പത്തനംതിട്ട: 6 വയസ്സുള്ളപ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ തുറന്നു പറഞ്ഞത് കേട്ട് ഞെട്ടി സാസ്‌കാരിക കേരളം. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കലക്ടർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവച്ചത്. എന്നാൽ ഈ പ്രതികളെ കണ്ടെത്താൻ ഇനി കഴിയില്ലെന്നാണ് വസ്തുത. ആ രണ്ട് മുഖങ്ങളെ കണ്ടെത്തിയാലും നടപടികളിലേക്ക് കടക്കാൻ നൂലാമാലകൾ ഏറെയുണ്ട്. തൽകാലം ഈ വിഷയം പൊലീസിൽ കളക്ടർ പരാതിയായി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ മീ ടൂ ഗണത്തിലെ വെളിപ്പെടുത്തലായി ഇതു തുടരും.

''രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്‌നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്'' ദിവ്യ എസ്. അയ്യർ പറഞ്ഞു.

കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അദ്ധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കലക്ടർ പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ 'ഗുഡ് ടച്ചും' 'ബാഡ് ടച്ചും' തിരിച്ചറിയാൻ അവരെ പഠിപ്പിക്കണം. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. ബോധവൽക്കരണത്തിന് വേണ്ടിയാണ് പത്തനംതിട്ട കളക്ടർ തന്റെ അനുഭവം പറയുന്നത്. ബാല പീഡനത്തിന്റെ ക്രൂരതയാണ് വരച്ചു കാട്ടുന്നത്. കാലം മാറുമ്പോൾ പോക്‌സോ കേസെത്തി. കൂടുതൽ അധമന്മാർ ശിക്ഷിക്കപ്പെടുന്നു. എന്നാൽ ഇതൊന്നും ഈ കാലത്തിന്റെ മാത്രം ക്രൂരതയല്ലെന്നാണ് കളക്ടർ വരച്ചു കാട്ടുന്നത്.

ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്ക് അവബോധം നൽകുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടർ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകൾ മാറണം. പെൺകുട്ടികൾക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. പ്രതിസന്ധികൾ തരണംചെയ്യാൻ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണെന്നും കളക്ടർ വ്യക്തമാക്കി.

സമീപ കാലത്ത് വിവാദങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് പത്തനംതിട്ട കളക്ടർ. ശരണം വിളിയിലും കുട്ടിയുമായി വേദിയിലെത്തിയ സംഭവത്തിലുമെല്ലാം പലവിധ ചർച്ചകളുണ്ടായി. എന്നാൽ തന്റെ അനുഭവം കഴിഞ്ഞ ദിവസം തുറന്നു പറയുമ്പോൾ അത് സമൂഹം ഞെട്ടലോടെ ഏറ്റെടുക്കുകയാണ്. പൊതു സമൂഹത്തിന് മുന്നിൽ എടുക്കേണ്ട കരുതൽ തന്റെ അനുഭവത്തിലൂടെ വിശദീകരിച്ച കളക്ടർക്ക് പിന്തുണയും കൂടുന്നു. ഇത്തരെ തുറന്നു പറച്ചിലിനൊപ്പം അധികാര കേന്ദ്രങ്ങളുടെ ജാഗ്രതയും കുട്ടി പീഡകരെ അഴിക്കുള്ളിലാക്കാൻ അനിവാര്യതയാണ്.

പത്തനംതിട്ടയിലെ ശിൽപ്പശാലയിൽ ഡിസ്ട്രിക്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി എസ്. ശ്രീരാജ്, അഡ്വ. ആർ. കിരൺരാജ് എന്നിവർ പരിശീലനം നയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ നിത ദാസ്, മാധ്യമ പ്രവർത്തക എസ്. ഗീതാഞ്ജലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, പ്രൊട്ടക്ഷൻ ഓഫീസർ ബിനി മറിയം ജേക്കബ്, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.