- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കല്ലും കരിങ്കൊടിയും മുന്നറിയിപ്പുകളും: നിങ്ങളെറിയുന്ന കല്ല് പുഷ്പവും മറ്റുള്ളത് മാരകായുധവും എന്ന് തോന്നുന്നത് രാഷ്ട്രീയ തിമിരം; 'രക്ഷാപ്രവർത്തനം' പോലെ ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു പറയാനാണെങ്കിൽ മറ്റൊന്നും പറയാനില്ല; വീണ്ടും സർക്കാരിനെ വിമർശിച്ച് ദീപിക

കോട്ടയം : സർക്കാരിനെ കടന്നാക്രമിച്ച് വീണ്ടും ദീപികയുടെ മുഖപ്രസംഗം. കത്തോലിക്കാ സഭയുടെ മുഖപത്രം എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയാണ്. അഹന്ത വെടിയാനും തിരുത്താനും സമയമുണ്ട്. പക്ഷേ, അംഗരക്ഷകരുടെ 'രക്ഷാപ്രവർത്തനം' പോലെ ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു പറയാനാണെങ്കിൽ മറ്റൊന്നും പറയാനില്ല. ജനം തീരുമാനിക്കട്ടെ. അതിനുമുണ്ട് സമയം-ഇതാണ് എഡിറ്റോറിയലിന്റെ അവസാന ഭാഗം,. പാർട്ടിയുടെ യുവജന-വിദ്യാർത്ഥി പോഷകസംഘടനകളിൽ അംഗമാണെങ്കിൽ പഠിക്കാതെയും പരീക്ഷയെഴുതാതെയും ഉന്നതവിജയം നേടാം. എത്ര ക്രിമിനിൽ കേസുകളിൽ പ്രതിയായാലും നേതൃപദവിയിൽ ഇരിക്കുകയും ഉളുപ്പില്ലാതെ ധാർമിക പ്രസംഗങ്ങൾ തുടരുകയും ചെയ്യാം-ഇങ്ങനെ അതിരൂക്ഷമായ ആരോപണമാണ് ഉയർത്തുന്നത്.
നവകേരള സദസിൽ കോട്ടയം എംപി തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. സഭയുമായി ഏറ്റവും അടുത്തു നിൽക്കുന്ന എംപിമാരിൽ ഒരാളാണ് ചാഴിക്കാടൻ. ചാഴിക്കാടനുണ്ടായ അപമാനവും അതിനെ കേരളാ കോൺഗ്രസ് ചോദ്യം ചെയ്യാത്തതും ദീപികയിൽ പരോക്ഷമായി പരാമർശിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമായതുകൊണ്ട് ബൂർഷ്വാസികളെന്നു തോന്നിച്ചിരുന്ന ചില പാർട്ടികളും വിപ്ലവ പാർട്ടികൾക്കൊപ്പമുണ്ടെങ്കിലും അവരുടേതു തിരുവായ്ക്ക് എതിരില്ലാത്ത ഒരുതരം അടിമജീവിതമായിട്ടാണ് പുറത്തുള്ളവർക്കു തോന്നുക. ഏകാധിപത്യത്തിന്റെ അനിവാര്യ ഭാഗമായ വിധേയത്വം അവർക്ക് അംഗീകരിക്കാതെ വയ്യ... ഇങ്ങനെയൊക്കെയായിരുന്നു പശ്ചിമ ബംഗാൾ എന്ന സംസ്ഥാനത്ത് സിപിഎം എന്ന പാർട്ടി മൂന്നര പതിറ്റാണ്ടു കാലത്തെ ഭരണത്തിനൊടുവിൽ സന്പൂർണ ജനദ്രോഹികളായി മാറിയത്-ഇതാണ് ആ വാചകം.
നേരത്തേയും സർക്കാരിനെ വിമർശിച്ച് ദീപിക മുഖ പ്രസംഗം എഴുതിയിരുന്നു. അന്നും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കത്തോലിക്കാ സഭയുടെ കൂടെ പ്രതികരണമായാണ് ദീപികയിലെ മുഖപ്രസംഗത്തെ എക്കാലവും വിലയിരുത്താറുള്ളത്.
ദീപിക മുഖപ്രസംഗം ചുവടെ
കല്ലും കരിങ്കൊടിയും മുന്നറിയിപ്പുകളും
ഇവിടെ പറയാൻപോകുന്ന കാര്യം ഇന്നോ ഇന്നലെയോ നടന്നതല്ലെങ്കിലും വർത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കേണ്ടിവന്നിരിക്കുകയാണ്. പരാമർശിക്കുന്ന കാര്യങ്ങൾക്കും വ്യക്തികൾക്കും ജീവിച്ചിരിക്കുന്നവരോട് എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ ഒട്ടും യാദൃച്ഛികമല്ല, ചരിത്രത്തിന്റെ മുന്നറിയിപ്പാണ്; ഞങ്ങൾക്കോ മാധ്യമധർമവും.
നാട്ടിൽ എന്തു ഗുണ്ടായിസം കാണിച്ചാലും തൊഴിലാളിവർഗ പാർട്ടിയിൽ അംഗത്വമുണ്ടെങ്കിൽ അതു സമത്വസുന്ദരവും അനീതിരഹിതവുമായ ഭാവിയിലേക്കുള്ള വിപ്ലവത്തിന്റെ ഭാഗമായിരിക്കും; ഗുണ്ട വിപ്ലവകാരിയായിരിക്കും. പാർട്ടി അധികാരത്തിലെത്തുന്‌പോൾ വിധേയരുടെ എണ്ണം വർധിക്കും.
പാർട്ടിക്കാരെയും അംഗരക്ഷകരെയും പൊലീസിനെയുമൊന്നും പൊതുജനത്തിനു തിരിച്ചറിയാനാവില്ല. കോടികളുടെ ഭവനങ്ങളിലിരുന്ന് അധികാരത്തണലിൽ കോടികൾ സന്പാദിക്കുകയും ആർഭാടജീവിതം നയിക്കുകയും ചെയ്യുന്ന നേതാക്കളെയും ഭാര്യമാരെയും മക്കളെയും വിമർശിക്കുന്നവർ പട്ടിണിക്കാരായാലും കാര്യമില്ല.
മറ്റു പാർട്ടികളിലുള്ളവർ ബൂർഷ്വാസിയും തൊഴിലാളി പാർട്ടിയിൽ അംഗങ്ങളായവർ അധ്വാനിക്കുന്ന ജനവിഭാഗവുമാണല്ലോ! അഴിമതിയായാലും ബാങ്ക് കവർച്ചയായാലും പീഡനമായാലും പാർട്ടിതലത്തിൽ അന്വേഷണമുള്ളതുകൊണ്ട് പാർട്ടിയുടെ സുതാര്യതയെയും പാർട്ടിക്കാരുടെ സത്യസന്ധതയെയുംകുറിച്ച് ജനങ്ങൾക്കു വേവലാതിയും വേണ്ട.
പാർട്ടിയുടെ യുവജന-വിദ്യാർത്ഥി പോഷകസംഘടനകളിൽ അംഗമാണെങ്കിൽ പഠിക്കാതെയും പരീക്ഷയെഴുതാതെയും ഉന്നതവിജയം നേടാം. എത്ര ക്രിമിനിൽ കേസുകളിൽ പ്രതിയായാലും നേതൃപദവിയിൽ ഇരിക്കുകയും ഉളുപ്പില്ലാതെ ധാർമിക പ്രസംഗങ്ങൾ തുടരുകയും ചെയ്യാം.
ചെ-ഗുവേര ഉൾപ്പെടെ ലോക വിപ്ലവ പ്രതീകങ്ങളുടെ പടം വേദിയിലും ചുവരുകളിലും പതിക്കുന്നത്, കുട്ടിസഖാക്കളെല്ലാം അതുപോലെയാണെന്നൊരു തോന്നലുണ്ടാക്കാനാണ്. ഈയാംപാറ്റകളെ ആകർഷിക്കാൻ അതൊക്കെ ധാരാളം. സർവകലാശാലയുടെ മാനദണ്ഡങ്ങളൊന്നും പാർട്ടിക്കാർക്കു ബാധകമല്ല. യോഗ്യതാ പരീക്ഷയും അഭിമുഖങ്ങളുമൊന്നും തടസമാകില്ല. പിൻവാതിലുകൾ ഏറെ.
ഭരണകാലത്ത് നാടു മുച്ചൂടും നശിപ്പിച്ചാലും അതേക്കുറിച്ച് പ്രത്യയശാസ്ത്രപരമായി വിശദീകരണം നടത്താൻ പാർട്ടിക്കു സംവിധാനമുണ്ട്. മറ്റുള്ളവർ അതങ്ങു വിശ്വസിച്ചാൽ മാത്രം മതി. എതിരാളികളെ തല്ലിയൊതുക്കുന്നതും വെട്ടിയും വെടിവച്ചും കുത്തിയും കൊല്ലുന്നതും സായുധവിപ്ലവത്തിന്റെ ഭാഗം മാത്രം.
അതു ചെയ്യുന്നവർ സാമൂഹിക വിരുദ്ധരോ കൊലയാളികളോ ആകില്ല; സ്വാഭാവികമായും വിപ്ലവകാരികൾ! ഇന്ത്യയിൽ ജനാധിപത്യ പ്രക്രിയകളിലൂടെ അധികാരത്തിലെത്താമെന്ന അടവുനയത്തിലാണെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ എതിർ സ്ഥാനാർത്ഥികളാകുന്നവർ ജീവനിൽ കൊതിയുള്ളവരാകരുത്. ബൂത്തുപിടിത്തവും എതിരാളികളെ തല്ലിയോടിക്കലും ഉറപ്പാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൈയിൽനിന്നു താഴെ വയ്ക്കില്ലെങ്കിലും യുവവിപ്ലവകാരികൾ സഹവിപ്ലവപാർട്ടികളിലെ വനിതകളോടു പോലും പറയുന്നതു കേട്ടാൽ അറപ്പു തോന്നും.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് എഴുത്തും പ്രസംഗവുമെങ്കിലും സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളെ സഹിക്കില്ല; യാതൊരു ന്യായീകരണവുമില്ലാത്ത കാര്യത്തിനും കേസെടുത്ത് ഭയപ്പെടുത്തും. ഇതേ മാധ്യമവിരുദ്ധതയ്ക്ക് കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സർക്കാരുകളെ തങ്ങൾ വിമർശിച്ചിട്ടുള്ളതാണെന്ന ജാള്യതയൊന്നും പാർട്ടിക്കില്ല.
ജനാധിപത്യത്തിന്റെ ഭാഗമായതുകൊണ്ട് ബൂർഷ്വാസികളെന്നു തോന്നിച്ചിരുന്ന ചില പാർട്ടികളും വിപ്ലവ പാർട്ടികൾക്കൊപ്പമുണ്ടെങ്കിലും അവരുടേതു തിരുവായ്ക്ക് എതിരില്ലാത്ത ഒരുതരം അടിമജീവിതമായിട്ടാണ് പുറത്തുള്ളവർക്കു തോന്നുക.
ഏകാധിപത്യത്തിന്റെ അനിവാര്യ ഭാഗമായ വിധേയത്വം അവർക്ക് അംഗീകരിക്കാതെ വയ്യ... ഇങ്ങനെയൊക്കെയായിരുന്നു പശ്ചിമ ബംഗാൾ എന്ന സംസ്ഥാനത്ത് സിപിഎം എന്ന പാർട്ടി മൂന്നര പതിറ്റാണ്ടു കാലത്തെ ഭരണത്തിനൊടുവിൽ സന്പൂർണ ജനദ്രോഹികളായി മാറിയത്.
അന്ന്, പശ്ചിമ ബംഗാളിന്റെ ദുർവിധിയെക്കുറിച്ചും അനിവാര്യമായിക്കഴിഞ്ഞ 'പ്രതിവിപ്ലവ'ത്തെക്കുറിച്ചും 2011ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് അവിടം സന്ദർശിച്ച് ദീപിക പരന്പര തയാറാക്കിയിരുന്നു. അതിനോട് കേരളത്തിലെ സിപിഎമ്മുകാർ ഓൺലൈനിലും അല്ലാതെയും നടത്തിയ പ്രതികരണത്തിലെ വാക്കുകൾ ഇവിടെ കുറിക്കുന്നില്ല.
പക്ഷേ, മാസങ്ങൾക്കകം 34 വർഷത്തെ തുടർച്ചയായ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തി. പശ്ചിമ ബംഗാളിൽ മമതാ ബാനർജി ഒരു സ്വർഗരാജ്യം പണിയുമെന്ന വ്യാമോഹമൊന്നും ബംഗാളികൾക്കുണ്ടായിരുന്നില്ല; നരകത്തിൽനിന്നു രക്ഷപ്പെടണമെന്നു മാത്രമേയുണ്ടായിരുന്നുള്ളു. കഷ്ടതകളുണ്ടെങ്കിലും ആ നരകത്തിലേക്കു തിരിച്ചുപോകാൻ ഇന്നും ബംഗാളികൾ വിസമ്മതിക്കുകയാണ്.
പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും തുല്യമാണോ കേരളത്തിലെ സ്ഥിതിയെന്നത് വേറെ വിഷയം. പക്ഷേ, ഇങ്ങനെയാണു സുഖശീതളിമയുടെ ഭരണരഥം നാടാകെ ഉരുളുന്നതെങ്കിൽ; ഇങ്ങോട്ടൊന്നും പറയണ്ട, കേട്ടാൽ മതി എന്നതാണു മനോഭാവമെങ്കിൽ... ബംഗാൾ-ത്രിപുര, സമാനമായൊരു നവകേരളം വിദൂരത്തല്ല.
നിങ്ങളുയർത്തുന്ന കരിങ്കൊടി സമരമാർഗവും മറ്റുള്ളവരുടേത് അക്രമവുമാണെന്നും നിങ്ങളെറിയുന്ന കല്ല് പുഷ്പവും മറ്റുള്ളവരുടേത് മാരകായുധവുമാണെന്നും തോന്നുന്നത് രാഷ്ട്രീയ തിമിരമാണ്. കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു കിട്ടാനുള്ളതു കണക്കുപറഞ്ഞു വാങ്ങണം. പക്ഷേ, അതു നിങ്ങളുടെ കെടുകാര്യസ്ഥത തുടരാനുള്ള ലൈസൻസല്ല.
നിങ്ങൾക്ക് വർഗീയതയെയും അഴിമതിയെയും ചെറുക്കാനും ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കാനും കഴിയുമോ എന്ന ചോദ്യമൊന്നും ആരുമിപ്പോൾ ഉന്നയിക്കുന്നില്ല. പട്ടിണി, തൊഴിലില്ലായ്മ, കാർഷികമേഖലയിലെ സന്പൂർണ നാശം, വന്യജീവിശല്യം, അഴിമതി, കടക്കെണി, ധൂർത്ത്, അധികാര ദുർവിനിയോഗം തുടങ്ങിയവയിൽനിന്നു കേരളത്തെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്നു മാത്രമാണ് ചോദ്യം.
അഹന്ത വെടിയാനും തിരുത്താനും സമയമുണ്ട്. പക്ഷേ, അംഗരക്ഷകരുടെ 'രക്ഷാപ്രവർത്തനം' പോലെ ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു പറയാനാണെങ്കിൽ മറ്റൊന്നും പറയാനില്ല. ജനം തീരുമാനിക്കട്ടെ. അതിനുമുണ്ട് സമയം.


