ന്യൂഡൽഹി: വിമാനം വൈകിയതിന്റെ പേരിൽ യാത്രക്കാരൻ ഇൻഡിഗോയുടെ പൈലറ്റിനെ തല്ലിയതാണ് ഇപ്പോൾ ചർച്ചാവിഷയം. തല്ലിയത് തെറ്റാണെങ്കിലും പൈലറ്റിന്റെ പെരുമാറ്റത്തെയും സഹയാത്രികർ ചോദ്യം ചെയ്യുന്നു. ചോദ്യങ്ങൾ ചോദിച്ചതിന് പൈലറ്റ് യാത്രക്കാരെ പഴിക്കുകയായിരുന്നു. മണിക്കൂറുകളോളം കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാരൻ പ്രകോപിതനായപ്പോൾ, അയാൾക്കുണ്ടായ വിഷമം മനസ്സിലാക്കുകയും, അയാളെ സഹായിക്കുകയും പിന്തുണയ്ക്കുകയുമായിരുന്നു പൈലറ്റ് ചെയ്യേണ്ടിയിരുന്നതെന്ന് വീഡിയോ ഷൂട്ട് ചെയ്ത യാത്രക്കാരൻ അഭിപ്രായപ്പെട്ടു.

യാത്രക്കാർക്ക് നേരേ പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും, പഴിക്കുകയും ചെയ്തപ്പോളാണ് സാഹചര്യം വഷളായതെന്ന് റഷ്യൻ ഇന്ത്യൻ നടി എവ്ജനിയ ബെൽസകിയ പറഞ്ഞു. പൈലറ്റിനെ അടിച്ചത് ദൗർഭാഗ്യകരമാണെങ്കിലും. വിമാനത്തിൽ രണ്ടുമണിക്കുറോളം കാത്തിരിക്കേണ്ടി വന്നതോടെ യാത്രക്കാർ രോഷാകുലരായിരുന്നു. ഏതായാലും ഉത്തരേന്ത്യയിൽ, മൂടൽ മഞ്ഞുകാരണം വിമാനങ്ങൾ വൈകുകയും, വ്യോമഗതാഗതം താറുമാറാകുകയും ചെയ്തതോടെ, വിമാനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) പുറത്തിറക്കി.

സർവീസ് നടക്കാതെവന്നതോടെ നൂറോളം യാത്രക്കാരാണ് ഇന്നലെ ഡൽഹി എയർപോർട്ടിൽ കുടുങ്ങിയത്. ഇവരുടെ ചോദ്യങ്ങൾക്ക് എയർലൈൻ ഉദ്യോഗസ്ഥർ കൃത്യമായ മറുപടികൾ നൽകാതെ വന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതോടെയാണ് പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ തീരുമാനമായത്.

യാത്ര നിഷേധിക്കുമ്പോഴും വിമാനങ്ങൾ റദ്ദാക്കുമ്പോഴും യാത്ര വൈകുമ്പോഴും യാത്രക്കാർക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ മാർഗനിർദ്ദേശം പുറത്തിറക്കിയത്. മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങളോ അല്ലെങ്കിൽ വൈകാൻ സാധ്യതയുള്ളതോ ആയ വിമാനങ്ങൾ കമ്പനികൾ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. എല്ലാ എയർലൈനുകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. എന്നാൽ എയർലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളിൽ ഈ നിയമങ്ങളിലെ വ്യവസ്ഥകൾ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു.

നിലവിൽ ബോർഡിങ് നിഷേധിക്കുകയോ, വിമാനങ്ങൾ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ അതാത് എയർലൈൻ ചെയ്തുകൊടുക്കേണ്ടതാണ് എന്നാണ് ഡി.ജി.സി.എയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിൽ (എസ്.ഒ.പി.) പറയുന്നത്.

പുതിയ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ എസ്.ഒ.പി. എല്ലാ എയർലൈനുകളും അടിയന്തരമായി പാലിക്കണം എന്നാണ് ഡി.ജി.സി.എയുടെ നിർദ്ദേശം. എസ്.ഒ.പി. പ്രകാരം; സർവീസ് താമസിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അതാത് എയർലൈൻസ് അപ്പപ്പോൾ യാത്രക്കാരെ അറിയിക്കണം, ഇതുസംബന്ധിച്ച വിവരങ്ങൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.

എസ്.എം.എസിലൂടെയും ഇ-മെയിലിലൂടെയും യാത്രക്കാർക്ക് വിവരങ്ങൾ കൈമാറണം, എയർപോർട്ടിലെ സന്ദേശബോർഡുകളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം, ഇതുകൂടെതെ അതാത് എയർലൈൻ ഉദ്യേഗസ്ഥർ അവരുടെ യാത്രക്കാരുമായി നിരന്തരം നേരിട്ട് സംവദിക്കാനും വിവരങ്ങൾ കൈമാറാനും ശ്രമിക്കണം.