- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്നങ്ങള്‍ വഷളാക്കിയത് ഒരു ലോറിക്കാരനും കേരള മീഡിയയുമെന്ന് വിശ്വാസികള്‍; കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അരക്കോടിയോളം രൂപ മുടക്കി കുഴിച്ചിട്ട് എന്തുകിട്ടി? ശുചീകരണത്തൊഴിലാളിക്ക് ഒപ്പം മനാഫിനെതിരെ കേസെടുക്കണമെന്ന് കന്നഡ മീഡിയ
കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ത്രിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രഹേളികകള്‍ തുടരുകയാണ്. അരക്കോടിയിലേറെ ചെലവിട്ട് കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട്, വിശ്വാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേകാര്യം ഉന്നയിച്ച് കന്നഡ മീഡിയിലും കാമ്പയിന്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ പ്രശ്നങ്ങള്‍ വഷളാക്കിയത് ലോറിക്കാരന്‍ മനാഫ് ആണെന്നും അയാളുടെ താല്‍പ്പര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് വിശ്വാസികളും കന്നഡ മീഡിയയും ആവശ്യപ്പെടുന്നത്. കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കയാണെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ധര്‍മ്മസ്ഥലക്കുവേണ്ടി കര്‍ണ്ണാടകയിലെമ്പാടും വിശ്വാസക്കൂട്ടായ്മകള്‍ സംഘടിക്കയാണ്.
മനാഫിന് ധര്‍മ്മസ്ഥലയില്‍ എന്തുകാര്യം?
ലോറിയുടമ മനാഫിന്റെ ബന്ധങ്ങള്‍ അന്വേഷിക്കണം സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ സംഘപരിവാര്‍ അനുകൂലികളും ആവശ്യപ്പെടുന്നുണ്ട്. മനാഫിന്റെ ചാരിറ്റി പ്രവര്‍ത്തനം അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മിറ്റിയംഗം എന്ന പേരില്‍ ചാനല്‍ ചര്‍ച്ചയില്‍ സജീവമാണ് മനാഫ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് ഇയാള്‍ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങള്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം ജനം ടിവി ഡിബേറ്റില്‍ പങ്കെടുത്ത് കൊണ്ടുള്ള മനാഫിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ ചോദിച്ചെങ്കിലും ആക്ഷന്‍ കമ്മിറ്റിയംഗമായ മനാഫ് മറുപടിയില്ലാതെ ഒഴിഞ്ഞുമാറി. കാണാതായെന്നും കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്ന അനന്യ ഭട്ടിന്റെ ചിത്രമാണ് തെളിവായി ചോദിച്ചത്. പരാതി നല്‍കിയ അനന്യയുടെ അമ്മ സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് അവകാശപ്പെട്ടു.
കൂടാതെ തനിക്ക് ഇപ്പോള്‍ അത്യാവശ്യം പവറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. അഞ്ച് മാസം മുന്‍പാണ് ജസ്റ്റിസ് ഫോര്‍ സൗജന്യയുടെ ആളുകള്‍ തന്ന സമീപിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെന്നും മനാഫ് പറയുന്നു. ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ ആദ്യം സജീവമായി ഇടപെടുകയും പിന്നീട് അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ് എന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു. ഇപ്പോള്‍ കന്നഡ മാധ്യമങ്ങളും മനാഫിനെതിരെ തിരിഞ്ഞിരിക്കയാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള കടമ നിറവേറ്റുകയാണ് ചെയ്യുന്നതെന്നും തനിക്ക് ഇതിലൊന്നും വ്യക്തിപരമായ യാതൊരു താല്‍പ്പര്യവുമില്ലെന്നാണ് മനാഫ് പറയുന്നത്.
ഭൂപ്രകൃതിയെ പഴിച്ച് സാക്ഷി
മഹേഷ് റെഡ്ഡി എന്ന ധര്‍മ്മസ്ഥലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണെന്നാണ് സാക്ഷിയായ മുന്‍ ശുചീകരത്തൊഴിലാളിക്ക് പിന്നിലെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇയാള്‍ പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ക്ഷേത്ര ധര്‍മ്മാധികാരി മഹേഷ് റെഡ്ഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നില്‍ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ഇവര്‍ തെറ്റിയെന്നതാണ് ധര്‍മ്മസ്ഥലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍ നേത്രാവതി നദി ഗതിമാറി ഒഴുകിയതിനാലും, പ്രദേശത്തിന്റെ ഭൂമിശാസ്ത്രം മാറിയതിനാലുമാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് എന്നാണ് സാക്ഷി പറയുന്നത്. ധര്‍മ്മസ്ഥല കൂട്ടസംസ്‌ക്കാരത്തിലെ സാക്ഷി ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കയാണ്. ഇന്ത്യാ ടുഡേക്ക് ദിവങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ അയാള്‍ പഴയകാര്യങ്ങള്‍ ആവര്‍ത്തിക്കയാണ്.താനടക്കം നാലുപേരാണ് ശവസംസ്‌ക്കാര ടീമിലുണ്ടായിരുന്നത് എന്നു അദ്ദേഹം പറയുന്നു-'' ഇവിടെ ശ്മശാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വനങ്ങളിലും പഴയ റോഡുകളിലും, നദീതീരങ്ങള്‍ക്ക് സമീപം പോലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.ബാഹുബലി കുന്നുകളില്‍ ഒരു സ്ത്രീയെ ഞങ്ങള്‍ അടക്കം ചെയ്തു. നേത്രാവതി കുളിക്കടവില്‍ ഏകദേശം 70 മുതല്‍ 80 വരെ മൃതദേഹങ്ങള്‍ സംസ്‌ക്കരച്ചിട്ടുണ്ട്. നാട്ടുകാര്‍ ചിലപ്പോള്‍ ശവസംസ്‌കാരങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഒരിക്കലും ഇടപെട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പല മൃതദേഹങ്ങളിലും ലൈംഗികാതിക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സാക്ഷി പറയുന്നു. മണ്ണൊലിപ്പ്, വനവളര്‍ച്ച, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം ചില സ്ഥലങ്ങള്‍ ആകെ മാറയിരിക്കാം എന്നാണ് അയാള്‍ പറയുന്നത്. 'നേരത്തെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു പഴയ റോഡ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അന്ന് വനം വിരളമായിരുന്നു; ഇപ്പോള്‍ അത് വളര്‍ന്ന് കഴിഞ്ഞു. മിക്കയിടത്തും പാറക്കൂട്ടങ്ങളായി'- മുന്‍ ശുചീകരണത്തൊഴിലാളി വ്യക്തമാക്കി.
മൃതദേഹങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായോ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായോ ഉള്ള ആരോപണങ്ങളും സാക്ഷി നിഷേധിച്ചു. ''മോഷ്ടിച്ച് ജീവിക്കേണ്ടിവന്നാല്‍, ഞാന്‍ എന്തിനാണ് ക്ഷേത്രത്തില്‍ ജോലി ചെയ്യുകയും സേവിക്കുകയും ചെയ്യേണ്ടത്? ഞാന്‍ ഒരു ഹിന്ദുവാണ്, ഒരു പട്ടികജാതിയില്‍ നിന്നുള്ളയാളാണ്,' അദ്ദേഹം പറഞ്ഞു. എന്നാല്‍ മതംമാറിയെന്നും മുസ്ലീം ആയെന്നുമാണ് സാക്ഷിയെകുറിച്ച് പലരും പ്രരിപ്പിക്കുന്നത്. തന്റെ കൂടെ മറ്റ് നാലുപേര്‍ കൂടി ശുചീകരണ ജോലിക്ക് ഉണ്ടായിരുന്നുവെന്നും അവരെയും വിളിച്ച് ചോദ്യം ചെയ്യണമെന്നും, നുണപരിശോധനയടക്കം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് സാക്ഷി പറയുന്നത്.