- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛൻ, അമ്മ എന്ന പദങ്ങൾ മുസ്ലീങ്ങൾ ഉപയോഗിക്കാൻ പാടില്ല'; പകരം ബാപ്പ, ഉമ്മ എന്നുതന്നെ പറയണം'; നബിയുടെ അച്ഛൻ, അമ്മ എന്ന് പറയുന്നതിന്റെ ധ്വനി കുഫ്റും ശിർക്കുമാണെന്ന് പണ്ഡിതർ; ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകൻ സുഹൈൽ വാഫിക്കെതിരെ ഒരുവിഭാഗം; കട്ടക്കോമഡിയായി സമസ്തയിലെ തർക്കങ്ങൾ!
കോഴിക്കോട്: ഇസ്ലാമിക സംഘടനകളിലെ തർക്കങ്ങളും സംവാദങ്ങളും പലപ്പോഴും കട്ടക്കോമഡിയാണ്. ജിന്ന് ഉണ്ടോയെന്നും, മരം നടുന്നത് ഇസ്ലാമികമാണോ എന്നൊക്കെപ്പറഞ്ഞ് മുജാഹിദ് സംഘടനകൾ ഒരുകാലത്ത് ചേരി തിരിഞ്ഞിരുന്നു. തിരുകേശം സംബന്ധിച്ചും എ പി വിഭാഗം സുന്നികളും ഇ കെ വിഭാഗവും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായി. ഇപ്പോഴിതാ സമസ്ത ഇ കെ വിഭാഗത്തിൽ ഒരു വലിയ വിവാദവും വിഴുപ്പലക്കലും നടക്കയാണ്. ബാപ്പ, ഉമ്മ എന്നീ വാക്കുകൾക്ക്, അച്ഛൻ, അമ്മ എന്നീവാക്കുകൾ ഉപയോഗിക്കാമോ എന്ന തർക്കമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പണ്ഡിതരെ രണ്ടുചേരിയിലാക്കുന്നത്.
യുവ പണ്ഡിതനായ സുഹൈൽ വാഫി ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കുമ്പോൾ നബിയുടെ അച്ഛൻ, നബിയുടെ അമ്മ എന്നിങ്ങനെ പ്രയോഗിച്ചതാണ് പുതിയ തർക്കത്തിന്റെ കാരണം. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തിയാണ് സുഹൈൽ വാഫി. ഇദ്ദേഹം ഖത്തറിൽ നടന്ന ഒരു പൊതു പരിപാടിയിൽ മുഹമ്മദ് നബിയുടെ വിവാഹങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തവെയാണ് ഈ പ്രയോഗം നടത്തിയത്. എന്നാൽ സമസതയുടെ നാൽപത് മുശാവറ അംഗങ്ങളിൽ ഒരാളായ അബ്ദുസ്സലാം ബാഖവി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തി. അച്ഛൻ, അമ്മ എന്നീ വാക്കുകളുടെ ധ്വനി കുഫ്റും ശിർക്കുമാണെന്ന് ഇവരുടെ വാദം. ഇരുകൂട്ടുരുടെയും മത്സരിച്ചുള്ള വീഡിയോകളും ഓഡിയോകളും, സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളിലും വാചക യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. സമസ്തയിൽ അച്ചടക്ക നടപടിക്ക് വിധേയനായ സിഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈൽ. ഇതും വിവാദം കൊഴുപ്പിക്കുന്നതിന് ഇടയാക്കി.
അച്ഛനിലും അമ്മയിലും രോഷം
എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു. 'കൗതുകകരമായ ഒരു തമാശ കൂടി നടക്കുന്നുണ്ട് സമസ്തയിൽ. അച്ഛൻ, അമ്മ എന്നീ വാക്കുകളുടെ ധ്വനി കുഫ്റും ശിർക്കുമാണെന്ന് സമസതയുടെ നാൽപത് മുശാവറ അംഗങ്ങളിൽ ഒരാളായ അബ്ദുസ്സലാം ബാഖവി പറയുന്നു. യുവ പണ്ഡിതനായ സുഹൈൽ വാഫി ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കുമ്പോൾ നബിയുടെ അച്ഛൻ, നബിയുടെ അമ്മ എന്നിങ്ങനെ പ്രയോഗിച്ചതാണ് പുതിയ തമാശയുടെ ഹേതു.സുഹൈൽ വാഫിയെ ചിലർക്കെങ്കിലും അറിയാം. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ അതേ സുഹൈൽ വാഫി.ഇപ്പോൾ സുഹൈൽ വാഫി പ്രശസ്തനാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സമസ്തയിൽ അച്ചടക്ക നടപടിക്ക് വിധേയനായ സിഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈൽ. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളും.
വിഷയത്തിലേക്കു വരാം. സുഹൈൽ വാഫി ഖത്തറിൽ നടന്ന ഒരു പൊതു പരിപാടിയിൽ മുഹമ്മദ് നബിയുടെ വിവാഹങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു. സദസ്സിൽ മുസ്ലിംകൾ അല്ലാത്തവരുമുണ്ട്. സ്വാഭാവികമായും അവർക്കു കൂടി മനസ്സിലാകുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. സാധാരണ ഉസ്താദുമാർ പ്രഭാഷണങ്ങളിലും മറ്റും നബിയുടേയോ അനുചരന്മാരുടേയോ പേരുകൾ പയുമ്പോൾ കൂടെ ഉരുവിടാറുള്ള സല്ലല്ലാഹു അലൈഹി വ സല്ലം, അലൈഹിസ്സലാം, റളിയല്ലാഹു അൻഹു എന്നൊന്നും സുഹൈൽ വാഫി ഈ പ്രസംഗത്തിൽ പലപ്പോഴും ഉപയോഗിക്കുന്നില്ല. (അമുസ്ലിംകളൊക്കെയുള്ള സദസ്സിൽ എത്ര അരോചകമായിരിക്കും ഇടക്കിടെ ഈ പ്രാർത്ഥനാ വാലുകൾ ഉരുവിട്ടുകൊണ്ടിരുക്കുന്നത്.)
ഈ പ്രാർത്ഥനാ വാലുകൾ ഉരുവിട്ടില്ലെന്നു മാത്രമല്ല, നബിയുടെ ബാപ്പ, ഉപ്പ, അല്ലെങ്കിൽ പിതാവ് എന്നു പറയുന്നതിനു പകരം വാഫി പറയുന്നത് അച്ഛൻ എന്നാണ്. സന്ദർഭം ഇങ്ങനെ -നബിയുടെ വളർത്തു മകനായ സൈദ് നബിയുടെ അമ്മായിയുടെ മകളായ, അതായത് അച്ഛന്റെ സഹോദരിയുടെ മകളായ സൈനബ് ബിന്ദ് ജഹ്ഷിനെ വിവാഹം കഴിക്കുന്നു. നബി തന്നെയാണ് വിവാഹം കഴിച്ചു കൊടുക്കുന്നത്. ഒരു വർഷ അവർ ഒരുമിച്ചു ജീവിച്ചു. പിന്നീട് അവരെ വിവാഹം മോചനം ചെയ്യിച്ച ശേഷം, സൈനബിനെ നബി കല്യാണം കഴിക്കുകയാണ്.
രണ്ടാമത്തെ സന്ദർഭം -നബി പതിനൊന്നു വിവാഹം കഴിച്ചതാണേല്ലോ വലിയ വിഷയം. അതിനേക്കാൾ വിചിത്രമായ ഒരു ശീലം അന്ന് അറേബ്യയിലുണ്ടായിരുന്നു. അതായത് കുട്ടികൾ ജനിച്ചാൽ അവർക്ക് പാലു കൊടുക്കുന്നത് അമ്മമാരല്ല. നബിക്കു പാലു കൊടുത്തത് നബിയുടെ അമ്മ ആമിനയല്ലല്ലോ -ആ പ്രഭാഷണത്തിൽ ഇങ്ങനെ രണ്ട് സന്ദർഭങ്ങളിൽ സുഹൈൽ വാഫി പ്രയോഗിച്ച അച്ഛൻ, അമ്മ എന്നീ പദങ്ങളാണ് സമസതയിലെ നേതാക്കളേയും കുട്ടി ഉസ്താദുമാരേയും വിറളി പിടിപ്പിച്ചത്.''- പി ടി മുഹമ്മദ് സാദിഖ് ചൂണ്ടിക്കാട്ടുന്നു.
സുഹൈൽ വാഫി നിരീശ്വരവാദി
നബിയുടെ മാതാപിതാക്കളെ സൂചിപ്പിക്കാൻ സുഹൈൽ വാഫി മോശം പദങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് സമസ്ത ഉസ്താദുമാർ പറയുന്നത്. ഇത് ഹക്കീം ഫൈസി ആദൃശ്ശേരിയുടെ നയവ്യതിയനാത്തിന്റെ തെളിവായിട്ടാണ് സലാം ബാഖവി അവതരിപ്പിക്കുന്നത് എന്നതാണ് അതിന്റെ തമാശ. സുഹൈലിനെതിരെ സമസ്ത വാളെടുക്കാൻ കാരണം ആദൃശ്ശേരിയോടുള്ള പക തന്നെ! ഹക്കീം ഫൈസിയുടെ മകൻ നിരീശ്വരവാദി, സ്വന്തം മകനെ നന്നാക്കാൻ പറ്റാത്ത ഹക്കീം ഫൈസി എന്നൊക്കെയാണ് ആക്ഷേപങ്ങൾ .
ആദൃശ്ശേരിയുടെ ശിഷ്യന്മാരുടെ അവസ്ഥയാണത്രെ ഇത്. ആദൃശ്ശേരിയുടെ മകന്റെ അവസ്ഥ തന്നെ കണ്ടില്ലേ എന്ന മട്ടിലാണ് ആക്ഷേപം. 'അച്ഛൻ, അമ്മ എന്ന പദങ്ങൾ മുസ്ലിംകൾ ഉപയോഗിക്കാൻ പാടില്ലത്രെ. പ്രത്യേകിച്ച് നബിയേയും അനുയായികളേയുമൊക്കെ കുറിച്ചു പറയുമ്പോൾ മാന്യമായ പദങ്ങൾ ഉപയോഗിക്കണമത്രെ. അച്ഛൻ, അമ്മ എന്നീ പദങ്ങൾ കുഫറിനേയും (സത്യനിഷേധം) ശിർകിനേയും (ബഹുദൈവത്വം) ആണത്രെ ധ്വനിപ്പിക്കുന്നത്. യൂ ട്യൂബിൽ സമസ്ത, സുഹൈൽ വാഫി, അച്ഛൻ എന്നൊക്കെ സെർച്ച് ചെയ്തു നോക്കിയാൽ ഈ പ്രയോഗങ്ങളുടെ പേരിൽ സുഹൈലിനേയും ആദൃശ്ശേരിയേയും ഭള്ള് പറയുന്ന ഉസ്താദുമാരുടെ വീഡിയോകൾ കാണാം.''- പി ടി മുഹമ്മദ് സാദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത ഇകെ വിഭാഗം കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചതായി കാന്തപുരം എ പി വിഭാഗത്തിന്റെ പത്രമായ 'സിറാജ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായതും തിരു നബി (സ) തങ്ങളോടുള്ള ബഹുമാനാദരവുകൾക്ക് നിരക്കാത്തതുമായ കാര്യങ്ങൾ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇത് കാരണം വിദ്യാർത്ഥികളും സമൂഹവും വഴിപിഴക്കാൻ കാരണമാകും എന്നും മുശാവറ വിലയിരുത്തിയെന്നും സിറാജ് പറയുന്നു.
ഭാവി കാര്യങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാൻ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് എന്നിവരെ യോഗം ചുമതലപ്പെടുത്തയെന്നും സിറാജ് പത്രം പറയുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ