ന്യൂഡൽഹി: തീവ്രവാദികളെ നേരിടാൻ ഇനിയും ഇന്ത്യ നിയന്ത്രണ രേഖ കടക്കും. ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ തുടരുന്ന ഭീകരവാദ പ്രവർത്തനത്തിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം. ഇതിനായി 'ഓപ്പറേഷൻ സർവശക്തി' ആരംഭിച്ച് ഇന്ത്യൻ സൈന്യം. പിർ പഞ്ചൽ പർവതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശ പ്രകാരമാണ് ഈ ഓപ്പറേഷൻ. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസും നിരീക്ഷിക്കും.

ശ്രീനഗർ ആസ്ഥാനമായുള്ള ചിന്നാർ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്സും ഒരേസമയം നടത്തുന്ന ദൗത്യത്തിൽ ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരും ഭാഗമാകും. നുഴഞ്ഞു കയറ്റം പരമാവധി തടയും. ഇനിയും ആക്രമണം ഉണ്ടായാൽ 'സർജിക്കൽ സ്‌ട്രൈക്ക്' തന്നെയുണ്ടാകും. വ്യോമസേനയെ ഉപയോഗിക്കാതെ കരസേനയെ ഉപയോഗിച്ചുള്ള തന്ത്രങ്ങളാണ് സേന തയ്യാറാക്കുന്നത്. ഇതിന് വേണ്ടി കൂടിയാണ് 'ഓപ്പറേഷൻ സർവശക്തി'.

തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ൽ തുടങ്ങിയ ഓപ്പറേഷൻ സർപ്പവിനാശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഓപ്പറേഷൻ സർവശക്തി ആരംഭിക്കുന്നത്. രജൗരി- പൂഞ്ച് മേഖല ഉൾപ്പെടെയുള്ള പിർ പഞ്ചലിന്റെ തെക്കൻ മേഖലകളിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായി പാക്കിസ്ഥാനിലെ ഭീകരവാദ സംഘടനകൾ ശ്രമിക്കുന്നുണ്ട്. ആക്രമണങ്ങളിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഡിസംബർ 21-ന് ദേരാ കി ഗലി മേഖലയിലുണ്ടായ ആക്രമണത്തിലും നാലു സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയ ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. നിബിഡ വനപ്രദേശത്ത് പ്രത്യേക പരിശീലനം നൽകിയ നായ്ക്കളെ ഉപയോഗിച്ചും ഡ്രോണുകൾ വഴിയും നിരീക്ഷണം തുടരുകയാണെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥൻ പറഞ്ഞു. ആ തീവ്രവാദികൾ നുഴഞ്ഞു കയറി എത്തിയവരാണെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറം വലിയ തോതിൽ തീവ്രവാദ ക്യാമ്പുകൾ സജീവമാണെന്ന് വിലയിരുത്തൽ എത്തുന്നത്. ഈ ക്യാമ്പുകളെ തകർക്കാനാണ് ഇന്ത്യ പദ്ധതികൾ തയ്യാറാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം പൂഞ്ച് സെക്ടറിലെ കൃഷ്ണഘാട്ടിക്ക് സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുനേരെയാണ് വെടിവെപ്പുണ്ടായത്. തൊട്ടടുത്ത മലയിൽ നിന്നുൾപ്പെടെ വെടിയുതിർത്തശേഷം ഭീകരർ രക്ഷപ്പെട്ടു. സർജിക്കൽ സ്‌ട്രൈക്കിന് ശേഷം അതിർത്തി കടന്നുള്ള തീവ്രവാദം കുറഞ്ഞിരുന്നു. അത് വീണ്ടും ശക്തമാകുകയാണ്. കാശ്മീരിൽ സമാധാനം ഉണ്ടാകരുതെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെയാണ് മുളയിലേ നുള്ളാൻ ഇന്ത്യൻ സൈന്യം തീരുമാനം എടുക്കുന്നത്.

ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ വർധിച്ചുവരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ദൃഢമായ ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സർവശക്തി ആരംഭിച്ചത്. ഈ ഓപ്പറേഷൻ കേന്ദ്രഭരണ പ്രദേശത്തെ പിർ പഞ്ചൽ പർവതനിരകളുടെ ഇരുവശത്തുമുള്ള ഭീകരരെ തന്ത്രപരമായി നേരിടുകയാണ് ലക്ഷ്യം. പിർ പഞ്ചലിന്റെ തെക്കൻ മേഖലയിൽ, പ്രത്യേകിച്ച് രജൗരി-പൂഞ്ച് സെക്ടറിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ പ്രോക്സി തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്.