കോന്നി: മരിച്ചയാൾ തിരിച്ചു വന്നുവന്ന സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിന്. തങ്ങളുടെ അച്ഛനാണെന്ന് പറഞ്ഞ് മക്കൾ ഏറ്റു വാങ്ങി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. ളാഹ മഞ്ഞത്തറ കോളനിയിലെ രാമൻ ബാബു(75)വാണ് താൻ മരിച്ച കഥയറിഞ്ഞ് ഞെട്ടിയത്. കൊക്കാത്തോട്ടിലെ മകനൊപ്പം താമസിച്ചിരുന്ന രാമനെ കോട്ടാമ്പാറയിൽ വച്ച് കണ്ട വനം വാച്ചർ മനു ആദ്യമൊന്ന് പകച്ചു. പിന്നെ രാമന്റെ മരണവും സംസ്‌കാരവും നടന്ന വിവരവും അറിയിച്ചു. ഇതോടെ രാമൻ ളാഹ മഞ്ഞത്തറയിലെ ആദിവാസി കോളനിയിൽ എത്തി. അവിടെ നിന്ന് കോന്നി പൊലീസ് സ്റ്റേഷനിലേക്കും.

അതേസമയം, അടക്കം ചെയ്തയാൾ ആരാണെന്ന് അറിയാൻ പൊലീസ് സമഗ്ര അന്വേഷണം നടത്താനൊരുങ്ങുകയാണ്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തേണ്ടി വരും. അതിനിടെ, തിരിച്ചുവന്ന രാമൻ ബാബുവിന്റേയും കുടുംബത്തിന്റേയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. മക്കൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് സംഭവത്തിലെ പൊലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

കഴിഞ്ഞ മാസം 30 ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ ആര്യാട്ടുകവലയിൽ റോഡിന്റെ അരികിൽ ഒരു വയോധികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ആനയുടെ ആക്രമണത്തിൽ മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. മരിച്ചു കിടന്നത് തങ്ങളുടെ പിതാവ് രാമനാണെന്ന് മക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.

മകൻ ബോസിനൊപ്പം മഞ്ഞത്തോട്ടിൽ താമസിച്ചു വരികയായിരുന്നു. രണ്ടു മാസം മുൻപ് വരെ മകളുടെ അച്ചൻ കോവിലെ വീട്ടിൽ ആയിരുന്നു താമസം. വനത്തിലൂടെയും മറ്റും അലഞ്ഞു നടക്കുന്ന പ്രകൃതക്കാരനായിരുന്നു. മൂന്നു മക്കളാണ് ഇദ്ദേഹത്തിന് ഒരു മകൻ കൊക്കാത്തോട്ടിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെ രാമനെ കൊട്ടാമ്പാറയിൽ കണ്ട വനം വാച്ചർ മനുവാണ് വിവരം പറയുന്നത്. രാമനെ മുൻപ് മനുവിന് നല്ല പരിചയമുണ്ട്. രാമൻ മരിച്ച വാർത്ത മനുവും അറിഞ്ഞിരുന്നു.

മരിച്ച് സംസ്‌കരിക്കപ്പെട്ടയാൾ പച്ച ജീവനോടെ മുന്നിൽ നിൽക്കുന്നത് കണ്ട മനു രാമനോട് കഥകൾ പറഞ്ഞു. ഉടൻ തന്നെ ഇയാൾ ളാഹയിലെ വീട്ടിലെത്തി മകനെ കണ്ടു വിവരം പറഞ്ഞു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കോന്നി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

മക്കൾ തന്നെയാണ് നിലയ്ക്കലിൽ മരിച്ചു കിടന്നത് രാമൻ ആണെന്ന് സ്ഥിരീകരിച്ചത്. അപ്പോൾ ഏറ്റുവാങ്ങി സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കേണ്ട ചുമതല പൊലീസിന്റെ തലയിലായി. നിലയ്ക്കലിൽ ഇപ്പോൾ താൽക്കാലിക സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, പമ്പ പൊലീസാകും തുടരന്വേഷണം നടത്തുക.