മലപ്പുറം: പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് സാന്നിധ്യം വേണ്ടെന്ന സർക്കാർ ഉത്തരവിനെ ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായപ്പോഴാണ് ഡോ പ്രതിഭയുടെ നിയമപോരാട്ടവും പലരും എടുത്തിട്ടത്. പൊലീസ് വീഴ്ച മറച്ചുപിടിക്കാനായിരുന്നു മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിയും സർക്കാർ ഉത്തരവും പലരും കൂട്ടിക്കുഴച്ചത്. ഈ വിഷയത്തിൽ ഡോ.പ്രതിഭ തന്നെ വിശദീകരണം നൽകുന്നു.

കസ്റ്റഡി പ്രതികളുടെ വൈദ്യപരിശോധനയും ചികിത്സയും കൃത്യതയോടെ ചെയ്യുവാൻ മാർഗ്ഗരേഖയായ മെഡിക്കോലീഗൽ പ്രോട്ടോകോളിലെ യാതൊരു നിർദ്ദേശങ്ങളും കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സക്ക് ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. മെഡിക്കോലീഗൽ പ്രോട്ടോക്കോൾ പുറത്തിറക്കുവാൻ വേണ്ടി ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി വിജയം കൈവരിച്ചയാളാണ് ഡോ. കെ. പ്രതിഭ.

കസ്റ്റഡി പീഡനം സംബന്ധിച്ച് പ്രതിക്ക് തുറന്നു പറയാനുള്ള സ്വകാര്യത മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. മറ്റു കേസുകളിലെ പരിശോധനയിൽ ബാധകമല്ല. പരിശോധന സമയത്ത് പൊലീസ് വേണ്ടെന്നല്ല ഉത്തരവെന്നും അൽപ്പം അകലെ പൊലീസ് ഉണ്ടാകണമെന്നാണ് ഉത്തരവെന്നും ഡോ പ്രതിഭ പറഞ്ഞു. പ്രശ്‌നക്കാരായ പ്രതികളെ കൊണ്ടുവരും മുൻപ് പൊലീസ് അറിയിക്കുകയും അധിക പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാറുണ്ടെന്നും താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ പ്രതിഭ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ദാരുണ സംഭവത്തിന്റെ കാരണക്കാരനായ വ്യക്തിയെ കസ്റ്റഡി പ്രതിയായിട്ടല്ല, മറിച്ച് സാധാരണ രോഗിക്ക് നല്കുന്ന ചികിത്സ നല്കുവാനാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. അതുകൊണ്ട് മെഡിക്കോലീഗൽ പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ അവിടെ ബാധകമാകുന്നില്ല. സാധാരണ രോഗി്ക്ക് നല്കുന്ന പരിചരണം നല്കിയ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുകയും വനിതാ ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ വീഴ്ചകൾ മറയ്ക്കുവാൻ ചിലർ ബോധപൂർവ്വം മെഡിക്കോലീഗൽ പ്രോട്ടോക്കോളിൽ പിഴവുകൾ ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണ്.

കസ്റ്റഡി പീഡനങ്ങൾ കൃത്യമായി കണ്ടെത്തണമെന്നും, കൃത്യമായ റിപ്പോർട്ട് കോടതിക്ക് കൈമാറണമെന്നുള്ള നിർദ്ദേശം അടക്കം മെഡിക്കോലീഗൽ കോഡിലൂടെ പുറത്ത് വരാതിരിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ മറയാക്കി ചില കുപ്രചാരണങ്ങൾ നടത്തുന്നത്. കസ്റ്റഡിയിൽ വച്ച് പ്രതികൾക്ക് മർദ്ദനമുണ്ടായാൽ വൈദ്യപരിശോധനയിലൂടെ ആയത് കൃത്യമായി കണ്ടെത്തണമെന്നത് സുപ്രീം കോടതി നിർദ്ദേശമാണ്. പൊലീസ് കസ്റ്റഡിയിലോ, ജുഡീഷ്യൽ കസ്റ്റഡിയിലോ പ്രതിക്ക് ആവശ്യമായ വൈദ്യ സഹായവും മരുന്നുകളും നല്കണമെന്നത് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശവുമാണ്. കസ്റ്റഡിയിലാകുന്ന പ്രതിയുടെ ആരോഗ്യനില സർക്കാരും, കോടതിയും നിരീക്ഷിക്കുന്നത് ഡോക്ടർമാരിലൂടെയാണ്.

കസ്റ്റഡി പീഡന സംഭവങ്ങളിൽ മർദ്ദനമേറ്റ വിവരം ഡോക്ടറോട് പറയുവാൻ പ്രതിക്ക് സ്വകാര്യത ഉറപ്പുവരുത്തണമെന്നുള്ളതും, പ്രതി രക്ഷപ്പെടാൻ കഴിയാത്തവിധം അകലം പാലിച്ച് പൊലീസ് നിന്ന് വൈദ്യപരിശോധനാ മാനദണ്ഡങ്ങൾ പൂർത്തിയാക്കണമെന്നുള്ള
മെഡിക്കോലീഗൽ കോഡിലെ നിർദ്ദേശങ്ങൾ നിയമപരമാണ്. സുപ്രീം കോടതിയുടേയും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് ജുഡീഷ്യൽ കമ്മിഷന്റേയും നിർദ്ദേശങ്ങൾ അനുസരിച്ചും സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മെഡിക്കോലീഗൽ പ്രോട്ടോകോൾ കസ്റ്റഡി പീഡനങ്ങളും, മർദ്ദനങ്ങളും തടയുവാൻ മുൻനിർത്തിയിട്ടുള്ളതാണ്.

സുപ്രീം കോടതിയും സർക്കാരും നിർദ്ദേശിച്ചിട്ടുള്ള കൃത്യമായ വൈദ്യപരിശോധന മാനദണ്ഡങ്ങളേയും പുതുതായി സർക്കാർ ഇറക്കിയ മെഡിക്കോലീഗൽ പ്രോട്ടോക്കോളിനേയും അട്ടിമറിക്കുവാൻ ശ്രമങ്ങൾ ഉണ്ടായാൽ നിയമപരമായി ചെറുക്കുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. മജിസ്ട്രേറ്റിന്റെ മുന്നിൽ  പ്രതിക്ക്  പറയുവാൻ കഴിയുന്നതുപോലെ വൈദ്യപരിശോധന നടത്തുന്ന ഡോക്ടർമാരോടും കാര്യങ്ങൾ തുറന്ന് പറയുവാൻ സാഹചര്യം ഉണ്ടായതിനെ വിമർശിക്കുന്നത് നിയമവിരുദ്ധമാണ്.

കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുവാനും കസ്റ്റഡി മരണങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും കടമയാണ്. പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന് പുതിയ പ്രോട്ടോക്കോൾ പറയുന്നില്ല. പ്രതിയുടെ സ്വകാര്യത ഉറപ്പാക്കാൻ പ്രതി രക്ഷപ്പെടുവാൻ കഴിയാത്ത വിധം അകലം പാലിക്കണമെന്നാണ് പ്രോട്ടോക്കോൾ പറയുന്നത്. അതല്ലാതെ പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്ത് നില്ക്കരുതെന്ന് മെഡിക്കോലീഗൽ പ്രോട്ടോക്കോളുകൾ പറയുന്നില്ല.

വൈദ്യപരിശോധനയിൽ പൊലീസിന്റെ സാന്നിദ്ധ്യം വേണ്ടായെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. പ്രതികളുടെ ശരീരത്തിലെ പരിക്കുകളും കസ്റ്റഡി മർദ്ദനവും രേഖപ്പെടുത്തരുതെന്ന പൊലീസ് സമ്മർദ്ദം ഉണ്ടാകരുതെന്നാണ് ചീഫ് സെക്രട്ടറിയെ സമീപിച്ച് കത്ത് നൽകിയതും, തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു.

സി.ആർ.പി.സി 54 വകുപ്പ് പ്രകാരമുള്ളതും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചുള്ളതുമായ വൈദ്യപരിശോധന കൃത്യമായ സമയങ്ങളിൽ നടത്തണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയത് ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് കമ്മിഷന്റെ റിപ്പോർട്ടിൽ ഡോ. കെ. പ്രതിഭ വൈദ്യപരിശോധനാ മാനദണ്ഡങ്ങൾക്കായി പോരാടിയതിനെ കമ്മിഷൻ എടുത്ത് പറഞ്ഞിരുന്നു.

ജസ്റ്റിസ് നാരായണക്കുറിപ്പ് കമ്മിഷൻ റിപ്പോർട്ടിലെ വൈദ്യപരിശോധന ശുപാർശ നടപ്പിലാക്കുവാൻ ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി അനുകൂല വിധി ഡോ. കെ. പ്രതിഭ സമ്പാദിച്ചിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ കഴിഞ്ഞ വർഷം പുതിയ മെഡിക്കോലീഗൽ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചത്.നിലവിൽ മലപ്പുറം താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ഡോ. കെ. പ്രതിഭ.