- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനാഫിനെയടക്കം കൊണ്ടുവന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെയുള്ളത് 21 കേസുകള്‍; ശുചീകരണ തൊഴിലാളിക്ക് പണം നല്‍കിയത് സഹായികളുടെ അക്കൗണ്ടില്‍ നിന്ന്; ഒരുവര്‍ഷത്തേക്ക് ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; ധര്‍മ്മസ്ഥലയിലെ 'കാരണഭൂതന്‍' നാടുകടത്തപ്പെടുമ്പോള്‍!
ധര്‍മ്മസ്ഥലയിലെ 'കാരണഭൂതന്‍' നാടുകടത്തപ്പെടുമ്പോള്‍!
ബെംഗളൂരു: കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ 'കാരണഭൂതന്‍' എന്ന് പറയാവുന്ന വ്യക്തിയാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, മഹേഷ് ഷെട്ടി തിമരോടി. ധര്‍മ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് ആളുകളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ് നാട്ടുകാരെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം നടത്തിയത് ഇദ്ദേഹമാണ്. ലോറിക്കാരന്‍ മനാഫിനെയടക്കം ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. മകളെ കാണാനില്ല എന്ന് പറഞ്ഞുവന്ന വ്യാജപരാതിക്കാരി സുജാത ഭട്ടിന്റെ സംരക്ഷകനും തിമരോടിയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ഒരു സ്ഥിരം ക്രിമിനല്‍ ആണെന്നും അതിനാല്‍ നാടുകടുത്തുകയാണെന്നുമാണ് പൊലീസ് പറയുന്നത്. മൊത്തം 21 കേസുകളില്‍ പ്രതിയാണ് ഇദ്ദേഹം. നാടുകടത്തലിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തിമരോടി. മംഗളൂരുവിനടുത്തുള്ള ഉജിരെയില്‍ താമസിക്കുന്ന തിമരോടിയെ ഒരു വര്‍ഷത്തേക്ക് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വി താലൂക്കിലേക്ക് മാറ്റണമെന്നാണ് പൊലീസ് ഉത്തരവ്. സെപ്തംബര്‍ 20ന് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചിന്നയ്യക്ക് കൊടുത്തത് മൂന്നുലക്ഷം
ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ അന്വേഷണം എസ്ഐടി ഊര്‍ജിതമാക്കുയാണ്. മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് മഹേഷ് തിമരോടി പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. തിമരോടിയുടെ സഹായികളുടെ അക്കൗണ്ടില്‍ നിന്നാണ് ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ അയച്ചതെന്നാണ് കണ്ടെത്തല്‍. ആറ് മാസം മുന്‍പായിരുന്നു ഇടപാട്. യുപിഐ പെയ്മെന്റുകള്‍ വഴി പണം കൈമാറിയ 11 പേര്‍ക്ക് എസ് ഐ ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറുപേരെ ഇതിനോടകം ചോദ്യം ചെയ്തു. എന്തിന് പണം കൈമാറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എസ്ഐടി. ചിന്നയ്യ ഇപ്പോള്‍ ശിവമോഗയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നേരത്തെ തിമരോടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ തോക്കിന്റെ ലൈസന്‍സ് ഹാജരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ആദ്യ നോട്ടീസ് അവഗണിച്ച സാഹചര്യത്തില്‍, രണ്ടാമതൊരു നോട്ടീസ് കൂടി നല്‍കിയിട്ടുണ്ട്. ആംസ് ആക്ട് പ്രകാരം എടുത്ത കേസില്‍ ലൈസന്‍സ് ഹാജരാക്കിയില്ലെങ്കില്‍ തിമരോടി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇത് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് തിമരോടി. ഇതിനിടെ മഹേഷ് തിമരോടിയുടെ മൊബൈല്‍ ഫോണുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന ഗിരീഷിനെ തുടരെ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ് പ്രത്യേക അന്വേഷണ സംഘം.
ഫേസ്ബുക്ക് പോസ്റ്റില്‍ അറസ്റ്റ്
ആഴ്ചകള്‍ക്ക് മുമ്പ് തിരമരോടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ബിജെപിയുടെ ഉഡുപ്പി റൂറല്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് മഹേഷ് ഷെട്ടി തിമരോടി എന്നാണ് ധര്‍മ്മസ്ഥല അനുകൂലികള്‍ പറയുന്നത്. പല ഭൂമികളും ക്ഷേത്രത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ച മഹേഷ് ഷെട്ടി തിമരോടിയുടെ കള്ളങ്ങള്‍ ക്ഷേത്രാധികാരികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തിമരോടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രാധികാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് ഇയാള്‍ മഞ്ജുനാഥക്ഷേത്രത്തിനും ധര്‍മ്മാധികാരിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രഹെഗ്ഗഡെയ്‌ക്കെതിരെ ഗൂഢാലോചന തുടങ്ങിയെന്നാണ് വിശ്വാസി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
നേത്രാവതി നദിക്കരയിലെ കുഴിച്ചിലും എസ്ഐടി അവസാനിപ്പിച്ചിട്ടില്ല. ബംഗലെഗുഡെ വനത്തില്‍ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലില്‍ 7 തലയോട്ടികള്‍ ലഭിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയില്‍ മഹേഷ് തിമരോടിക്കെതിരായ നടപടിയും എസ്ഐടി കടുപ്പിക്കുകയാണ്.