കൊൽക്കത്ത: 'ജൻരാജ്ഭവൻ' എന്ന ആശയസാക്ഷാത്കാരത്തിന് വഴിത്താരയൊരുക്കി ബംഗാൾ രാജ്ഭവൻ സമീപകാലത്ത് ആദ്യമായി ക്രിസ്മസ് ആഘോഷത്തിനു വേദിയായി. ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് മുൻകൈയെടുത്തുകൊൽക്കത്ത രാജ്ഭവനിൽ ഒരുക്കിയ ഊഷ്മളമായ ആഘോഷവിരുന്നിൽ ബംഗാളിലും കേരളത്തിലും നിന്നുള്ള നിരവധി പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാർത്ഥികളും പങ്കെടുത്തു. ബംഗാൾ - കേരള സൗഹൃദപഥത്തിൽ അത് മറ്റൊരു നാഴികക്കല്ലായി.

ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ, ബിഷപ്പ് റവ. റവ. സുബ്രത, ഫാ. ജോജോ തുറയിൽ, ഫാ.റോബി, നടൻ കൈലാഷ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു . ബിഷപ്പുമാരും മദർ തെരേസ ഹോമിലെ സഹോദരിമാരും സന്നദ്ധസേവകരും സന്നിഹിതരായിരുന്നു. ബംഗാളിലെ വിവിധ സ്‌കൂളുകളിൽ നിന്നും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത ആഘോഷം വർണശബളമാക്കി സാന്താക്ലോസുകൾ രാജ്ഭവൻ അങ്കണത്തിൽ ആർത്തുല്ലസിച്ചു. ആശംസകളും സമ്മാനങ്ങളും കൈമാറി അവർ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷം പങ്കുവെച്ചു.

ബെത്ലഹേം, കാൽവരി തുടങ്ങി യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ഹൃദ്യാനുഭവങ്ങൾ പങ്കുവെച്ചുള്ള ഗവർണർ ആനന്ദബോസിന്റെ വികാരനിർഭരമായ പ്രസംഗവും അദ്ദേഹം രചിച്ച ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം കുട്ടികൾ കാഴ്ചവെച്ച ആനന്ദനൃത്തവും ആഘോഷവേദിയിൽ വിസ്മയം തീർത്തു.

വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കരോൾ നൃത്തവും ഗാനങ്ങളും വിഭവസമൃദ്ധമായ ചായസൽക്കാരവും സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റേകി. കഴിഞ്ഞ വർഷം ഗവർണർ ആനന്ദബോസ് തന്റെ ക്രിസ്മസ് ആഘോഷിച്ചത് ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ആയിരുന്നു. ക്രിസ്മസ്ആഘോഷങ്ങൾക്ക് ആശംസയർപ്പിക്കാൻ പ്രധാനമന്ത്രി കഴിഞ്ഞവർഷം അവിടം സന്ദർശിച്ചിരുന്നു.