- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ യാത്രയിൽ സംഘർഷം: ഗുവാഹത്തിയിലേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തീർത്ത ബാരിക്കേഡ് തകർത്ത് പ്രവർത്തകർ; ഉന്തും തള്ളും കലാശിച്ചത് ലാത്തിച്ചാർജ്ജിൽ; രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് അസം മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം. അസം പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. ഗുവാഹത്തിയിലേക്ക് യാത്ര കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ പൊളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് അസം മുഖ്യമന്ത്രിക്ക് ഹിമന്ദ് ബിശ്വാസ് ശർമ്മ നിർദേശിച്ചു. ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി രാഹുൽ ന്യായ് യാത്രാ ബസിനു മുകളിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞതെന്നാണ് വിവരം. തുടർന്ന് സംഘർഷമാവുകയായിരുന്നു. അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ നേരത്തേ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
ഗുവാഹത്തിയിൽ ഇന്ന് പ്രവൃത്തി ദിവസമാണെന്നും യാത്രയെ പ്രധാന നഗര റോഡുകളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാദിച്ച സംസ്ഥാന ഭരണകൂടം, ദേശീയ പാതയിലൂടെ പര്യടനം നടത്താൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അസമിലെ സാമൂഹിക പരിഷ്‌കർത്താവും വൈഷ്ണവ സന്ന്യാസിയുമായ ശ്രീമന്ത ശങ്കർദേവയുടെ നൗഗാവിലെ ബട്ടദ്രവ സത്രത്തിൽ ദർശനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞതോടെ യാത്ര 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. അസം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ദർശനം തടഞ്ഞതെന്നു കോൺഗ്രസ് ആരോപിച്ചു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനാൽ 3 മണിവരെ രാഹുൽ സത്രം സന്ദർശിക്കരുതെന്നാണ് സത്രാധികാരി ആവശ്യപ്പെട്ടത്.
ഞായറാഴ്ച, യാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയതും സംഘർഷത്തിനു വഴിവച്ചിരുന്നു. തന്നെ തടയാനെത്തിയ ബിജെപി പ്രവർത്തകർക്കരികിലേക്കു ബസിൽ നിന്നിറങ്ങി രാഹുൽ ചെന്നതു സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത്പുർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം. സംഘർഷത്തിനിടെ അസം പിസിസി പ്രസിഡന്റ് ഭൂപേഷ് കുമാർ ബോറയുടെ മൂക്കിനു പരുക്കേറ്റു.
യാത്രയ്ക്കിടെ ജമുഗുരിഹാട്ടിൽ വച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപിക്കാർ തന്റെ വാഹനത്തിനു നേരെ വെള്ളക്കുപ്പികളെറിഞ്ഞെന്നും യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറിയെന്നും ജയറാം പറഞ്ഞു.
അതേസമയം യാത്ര ബിഹാറിൽ എത്തുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ബംഗാൾ സിപിഎമ്മിനെയും യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് ക്ഷണിച്ചു. ഇതിനിടെ, യാത്ര പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെ യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. വിഷയം ഇടത് മുന്നണിയിൽ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സിപിഎം കോൺഗ്രസിനെ അറിയിച്ചു. എന്നാൽ, തൃണമൂൽ പങ്കെടുക്കുമെങ്കിൽ യാത്രയുടെ ഭാഗമാകില്ലെന്നും സിപിഎം നിലപാട് അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാകാൻ തൃണമൂൽ കോൺഗ്രസിനും ക്ഷണമുണ്ട്.
അതേസമയം ബിഹാറിൽ നീതീഷ് കുമാർ പങ്കെടുക്കമെന്ന് അറിയിച്ചതായി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യാത്ര ബീഹാറിലെ പൂർണിയയിൽ എത്തുമ്പോൾ ബിഹാർ മുഖ്യമന്ത്രിക്കൊപ്പം തേജസ്വി യാദവും പങ്കെടുക്കും. ബംഗാളിൽ നിന്ന് കിഷൻഗഞ്ച് വഴി 29 ന് ആണ് യാത്ര ബീഹാറിൽ കടക്കുക.
മറുനാടന് ഡെസ്ക്