തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിട്ട് എ-ഗ്രേഡും എ-പ്ലസും നൽകി വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന പ്രവണതയിൽ തുറന്നടിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ പ്രസംഗം വിവാദമായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷാപേപ്പർ തയ്യാറാക്കാനുള്ള അദ്ധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഡയറക്ടറുടെ തുറന്നുപറച്ചിൽ. ഇത്തവണ 69,000 പേർക്കാണ് എ പ്ലസെന്നും അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾപോലും അതിലുണ്ടെന്നു തനിക്കറിയാമെന്നുമായിരുന്നു പ്രസംഗം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഡയറക്ടറുടെ വിശദീകരണം തേടിയിരുന്നു.

വാരിക്കോരി എ പ്ലസ് എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ വിശദീകരണം. സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞത്. ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സർക്കാർ നയത്തെയോ മൂല്യ നിർണ്ണയ രീതിയേയോ തരം താഴ്‌ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി തള്ളിയിരുന്നു. മൂല്യ നിർണ്ണയത്തിൽ അടക്കം നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിജയശതമാനം പെരുപ്പിച്ച് കാട്ടാൻ അനാവശ്യമായി കുട്ടികൾക്ക് മാർക്ക് നൽകുന്നത് കേരളത്തിന് അപമാനമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയാകെ രാഷ്ട്രീയവൽക്കരിച്ച സർക്കാരാണ് ഗുണനിലവാരത്തകർച്ചയ്ക്ക് കാരണക്കാരെന്നും കുറ്റപ്പെടുത്തലുണ്ടായി. പൊതുവിദ്യാസ ഡയറക്ടറെ തള്ളി എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു

മാർക്ക് വാരിക്കോരി കൊടുക്കുന്നത് കുട്ടികളോടുള്ള ചതിയാണെന്നാണ് എസ്. ഷാനവാസ് പറഞ്ഞത്. അക്ഷരം കൂട്ടി വായിക്കാനറിയാത്തവർക്കുപോലും എല്ലാ വിഷയത്തിനും എ പ്ലസ് നൽകുന്നത് ശരിയോണോ എന്ന ചോദ്യവും ഡിപിഐ അദ്ധ്യാപകരോട് ഉന്നയിച്ചിരുന്നു. 50 ശതമാനം മാർക്ക് വരെ ഔദാര്യമായി നൽകാം.

പഠിച്ച് സ്വയം നേടിയെടുക്കേണ്ടതാണ് മാർക്ക് എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞിരുന്നു. 2022-2023 അധ്യയന വർഷം എസ്.എസ്.എൽ.സിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണ് രേഖപ്പെടുത്തിയത്. 99.70 ശതമാനം വിദ്യാർത്ഥികൾ ജയിച്ചു. 68,604 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നിരന്തരമൂല്യനിർണയം മാർക്ക് ദാനത്തിനുള്ള വഴിയായാണ് മിക്ക സ്‌കൂളുകളും കാണുന്നത്. ഗ്രേസ് മർക്ക് കൂടിയാകുമ്പോൾ പിന്നെയും മാർക്ക് ഉയരും. കൂടാതെ പൊതുപരീക്ഷയുടെ മൂല്യനിർണയവും കൂടി ഉദാരമാക്കിയതോടെയാണ് കഴിഞ്ഞ ഏതാനും വർഷമായി 98 99 ശതമാനം വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ ജയിക്കുന്ന സ്ഥിതി ഉണ്ടായത്