- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊതുമുതൽ നശിപ്പിക്കലിൽ കേരളത്തിലേതു പോലെ പ്രത്യേക നിയമം ഉണ്ടാക്കണം
ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ കേരള മോഡൽ പിന്തുടരാൻ നിയമ കമ്മീഷൻ ശുപാർശ. പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവർക്കെതിരായ കേസുകളിൽ കേരള മാതൃകയിൽ കർശന വ്യവസ്ഥകൾക്കുള്ള ശുപാർശയോടെ ദേശീയ നിയമ കമ്മിഷൻ നിയമ മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. പൊതുമുതൽ നശിപ്പിക്കുന്നവർ ജാമ്യം കിട്ടണമെങ്കിൽ തുല്യ തുക കെട്ടിവയ്ക്കണണമെന്ന കേരളത്തിലെ വ്യവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുമുതൽ തകർക്കപ്പെട്ടാൽ അതിന്റെ വിപണിമൂല്യത്തിന് തുല്യമായ തുകതന്നെ പിഴയായി ചുമത്തണമെന്ന് നിയമകമ്മിഷൻ ശുപാർശചെയ്തു. കുറ്റം ചെയ്തവർക്കും അതിന് ആഹ്വാനംചെയ്തവർക്കും ഒരേശിക്ഷതന്നെ നൽകണം. ഇത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിപണിമൂല്യം കോടതിയിൽ കെട്ടിവെക്കാൻ നിബന്ധനവെക്കണം. മൂല്യം കണക്കാക്കാൻ സാധിക്കാത്ത വസ്തുവാണെങ്കിൽ കേസിന്റെ സാഹചര്യം പരിഗണിച്ച് കോടതി മൂല്യം നിശ്ചയിക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.
കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമ്മിഷന്റെ 284-ാം റിപ്പോർട്ടിലാണ് 1984-ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിൽ ഭേദഗതികൾ വേണമെന്ന് ശുപാർശചെയ്യുന്നത്. ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രതിഷേധമോ ഹർത്താലോ ബന്ദോ നടത്തുമ്പോഴാണ് പൊതുമുതൽ നശിപ്പിക്കപ്പെട്ടതെങ്കിൽ അതിന്റെ ഭാരവാഹികളെയും കുറ്റക്കാരാക്കണം.
കേരള മോഡലാണ് ഇതിൽ എടുത്തു പറഞ്ഞത്. സ്വകാര്യവസ്തുക്കൾ നശിപ്പിക്കപ്പെടുന്ന വിഷയം പരിഹരിക്കാൻ കേരളത്തിലേതുപോലെ പ്രത്യേക നിയമമുണ്ടാക്കണം. 2019-ലാണ് കേരള സ്വകാര്യവസ്തു നശിപ്പിക്കൽ തടയൽ നിയമമുണ്ടാക്കിയത്. പൊതുമുതൽ നശിപ്പിക്കൽ നിയമത്തിൽ പരിഷ്കരണം ശുപാർശചെയ്ത നിയമകമ്മിഷൻ അതിനായി പരിഗണിച്ചതിലേറെയും കേരളത്തിലെ കേസുകൾ. കേരളത്തിൽ രജിസ്റ്റർചെയ്യപ്പെട്ട പത്തോളം കേസുകളാണ് കമ്മിഷന്റെ റിപ്പോർട്ടിൽ വിശകലനംചെയ്തത്.
ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രകടനം, ഹർത്താൽ, ബന്ദ് എന്നിവയിൽ പൊതുമുതൽ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുതോന്നിയാൽ അത് വീഡിയോയിൽ ചിത്രീകരിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സംവിധാനമുണ്ടാക്കണം. വീഡിയോയുടെ കോപ്പി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനോ സമർപ്പിക്കണം.
കേരളം 2019 ൽ പാസാക്കിയ സ്വകാര്യസ്വത്തു സംരക്ഷണ നഷ്ടപരിഹാര നിയമം മാതൃകയാക്കി ഭാരതീയ ന്യായ സംഹിതയിൽ ആവശ്യമായ മാറ്റം കൊണ്ടുവരാനാണ് നിർദ്ദേശം. ദേശീയപാത, റെയിൽപാത തുടങ്ങിയവ തടഞ്ഞ് ജനത്തിന് ബുദ്ധിമുട്ടും നഷ്ടവും ഉണ്ടാക്കുന്നതിനെതിരെ സമഗ്ര നിയമം വേണം. പൊതുഇടങ്ങളിൽ തടസ്സമുണ്ടാക്കുന്ന പരിപാടികൾ നിരോധിക്കുന്നതും ആലോചിക്കാം.
അപകീർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതു തുടരണമെന്നു ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തു. പുതുതായി വരുന്ന 'ഭാരതീയ ന്യായ സംഹിത' പ്രകാരം അപകീർത്തിക്കേസിൽ ശിക്ഷയായി സാമൂഹികസേവനം വിധിക്കുന്നതും ശരിവച്ചു. ഒരാളുടെ അന്തസ്സും മറ്റേയാളുടെ അഭിപ്രായ സ്വാതന്ത്ര്യവും ഒരുപോലെ പരിഗണിച്ചുള്ളതാണ് ഈ ശിക്ഷയെന്നും കമ്മിഷൻ അധ്യക്ഷൻ ഋതുരാജ് അവസ്തി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപകീർത്തി നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകൾ പരിശോധിക്കാൻ 2017 ലാണ് കമ്മിഷനോടു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.