- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ വിരുന്നിൽ സൗകര്യപൂർവം നാവടങ്ങി പോയെങ്കിൽ നമ്മൾ വിട്ടുവീഴ്ച്ച ചെയ്യുകയാണ്
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത്. ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർ മണിപ്പുർ വിഷയത്തിൽ ലഭിച്ച നല്ല ഒരു അവസരം പാഴാക്കിതായി ഡോ. ഏബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.
മണിപ്പുർ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം. മണിപ്പുരിൽ ഒരു വംശം മുഴുവൻ വംശഹത്യ ചെയ്യപ്പെടുമ്പോൾ നാം സൗകര്യപൂർവം നാവടക്കി പോയെങ്കിൽ ഇന്നു നാം വിട്ടുവീഴ്ച ചെയ്യുകയാണ്. അതിൽനിന്നു സഭ വിട്ടു നിൽക്കണം. വിരുന്ന് മനോഹരമായിരുന്നു, എന്നാൽ ഞങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രസംഗമധ്യേ പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസിന്റെ വിമർശനം.
നേരത്തെ മന്ത്രി സജി ചെറിയാനും ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാൻ, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നാണ് വ്യക്തമാക്കിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാൻ രംഗത്തെത്തിയത്.
വർത്തമാന കാല ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ക്രൈസ്തവർക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതിൽ 287 എണ്ണം ഉത്തർപ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാർഘണ്ടിലും 47 എണ്ണം ഹരിയാനയിലുമാണ്.
ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല. 2014 ൽ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തിൽ ബിജെപി ഭരിച്ച കഴിഞ്ഞ 9 വർഷം ഈ കണക്കുകൾ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യൻ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണെന്നും സജി ചെറിയാൻ പറഞ്ഞു.
മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. സംഘർഷം ഒഴിവാക്കാൻ നടപടി ഉണ്ടായില്ലെന്നും മന്ത്രി വിമർശിച്ചു. കഴിഞ്ഞ വർഷത്തിൽ ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. മുഖ്യമായും ഹിന്ദു വിഭാഗത്തിൽപെട്ട മെയ്ത്തികളും ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കുക്കികളും തമ്മിലുള്ള സംഘർഷം തടയുന്നതിൽ മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ പൂർണ്ണമായും പരാജയപ്പെട്ടു.
കുക്കികൾക്കെതിരെ മെയ്-ത്തി സായുധ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. 200 ലധികം പേരാണ് കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേർ ഭവനരഹിതർ ആക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. മോദി മണിപ്പൂർ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തില്ലെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.