ലണ്ടൻ: നഷ്ടപ്പെട്ട മുദ്രമോതിരം പുഴയിലെ മീൻ വിഴുങ്ങിയതും പിന്നീട് അത് മുക്കുവന്റെ കൈകളിൽ എത്തിച്ചേരുന്നതുമൊക്കെ പുരാണകഥകൾ ആകാം. എന്നാൽ, സമാനമായ സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ എൻ എച്ച് എസ്സിൽ നടന്നിരിക്കുന്നത്. രോഗിയെ ചികിത്സിക്കുന്നതിനിടയിൽ വിരലിൽ നിന്നൂരി മേൽവസ്ത്രത്തിലെ പോക്കറ്റിലിട്ട മോതിരം ഏടുക്കാൻ മറന്ന വനിത ഡോക്ടർക്ക് അത് തിരികെ ലഭിച്ച കഥ അതീവ കൗതുകമുണർത്തുന്ന ഒന്നാണ്. മാത്രമല്ല, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ ഇന്ത്യൻ വംശജരാണെന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.

ഭർത്താവ് നൽകിയ വജ്രമോതിരമാണ് രാധിക രാമസ്വാമിക്ക് നഷ്ടമായ്ത്. ഇക്കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ ഒരു രോഗിക്ക് സ്പൈനൽ അനസ്തെറ്റിക് നൽകുന്നതിനിടയിൽ വിരലിൽ നിന്നൂരി തന്റെ മേൽവസ്ത്രത്തിന്റെ പോക്കറ്റിൽ ഇട്ടതായിരുന്നു മോതിരം. പിന്നീട് അത് എടുക്കാൻ മറക്കുകയും ചെയ്തു. വെസ്റ്റ് സഫോക്ക് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ കൺസൾട്ടിങ് അനസ്തിസ്റ്റ് ആയ രാധിക രാമസ്വാമി പിന്നീട് ആ വസ്ത്രം, തന്റെ ഷിഫ്റ്റിന് ശേഷം അലക്കുവാൻ നൽകുകയും ചെയ്തു.

മോതിരം അതിന്റെ പോക്കറ്റിൽ ഉള്ളകാര്യം രാധിക ഓർത്തതേയില്ല. ഇത്തരം മേൽവസ്ത്രങ്ങൾ അലക്കു കഴിഞ്ഞ് ചിലപ്പോൾ മറ്റു പല ആശുപത്രികളിലേക്കും ആവുക പോകുന്നത്. ഇവിടെ രാധികയുടെ മോതിരമുള്ള മേൽവസ്ത്രം അലക്കു കഴിഞ്ഞ് പോയത് നൂറോളം മൈൽ ദൂരത്തേക്കാണ്. മോതിരം വെച്ചു മറന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷം ഈ മേൽവസ്ത്രം എത്തുന്നത് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലെ അനസ്തെറ്റിക് റെജിസ്ട്രാർ ആയ സൂരജ് ഷായുടെ കൈവശമാണ്.

സുരാജ് ഷാ മേൽക്കോട്ടിന്റെ പോക്കറ്റിലുള്ള വജ്രമോതിരം കണ്ടെത്തുകയായിരുന്നു. ജോലിക്ക് കയറുന്നതിന് മുൻപായി താൻ മേൽവസ്ത്രം ധരിച്ചപ്പോൾ എന്തോ തറയിൽ വീണത് ശ്രദ്ധിക്കുകയായിരുന്നു. ഒരു സഹപ്രവർത്തകൻ ആയിരുന്നു മോതിരം കണ്ടതും സുരാജിനെ വിവരമറിയിച്ചതും. ഏതെങ്കിലും നഴ്സിന്റെ മോതിരമായിരിക്കും നഷ്ടപ്പെട്ടതെന്നായിരുന്നു സുരജ് ആദ്യം വിചാരിച്ചത്. തുടർന്ന് അന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് വഴി മോതിരം കണ്ടെത്തിയ കാര്യം എല്ലാവരെയും അറിയിച്ചു.

മറുപടി ലഭിക്കാതായപ്പോൾ ഡോക്ടർമാരെയും താൻ വിവരമറിയിച്ചു എന്ന് സുരാജ് പറയുന്നു. ഏറെ വൈകാരിക അടുപ്പമുള്ള മോതിരം തന്റെ ഭാര്യയ്ക്കാണ് നഷ്ടപ്പെട്ടതെങ്കിൽ അവർ എത്രമാത്രം വിഷമിക്കുമായിരുന്നു എന്ന് താൻ ചിന്തിച്ചതായി സുരാജ് പറയുന്നു.ഡോക്ടർമാരും നഴ്സുമാരും ചികിത്സക്കിടയിൽ മോതിരം ഊരി മാറ്റുന്നത് പതിവാണ്. ചിലപ്പോൾ ഇതുപോലുള്ള മറവികളും സംഭവിക്കാം. തുടർന്നായിരുന്നു ആശുപത്രി അധികൃതർ മുഖാന്തിരം ലോൺഡ്രി ടീമുമായി ബന്ധപ്പെട്ട് മോതിരം നഷ്ടപ്പെട്ടതായി ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ എന്ന് അന്വേഷിച്ചത്.

അപ്പോഴാണ് സഫോക്കിലെ ഒരു കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ് ഇത്തർത്തിൽ ഒരു പരാതി നൽകിയതായി അറിഞ്ഞത്. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നായിരുന്നു വിചാരിച്ചത് എന്നാണ് ഇപ്പോൾ രാധിക രാമസ്വാമി പറയുന്നത്. വാഷിങ് മെഷിനിൽ കുടുങ്ങി ചതഞ്ഞരുഞ്ഞു പോയിരിക്കും എന്നാണ് കരുതിയത്. എന്നാൽ, അത് കേടുപാടുകൾ കൂടാതെ തിരിച്ചു കിട്ടി. സത്യസന്ധത ലോകത്തിന് ഇനിയും നഷ്ടമായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നതെന്നും അവർ പറയുന്നു.