ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹാമിന്റെ ചികിൽസ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച. അജ്ഞാതനാണ് ദാവൂദിന് വിഷം നൽകിയതെന്നാണ് സോഷ്യൽ മീഡിയയിലെ ഇന്ത്യൻ വെർഷൻ. ഇന്ത്യയുടെ പിടികിട്ടാപുള്ളിക്ക് അതീവ രഹസ്യമായി അജ്ഞാതൻ വിഷം കൊടുത്തുവെന്നാണ് വ്യാഖ്യാനം. ഇന്ത്യയിൽ വിവിധ തീവ്രവാദ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന ഭീകരർ പലരും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദാവൂദിന് നേരെയും വധശ്രമമുണ്ടായി എന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. കറാച്ചിയിലെ ആശുപത്രിയിലുള്ള ദാവൂദിന്റെ നില ഗുരതരമാണ്. വിഷ ബാധയിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതിനിടെയും വിഷബാധയാണ് ദാവൂദിനുണ്ടായതെന്ന് പറഞ്ഞു വയ്ക്കുകയാണ് സോഷ്യൽ മീഡിയ. അജ്ഞാതനാണെന്ന് പറയുമ്പോഴും മറിച്ചുള്ള റിപ്പോർട്ടുകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. 'പാക്കിസ്ഥാനിലെ ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദാവൂദിന് അടുപ്പമുള്ള ആരോ വിഷം നൽകി, അയാൾക്ക് സുഖമില്ലാതായി. തുടർന്ന് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദാവൂദിന്റെ നില അതീവഗുരുതരമാണെന്നും കനത്ത സുരക്ഷയിലാണ് ദാവൂദിനെ സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതക ശ്രമമാണ് നടന്നതെന്നും പാക്കിസ്ഥാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അവരും ഒന്നും സ്ഥിരീകരിക്കുന്നില്ല.

ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ ദാവൂദിന്റെ മരണത്തിൽ ട്രോളുകൾ എത്തുന്നത്. പതിനാറോളം ഭീകരരാണ് പാക്കിസ്ഥാനിൽ മാസങ്ങൾക്കുള്ളിൽ അജ്ഞാത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. എല്ലാം ഇന്ത്യയിൽ ആക്രമണം നടത്തിയവർ. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന സംശയം ഭീകര സംഘടനകൾ ഉയർത്തിയിരുന്നു. അപ്പോഴും പാക്കിസ്ഥാൻ ഈ വിഷയങ്ങളിൽ മൗനം തുടർന്നു. പാക്കിസ്ഥാനിലെ ആഭ്യന്തര സുരക്ഷയിൽ ചർച്ചകൾ ഉയരാതിരിക്കാനായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ദാവൂദ് ആശുപത്രിയിലാകുന്നത്. ഈ വിഷയത്തിൽ ഒന്നും പറയാൻ പാക്കിസ്ഥാന് കഴിയില്ല. അതുകൊണ്ട് തന്നെ അതിരഹസ്യ ചികിൽസയാണ് നൽകുന്നത്.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രഖ്യാപിത കുറ്റവാളിയാണ് ദാവൂദ്. കറാച്ചിയിൽ ദാവൂദ് താമസിക്കുന്നുണ്ടെന്ന് പാക്കിസ്ഥാന് അതുകൊണ്ട് തന്നെ സ്ഥിരീകരിക്കാൻ കഴിയില്ല. അങ്ങനെ സ്ഥിരീകരിച്ചാൽ ദാവൂദിനെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യയ്ക്ക് കൈമാറേണ്ട സ്ഥിതി വരും. ചികിൽസയിൽ ഇല്ലെന്ന് പറഞ്ഞാൽ ഇന്ത്യ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും പാക്കിസ്ഥാന് അറിയാം. അതുകൊണ്ട് തന്നെ ഈ വിവാദത്തിലും പാക്കിസ്ഥാൻ മൗനം തുടരും. പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാൻദാദിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനാണ് ദാവൂദ്. ഇത് പകൽപോലെ എല്ലാവർക്കും അറിയാവുന്നതാണ്.

വിഷം ഉള്ളിൽ ചെന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. നിലവിൽ കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ് ചികിത്സയിലാണെന്നാണ് അറിയുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ദാവൂദ് രണ്ട് ദിവസമായി ആശുപത്രിയിൽ ആണെന്നാണ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചുള്ളസ വാർത്ത പുറത്തുവന്നത്. കറാച്ചിയിലെ ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവിൽ ആശുപത്രി ഉന്നത വൃത്തങ്ങൾക്കും ദാവൂദിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

ഭാരതത്തിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാടുകൾ എന്നിവയ്ക്കുൾപ്പടെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണവും നടത്തുന്നുണ്ട്. അതിനിടയിലാണ് ആശുപത്രിയിലാണെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു.