- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂക്കിൽ പല്ലു മുളച്ചുവെന്നത് പഴഞ്ചൊല്ലല്ല, പച്ചപ്പരമാർഥം!
അടൂർ: മൂക്കിൽ പല്ലു മുളിച്ചിട്ടോ? എന്ന ചോദ്യം കാലാകാലങ്ങളായി നമ്മുടെ പ്രയോഗത്തിലുള്ളതാണ്. അങ്ങനെ സംഭവിച്ചതായി ഇതു വരെ എവിടെയും കേട്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു. അടൂർ ജനറൽ ആശുപത്രിയിലെ ഇഎൻടി ഡോക്ടർ യുവതിയുടെ മൂക്കിൽ നിന്നും നീക്കിയത് ലക്ഷണമൊത്ത ഒരു പല്ലാണ്.
37 വയസുള്ള യുവതിയുടെ മൂക്കിൽ നിന്നുമാണ് പൂർണ വളർച്ചയെത്തിയ പല്ല് നീക്കം ചെയ്തത്. കുറച്ചു വർഷങ്ങളായി മൂക്കിൽ പഴുപ്പിന്റെ ദുർഗന്ധം വരുന്നതായിരുന്നു ലക്ഷണം. പിന്നീട് ദുർഗന്ധം വർധിച്ചു. ഒരുപാടു സ്ഥലങ്ങളിലെ ചികിത്സയ്ക്കു ശേഷം യുവതി അടൂർ ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി. ഡോ.എം.ആർ.ഹരീഷിനെ കണ്ടു. ആദ്യം ആന്റീബയോട്ടിക് നൽകി തിരിച്ചയച്ചു. പക്ഷെ ദിവസങ്ങൾ കഴിഞ്ഞും മൂക്കിൽ നിന്നുമുള്ള ദുർഗന്ധത്തിന് കുറവില്ലാതെ വന്നതോടെ യുവതി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.
സംശയം തോന്നിയ ഡോക്ടർ മൂക്കിന്റെ സി.ടി.സ്കാൻ എടുക്കാൻ യുവതിയോട് നിർദ്ദേശിച്ചു.
സി.ടി.സ്കാൻ ഫലത്തിൽ മുക്കിൽ എന്തോ തടിച്ചിരിക്കുന്നുവെന്ന് കണ്ടെത്തി. എൻഡോസ് കോപ്പി ചെയ്തപ്പോഴാണ് വായിൽ നിന്നും മുകളിലേക്ക് വളർന്ന് മുക്കിനുള്ളിൽ എത്തി നിൽക്കുന്ന ഒരു പല്ലാണ് തടിച്ചിരിക്കുന്നതെന്ന് മനസിലായത്. വിശദമായ പരിശോധനയിൽ നല്ല വലുപ്പമുള്ള പല്ലാണിതെന്ന് മനസ്സിലാക്കിയ ഡോ.എം.ആർ.ഹരീഷ് അതിസൂഷ്മതയോടെ മൂക്കിൽ നിന്നും ചെറിയ ശസ്ത്രക്രിയയിലൂടെ പല്ല് പിഴുത് പുറത്തെടുത്തു. ഒരു മണിക്കൂർ മാത്രമാണ് പല്ലെടുക്കാനും മറ്റ് അനുബന്ധ പരിശോധനയ്ക്കുമായി മൊത്തത്തിൽ വേണ്ടി വന്നത്.
പല്ലിന്റെ മുകൾഭാഗം അണുബാധ വന്ന് പഴുത്തതാണ് ദുർഗന്ധം വരാൻ കാരണമെന്നാണ് ഡോക്ടർ പറയുന്നത്. പല്ലിരുന്നതിനാൽ യുവതിക്ക് ശ്വാസതടസമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. 0.1 മുതൽ ഒരു ശതമാനം വരെ പേരിൽ മാത്രമാണ് ഇങ്ങനെ വഴിതെറ്റി പല്ലുകൾ വളരുന്നത്. ചെറുപ്രായത്തിൽ മോണയിൽ നിന്നും താഴേക്ക് വളർന്ന പല്ലുകളിൽ ഒരെണ്ണം വഴിതെറ്റി മുകളിലേക്ക് പോയി. ഇത് വളർന്ന് മൂക്കിലേക്ക് കയറുന്ന അവസ്ഥയാണ് യുവതിയിൽ ഉണ്ടായതെന്നും ഡോ.എം.ആർ.ഹരീഷ് പറയുന്നു. പല്ലെടുത്ത ശേഷം പ്രത്യേക വിശ്രമം ആവശ്യമില്ലാത്തതിനാൽ യുവതിയെ വീട്ടിലേക്ക് പോകാൻ അനുവദിച്ചതായും ഡോക്ടർ പറഞ്ഞു.