- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്ന് പേര് തെറ്റിച്ച് കൊടുത്തത് റഹീല ബാനു എന്ന്; ഇന്ന് വന്ന തിരുത്തിൽ പറയുന്നത് ഷഹർ ബാനു എന്ന് തെറ്റായി കൊടുത്തതിൽ ക്ഷമ ചോദിക്കുന്നുവെന്ന്; വ്യാജ വാർത്തക്കെതിരെ നിയമ നടപടിയെന്ന് ടി സദ്ദീഖ്; അന്തവും കുന്തവുമില്ലാത്ത വാർത്ത കൊടുത്ത് ദേശാഭിമാനി വീണ്ടും വെട്ടിൽ
കോഴിക്കോട്: ലോകത്തിലുള്ള സകല മാധ്യമങ്ങളെയും മര്യാദയും ധർമ്മവും പഠിപ്പിക്കുന്ന തിരക്കിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും, എം സ്വരാജ് ഉൾപ്പെടെയുള്ള ചില നേതാക്കളും. എന്നാൽ സ്വന്തം പാർട്ടി പത്രത്തിൽ വരുന്ന കല്ലുവെച്ച നുണകളും, അന്തവും കുന്തവുമില്ലാത്ത വാർത്തകളും ഒന്നും അവരുടെ കണ്ണിൽ പെടാറില്ല. അടുത്തകാലത്തായി നിരവധി വ്യാജ വാർത്തകളുടെപേരിൽ പ്രതിക്കൂട്ടിലായ പത്രമാണ് ദേശാഭിമാനി. എറ്റവും ഒടുവിലായി കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായി ടി സിദ്ദീഖിന്റെ ഭാര്യയുടെ പേരിൽ വ്യാജ വാർത്ത കൊടുത്താണ് ദേശാഭിമാനി പുലിവാല് പിടിച്ചത്.
ടി സിദ്ദീഖിന്റെ ഭാര്യ ഉൾപ്പെടട നിധി ബാങ്ക് കോടികൾ തട്ടിയതായി പരാതി എന്ന് പറഞ്ഞാണ് ദേശാഭിമാനി ചൊവ്വാഴ്ച വാർത്ത കൊടുത്തത്. ആ വാർത്ത വ്യാജമാണെന്നും കേസ് ഫയൽ ചെയ്യുമെന്നും കാണിച്ച് ടി സീദ്ദീഖ് രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്-''ദേശാഭിമാനി എനിക്കെതിരെ ഇന്ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചത് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായതിനാൽ വൈകിയാണ് അറിയാൻ കഴിഞ്ഞത്. മാധ്യമപ്രവർത്തനത്തിന് നിരക്കാത്ത പച്ചക്കളവാണ് എനിക്കെതിരെ ഇന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടെ സിസ് ബാങ്ക് എന്ന ധനകാര്യസ്ഥാപനത്തിൽ എന്റെ ഭാര്യ കുറച്ച് മാസങ്ങൾ മാത്രം ജോലി ചെയ്തിരുന്നു. മാനേജ്മെന്റുമായി ഒത്ത് പോകാൻ കഴിയാത്തതിനാൽ രാജി വെക്കുകയും ചെയ്തിരുന്നു.
എന്റെ ഭാര്യ അവിടെ ജോലി ചെയ്തു എന്ന ഒറ്റക്കാരണത്താൽ എന്റെ ഭാര്യയെ ബാങ്കിന്റെ ഡയറക്ടറായി ദേശാഭിമാനി പ്രഖ്യാപിച്ചു. അതായത് ആ ബാങ്കിന്റെ ഡയറക്ടറായ റാഹില ബാനു എന്ന സ്ത്രീയെ എന്റെ ഭാര്യയാക്കിയാണ് ദേശാഭിമാനിയുടെ വാർത്ത. എന്ത് മാധ്യമപ്രവർത്തനമാണിത്. ഈ വാർത്തയുടെ ഓൺലൈൻ ലിങ്ക് പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി. എന്നാൽ അതിന് വേണ്ടി തയ്യാറാക്കിയ കാർഡ് സോഷ്യമീഡിയയിൽ പ്രചരിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു. എന്റെ ഭാര്യ അവിടെ ജോലി ചെയ്യുകയും രാജി വെക്കുകയും ചെയ്തതാണ്. എനിക്ക് ഈ കാര്യത്തിൽ ഒന്നും ഒളിപ്പിക്കാനില്ല. ദേശാഭിമാനിക്കെതിരെ ഈ വ്യാജ വാർത്തയുടെ പേരിൽ മാനനഷ്ടക്കേസ് കൊടുക്കാനാണ് എന്റെ തീരുമാനം. നിയമനടപടിയുമായി മുന്നോട്ട് പോകും. '' - ഇങ്ങനെയാണ് സിദ്ദീഖ് പോസ്റ്റിട്ടത്.
തിരുത്തിലും തെറ്റ്
പിറ്റേന്ന് ചൊവ്വാഴ്ച അതിലും വലിയ അബദ്ധവുമായാണ് ദേശാഭിമാനി പുറത്തിറങ്ങിയത്. തലേന്ന് ടി സിദ്ദീഖിൻെ ഭാര്യയുടെ പേര് തെറ്റിച്ച് റഹീല ബാനു എന്നാണ് ദേശാഭിമാനി കൊടുത്തിരുന്നത്. ബുധാനാഴ്ച കൊടുത്ത ഫോളോഅപ്പ് വാർത്തക്കുള്ളിൽ ഒരു തിരുത്തുമുണ്ട്.
അതിൽ പറയുന്നത് കഴിഞ്ഞ ദിവസം ഷഹർ ബാനു എന്ന് തെറ്റായി കൊടുത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ്. -'' ചൊവ്വാഴ്ചത്തെ പത്രത്തിൽ ടി സിദ്ദീഖിന്റെ ഭാര്യയുടെ പേര് ഹഹർബാനു എന്ന് വന്നത് തെറ്റാണ്. ഷറഫുന്നീസായാണ് ഭാര്യ. ഇവർ സ്ഥാപനത്തിന്റെ മുൻ ഡയറ്കടർ ആണ്'' എന്നാണ് തിരുത്തിൽ പറയുന്നത്. തിരുത്തിലും തെറ്റ് കടുന്നുകൂടിയത് സോഷ്യൽ മീഡിയയിലും ട്രോൾ ആവുകയാണ്. തന്റെ ഭാര്യ മൂൻ ഡയറക്ടർ ആണെന്ന് പറയുന്നതും പച്ചക്കളമാണെന്ന് സിദ്ദീഖ് പറയുന്നു. എന്റെ ഭാര്യ ആസ്ഥാപനത്തിൽ ഒരിക്കലും ഡയറക്ടർ ആയിരുന്നില്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.
പുതിയ പോസ്റ്റിൽ ടി സിദ്ദീഖ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.-'' മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ ഒരു സ്ഥാപനത്തിന്റെ ഡയറക്ടർമാർ ആരൊക്കെയാണെന്ന് ആർക്കും പരിശോധിക്കാമെന്നിരിക്കെ ദേശാഭിമാനി എന്തിന് ഇങ്ങനെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു''. ദേശാഭിമാനിയുടെ പ്രിന്റ് വാർത്തയുടെ കട്ടിങ്ങ് പോസ്റ്റ് ചെയ്തുകൊണ്ടാണ് സിദ്ദീഖിന്റെ പ്രതികരണം. വിവാദമായതോടെ വാർത്ത ഓൺലൈനിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ