- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു പവൻ നെക്ലേസ് അടിച്ചെടുത്തുവെന്ന് ആരോപണം; തെളിവിന് സിസിടിവിയും; മുഖ്യമന്ത്രിയുടെ വസതിയിലെത്തി കേസെടുക്കരുതെന്ന് അപേക്ഷിച്ചപ്പോൾ മനസലിഞ്ഞ് നിയമവും ചട്ടങ്ങളും മറന്ന് ഡിജിപിയോട് ക്ഷമിച്ചു; ജയിൽ മേധാവി സുധേഷ് കുമാറിന് സുഖമായി വിരമിക്കാൻ അവസരമൊരുങ്ങുമ്പോൾ
തിരുവനന്തപുരം: തലസ്ഥാനത്തെ അതിപ്രശസ്തമായ ജുവലറിയുടമകളെ സ്വർണക്കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 95ശതമാനം ഡിസ്‌കൗണ്ടിൽ മകൾക്കായി ഏഴുപവന്റെ നെക്ലേസ് വാങ്ങിയെടുത്തെന്ന ആരോപണത്തിൽ ജയിൽ മേധാവി ഡി.ജി.പി റാങ്കുള്ള സുധേഷ് കുമാറിനെതിരെ നടപടിയെടുക്കാതെ സുഖമായി വിരമിക്കാൻ അവസരമൊരുക്കി സർക്കാർ. ഈ മുപ്പതിനാണ് സുധേഷ് വിരമിക്കുന്നത്.
സുധേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കാൻ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നെങ്കിലും വിശാലഹൃദയനായ മുഖ്യമന്ത്രി സുധേഷിനോട് ക്ഷമിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വീഴ്ചയാണ് മുഖ്യമന്ത്രിയുടേത്. സംസ്ഥാനത്തെ മൂന്നാമത്തെ മുതിർന്ന ഡി.ജി.പിയാണ് സുധേഷ് കുമാർ. വിജിലൻസ് മേധാവിയായിരിക്കെ, ഡി.ജി.പിയാണെന്ന അധികാരം ദുരുപയോഗിച്ചാണ് തിരുവനന്തപുരം എം.ജി റോഡിലെ ജുവലറിയിൽ നിന്ന് സുധേഷ് ഏഴു പവന്റെ ആൻഡ്വിക് നെക്ലേസ് കൈക്കലാക്കിയത് എന്നായിരുന്നു ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ജൂവലറിയുടമയെ വിളിച്ചുവരുത്തുകയും ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ചേർന്ന് തെളിവുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ക്രിമിനൽ കേസെടുക്കാൻ ശുപാർശ ചെയ്തത്. ഇതറിഞ്ഞ സുധേഷ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഒക്ടോബറിൽ വിരമിക്കുന്നതിനാൽ തനിക്കെതിരെ ഇനി നടപടിയെടുക്കരുതെന്ന് അപേക്ഷിച്ച് കാലിൽ വീണു. ഇതോടെ മനസലിഞ്ഞ മുഖ്യമന്ത്രി നടപടിയെടുക്കുന്നത് വൈകിക്കുകയായിരുന്നു. ക്രിമിനൽ കേസെടുക്കണമെന്ന ഗുരുതര സ്വഭാവത്തിലുള്ള ശുപാർശ സർക്കാർ നടപടിയെടുക്കാതെ ഒതുക്കിയിരിക്കുകയാണ്.
സുധേഷിനെതിരേ സി.സി.ടി.വി ദൃശ്യങ്ങളും ബിൽ ഇൻവോയ്‌സുമടക്കം ശക്തമായ തെളിവുകളാണ് ജൂവലറി അധികൃതർ ഹാജരാക്കിയത്. വിജിലൻസ് ഡയറക്ടറായിരിക്കേ തിരുവനന്തപുരം എം.ജി റോഡിലെ ജൂവലറിയിൽ നിന്നാണ് മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട ഏഴ് പവന്റെ നെക്ലേസ് ഡിജിപി തിരഞ്ഞെടുത്തത്. സാധാരണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ജൂവലറിക്കാർ ഡിസ്‌കൗണ്ട് നൽകുന്ന പതിവുണ്ട്. ആരോ പറഞ്ഞ് ഇക്കാര്യമറിഞ്ഞ ഡി.ജി.പി ഗൺമാനെ ജൂവലറിയിൽ വിട്ട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു.
അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് മാനേജർ അറിയിച്ചപ്പോൾ ഡി.ജി.പി കുപിതനായി. ജൂവലറിയുടമയുടെ മകനെ കാണണമെന്ന് ഗൺമാൻ വഴി ഡിജിപി അറിയിച്ചു. ആൻഡ്വിക് ആഭരണമായതിനാൽ 30ശതമാനം പണിക്കൂലിയുണ്ടെന്നും സ്വർണവില മൂന്ന് ലക്ഷവും പണിക്കൂലി ഒരു ലക്ഷവുമാകുമെന്നും പരമാവധി 10 ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്നും ജൂവലറിയുടമയുടെ മകൻ ഡി.ജി.പിയെ അറിയിച്ചു. ഇതോടെ ഡി.ജി.പി അടങ്ങിയെന്നാണ് ജൂവലറിക്കാർ കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.
രണ്ടുദിവസത്തിനു ശേഷം ഡിജിപി ജൂവലറിയിലെത്തി ഏഴു പവന്റെ നെക്ലേസ് ഫുൾ ഡിസ്‌കൗണ്ടിൽ നൽകണമെന്നാവശ്യപ്പെട്ടു. ഡി.ജി.പിയുടെ സ്വരം കടുത്തതോടെ വിരണ്ട ജൂവലറിയുടമ, സാറിന് അത്ര നിർബന്ധമാണെങ്കിൽ 50ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് അറിയിച്ചു. ഇതോടെ ഡി.ജി.പിയുടെ ഭാവം മാറി. ജൂവലറിയിൽ നിങ്ങൾ കാട്ടിക്കൂട്ടുന്നതെല്ലാം എനിക്ക് അറിയാമെന്നും യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിൽ കുടുക്കി അകത്താക്കുമെന്നും ഡി.ജി.പി ഭീഷണിപ്പെടുത്തി.
ഒന്നും പ്രതികരിക്കാനാവാതെ ജൂവലറി ഉടമയും മകനും ഇരിക്കവേ, അഞ്ച് ശതമാനം പണവും നൽകി ഡി.ജി.പി നെക്ലേസുമെടുത്ത് പോയി. ജൂവലറിയുടമ കാണിച്ച ബുദ്ധിയാണ് ഡി.ജി.പിക്കെതിരായ പ്രധാന തെളിവായി മാറിയത്. ഡിജിപിക്ക് ആകെ വിലയുടെ 95ശതമാനം ഡിസ്‌കൗണ്ടിൽ നെക്ലേസ് നൽകിയതായി അവർ ഇൻവോയ്‌സിൽ രേഖപ്പെടുത്തി. ഡി.ജി.പി ജൂവലറിയിലെത്തുന്നതും ഭീഷണിപ്പെടുത്തിയതും നെക്ലേസുമായി പോയതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും ഡി.ജി.പിക്കെതിരായ ശക്തമായ തെളിവുകളായി മാറി.
ജൂവലറി അധികൃതർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഡി.ജി.പി ഇടപെട്ട് ഒതുക്കിത്തീർത്തു. പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന യോഗേഷ് അഗർവാളിനെക്കൊണ്ട് ആദ്യം അന്വേഷിപ്പിച്ചെങ്കിലും ഇങ്ങനെയാന്നും നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും അവർ പരാതി നൽകിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിശദമായി അന്വേഷിച്ചതും പരാതി സത്യമാണെന്ന് കണ്ടെത്തിയതും.
പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് സുധേഷിനെ മാറ്റി ജയിൽ ഡി.ജി.പിയായി നിയമിച്ചത്. ക്യാമ്പ് ഫോളോവർമാരെ സുധേഷ് വീട്ടിൽ ദാസ്യപ്പണിക്ക് നിയോഗിച്ചതും, ഡ്രൈവറായ പൊലീസുകാരനെ മകൾ മർദ്ദിച്ചതും വിവാദമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്