയിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധിയും ദാവൂദിന്റേതായിരുന്നു. ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രധാനികളിൽ ഒരാളാണ് ദാവൂദ്.

അതിനിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ദാവൂദിനെ അലട്ടുന്നുവെന്നാണ് സൂചന. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. ദേശീയ, അന്തർദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരിക്കുന്നുണ്ടെങ്കിലും ഭക്ഷ്യവിഷബാധയെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട്.

വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വർഷങ്ങളായി പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗസ്സി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.

ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനിൽക്കെ പാക്കിസ്ഥാനിൽനിന്നും പഠാൻ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്.

അധോലോക നായകനായി വളർന്ന ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്‌ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. മുംബൈ സ്‌ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.