കോഴഞ്ചേരി: ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരേ വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതിഷേധം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിതിഷ് ഐസക് സാമുവേലിനെയാണ് ഡ്യൂട്ടി സമയത്ത് കൈയേറ്റം ചെയ്യാന്‍ ഇതേ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നത്.

ആറന്മുള പോലീസ് എഫ്.ഐ.ആര്‍ ഇട്ടുവെന്നതല്ലാതെ തുടര്‍ നടപടി സ്വീകരിച്ചില്ല. ഈ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. സൗത്ത് സോണ്‍ പ്രസിഡണ്ട് ഡോ: സാബു സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ജീവന്‍ കെ.നായര്‍, ട്രഷറര്‍ പ്രശാന്ത്, ഡോ: ആശിഷ് മോഹന്‍കുമാര്‍, ഡോ: ജ്യോതിന്ദ്രന്‍, ഡോ. സ്വപ്ന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഓ.പി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭരാവാഹികള്‍ പറഞ്ഞു.

ജില്ലാ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എതിരെ പൊതുജനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ചു നാളുകളായി മുപ്പതോളം പരാതികളാണ് സൂപ്രണ്ടിന് ലഭിച്ചത്. പലപ്പോഴായി വിശദീകരണം ചോദിച്ചിരുന്നെങ്കിലും അതിനൊന്നും തന്നെ സൈക്കോളജിസ്റ്റ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് നല്‍കിയ മെമ്മോകള്‍ ഒന്നും കൈപ്പറ്റിയതുമില്ല. ഈ സാഹചര്യത്തിലാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ മനോനില പരിശോധിക്കണം എന്നാവശ്യപ്പെട്ട് വകുപ്പ് മേധാവിയ്ക്ക് സൂപ്രണ്ട് പരാതി നല്‍കിയത്. ഇതറിഞ്ഞ അവര്‍ ബന്ധുക്കളെയും കൂട്ടി ആശുപത്രിയിലെത്തി സൂപ്രണ്ടിനെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ് 14 ന് സൂപ്രണ്ട് ആറന്മുള പോലീസിന് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ എടുത്തെങ്കിലും തുടര്‍ നടപടി ഒന്നും തന്നെ ഉണ്ടായില്ല.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവു നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഗുരുതരമായ കൃത്യവിലോപവും പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത ജീവനക്കാരിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചു സൂപ്രണ്ടാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ജീവന് തന്നെ ഭീഷണിയിലും ആയിരിക്കുന്നത് എന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടേഴ്സ് ദിനത്തില്‍ തന്നെ പ്രതിഷേധിക്കേണ്ടി വന്നതും അതു കൊണ്ടാണെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.