- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണ വിഷയത്തിൽ അടക്കം സഭാവിരുദ്ധ നിലപാട് സ്വീകരിച്ചു; റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന് സിറോ മലബാർ സഭയുടെ കീഴിലുള്ള അതിരമ്പുഴയിലെ കാരിസ് ഭവൻ ധ്യാന കേന്ദ്രത്തിൽ വിലക്ക്
കോട്ടയം: സഭാ വിരുദ്ധ നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന് ധ്യാന കേന്ദ്രം വിലക്കേർപ്പെടുത്തി. കോട്ടയം അതിരമ്പുഴയിലെ കാരിസ് ഭവൻ ധ്യാനകേന്ദ്രമാണ് കുര്യൻ ജോസഫിനെ ഒഴിവാക്കിയത്. ഒക്ടോബർ 21 മുതൽ 25 വരെയായിരുന്നു അഭിഷക നിറവ് കൺവൻഷൻ.
കാരിസ് ഭവനിലെ കൺവെൻഷനിൽ ധ്യാനഗുരുക്കന്മാരുടെ പട്ടികയിൽ കുര്യൻ ജോസഫ് ഉണ്ടായിരുന്നു. കുര്യൻ ജോസഫിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ധ്യാനത്തിൽ നിന്നും ഒഴിവാക്കിയത്. നേരത്തെ കുർബാന വിഷയത്തിൽ ഉൾപ്പെടെ സഭാവിരുദ്ധ നിലപാട് സ്വീകരിച്ചതാണ് കുര്യൻ ജോസഫിനെതിരായ പ്രതിഷേധത്തിന് കാരണം. മാർത്തോമ നസ്രാണി സംഘം (എംടിഎൻഎസ്) എന്ന സംഘടന ഉൾപ്പെടെയാണ് കുര്യൻ ജോസഫിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലത്തീൻ അതിരൂപതയുടെ കീഴിലുള്ളതാണ് കാരിസ് ഭവൻ ധ്യാന കേന്ദ്രം.
'കുര്യൻ ജോസഫുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ഉണ്ടായെന്ന് ചില വ്യക്തികളും, കമ്മിറ്റിയംഗങ്ങളും പരാതി പറഞ്ഞു. ഇതെ തുടർന്ന് ജസ്റ്റിസിനെ വിവരം അറിയിച്ചു. താൻ വേദിയിൽ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, കുഴപ്പമില്ല, വരുന്നില്ല, അച്ചൻ അതോർത്ത് വിഷമിക്കുകയൊന്നും വേണ്ടെന്നും കമ്മിറ്റിയംഗങ്ങൾ പറയുന്നത് അനുസരിച്ച് തീരുമാനം എടുത്തുകൊള്ളാനും പറഞ്ഞു' കുര്യൻ ജോസഫിന് പകരക്കാരനെ നിയോഗിച്ചതിനെ കുറിച്ച് ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിജിൻ ചക്കിയത്ത്
വചന വേദിയിൽ നൽകിയ വിശദീകരണം ഇങ്ങനെ.
എറണാകുളം അങ്കമാലി അതിരൂപതയിൽ മുഴുവൻ ഏകീകൃത കുർബാനക്രമം നടപ്പിലാകാൻ സിറോ മലബാർ സഭ ശ്രമിക്കുമ്പോൾ അതിന് എതിരായ നിലപാട് സ്വീകരിച്ചു എന്നതാണ് ജസ്റ്റിസ് കുര്യൻ ജോസഫിന് എതിരായ പ്രതിഷേധത്തിന് കാരണം. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം സമവായത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിലപാട്. ഇക്കാര്യം മാർപ്പാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിലിനോട് താൻ നേരിട്ട് പറഞ്ഞുവെന്നും വിഷയത്തിൽ തൽസ്ഥിതി തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുർബാനയുടെ പേരിൽ കത്തോലിക്ക സഭയിൽ ഇപ്പോൾ നടക്കുന്നത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞിരുന്നു.
അതേസമയം, കുർബാന ഏകീകരണ വിഷയത്തിൽ തൽസ്ഥിതി തുടരണമെന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് കുര്യൻ ജോസഫിനെതിരെ സിറോ മലബാർ സഭാ അൽമായ ഫോറം രംഗത്തെത്തിയിരുന്നു. സഭയിലെ കൂട്ടായ്മ തകർക്കാനുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ നിർഭാഗ്യകരമാണെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ മുഴുവൻ ഏകീകൃത കുർബാനക്രമം നടപ്പിലാകാൻ സഭ മുഴുവൻ പ്രാർത്ഥിക്കുമ്പോൾ അതിന് തടസ്സം സൃഷ്ടിക്കുന്ന പ്രസ്താവനകൾ അനുചിതമാണെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന സംഘടനയാണ് മാർത്തോമ്മാ നസ്രാണി സംഘം (എംടിഎൻഎസ്). സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള അത്യാഗ്രഹം മൂടിവെക്കാനുള്ള തന്ത്രമാണ് ആരാധനക്രമ വിവാദമെന്ന് എംടിഎൻഎസ് എറണാകുളം അങ്കമാലി അതിരൂപതാ സമിതി നേരത്തെ ആരോപിച്ചിരുന്നു. കുർബാന ഏകീകരണ വിഷയത്തിൽ തൽസ്ഥിതി തുടരണമെന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് കുര്യൻ ജോസഫിനെ അതിരമ്പുഴ കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ എംടിഎൻഎസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
നേരത്തെ പൊലീസ് സംരക്ഷണയിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന കുർബാന നടത്തുന്നതിനെയും ജസ്റ്റിസ് കുര്യൻ ജോസഫ് വിമർശിച്ചിരുന്നു. സ്വാതന്ത്ര പരമാധികാരമുള്ള സഭയാണ് സിറോ മലബാർ സഭ. ഐക്യ രൂപമല്ല സഭയിൽ ഐക്യമാണ് തങ്ങൾക്ക് വേണ്ടതെന്നായിരുന്നു നിലപാട്. യേശു ആഗ്രഹിക്കുന്നത് സമാധാനവും ഐക്യവുമാണെന്നായിരുന്നു വത്തിക്കാൻ മറുപടി നൽകിയതെന്നും കുര്യൻ ജോസഫ് വിശദീകരിച്ചിരുന്നു.
വ്യക്തിപരമായ ആരോപണതിനും അദ്ദേഹം മറുപടി നൽകിയിരുന്നു. തന്നെ ജഡ്ജിയാക്കാൻ സഭയിൽ നിന്ന് ആരും കത്ത് അയച്ചിട്ടില്ല. കത്തു എഴുതരുതെന്നാണ് താൻ ആവശ്യപ്പെട്ടത്. വിരമിച്ച ശേഷവും ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എല്ലാപാർട്ടിക്കാരും എം പി സീറ്റ് വാഗ്ദാനം ചെയ്ത് സമീപിച്ചിട്ടുണ്ട്. താൻ സ്വീകരിച്ചിട്ടില്ല . മരുമകന് കെപിഎംജി യിൽ ജോലിയില്ല, വിദേശത്തായിരുന്നു ജോലി, നിലവിൽ കൊച്ചിയിൽ സ്വന്തം ബിസിനസ് നടത്തുകയാണെന്നും അദ്ദേഹം കഴിഞ്ഞ വർഷം വിശദീകരിച്ചിരുന്നു.