- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാരവനിൽ വെച്ച് അവർ പറഞ്ഞത് സാഗറിനെയും മാരാരെയും ടാർഗറ്റ് ചെയ്യാൻ; സൈലന്റ് ആയി കളിച്ച് പ്രവോക്ക് ചെയ്യാൻ പറഞ്ഞു; പക്ഷേ അവിടെ നടക്കുന്ന അനീതികൾ ചോദ്യം ചെയ്തതോടെ ഞാൻ പുറത്ത്; ലൈവ് പോലും എഡിറ്റഡാണ്; ഇത് ആടിനെ പട്ടിയാക്കുന്ന ഷോ'; ബിഗ് ബോസിനെ എക്സ്പോസ് ചെയ്ത് ഡോ റോബിൻ രാധാകൃഷ്ണൻ
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലവിഷൻ ഷോയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ്. അതിൽ എറ്റവും ഫാൻ ബേസുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ റോബിൻ രാധകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിൽ, മറ്റൊരു മത്സരാർഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ, ഷോയിൽ നിന്ന് പുറത്തായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ നൂറകണക്കിന് ആളുകളാണ് റോബിന് സ്വീകരണവുമായി എത്തിയത്.സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊട്ടിക്കരഞ്ഞാണ് റോബിന് സ്വീകരണം നൽകിയത്. അതിനുശേഷം പോകുന്ന എല്ലായിടത്തും റോബിൻ വലിയ ആൾക്കൂട്ടത്തെ ആകർഷിച്ചു. അലറുന്ന സിംഹമെന്നും, ബിഗ്ബോസ് എംപയർ എന്നുമൊക്കെയാണ് ആരാധകർ റോബിനെ വിശേഷപ്പിക്കാറുള്ളത്. ഇപ്പോൾ അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതിന്റെയും വാർത്തകൾ പുറത്തുവന്നിരിക്കയാണ്.
അതിനിടെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് സീസൺ 5വിൽ ഡോ റോബിൻ ഗസ്റ്റായി എത്തിയത്. മോശം റേറ്റിങ്ങിൽ പോവുകയായിരുന്നു, ബിഗ്ബോസ് 5 നെ ഉയർത്താനാണ്, മൂൻ മത്സരാർഥികളായ ഡോ റോബിനെയും, ഡോ രജത്കുമാറിനെയും ഗസ്റ്റായി ബിഗ്ബോസ് സീസൺ ഫൈവിൽ എതാനും ദിവങ്ങളിലേക്ക് കൊണ്ടുവന്നത്. പക്ഷേ ആ നാലുദിവസം പോലും ബിഗ്ബോസിൽ നിൽക്കാതെ ഡോ റോബിൻ വീണ്ടും പുറത്തായി. അഖിൽ മാരാർ, ജൂനൈസ് എന്ന മത്സരാർഥിയെ മുട്ടിയത്, ശാരീരിക ആക്രമണമാണെന്നും അതിനാൽ മാരാരെ പുറത്താക്കാതെ ഇനി ഗെയിം കളിക്കാൻ സമ്മതിക്കില്ല എന്ന റോബിന്റെ നിലപാട് ആണ് വിവാദമായത്. ഇതേ തുടർന്നാണ് റോബിനെ ബിഗ്ബോസ് പുറത്താക്കിയത്.
പക്ഷേ പുറത്തായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റോബിന്, ബിഗ്ബോസിനെതിരെ എട്ടിന്റെ പണിയാണ്, കൊടുത്തത്. ആ ഷോ ആടിനെ പട്ടിയാക്കുന്ന ഷോ ആണെന്നാണ് റോബിൻ ആഞ്ഞടിച്ചത്്.
മൊത്തത്തിൽ ഉഡായിപ്പ് ഷോ
തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ യൂട്യൂബഴ്സിനോട് റോബിൻ ബിഗ്ബോസിലെ കള്ളക്കളികൾ ഒന്നൊന്നായി തുറന്നിടിച്ചു. റോബിന്റെ വാക്കുകൾ ഇങ്ങനെയാണ്. 'ഞാൻ കുറച്ച് കാര്യങ്ങൾ പറയാം. ബിബി 5ലേക്ക് പോയിട്ട് തിരിച്ചുവന്നിരിക്കയാണ്. അതിന്റെ കുറച്ച് കാര്യങ്ങളാണ് പറയാനുള്ളത്. ഒരു രണ്ടാഴ്ച മുമ്പ്, ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്ന് എന്നെ വിളിച്ചിരുന്നു. ബിഗ്ബോസ് സീസൺ 5ന്റെ റേറ്റിങ്ങ് കുറവാണ്. ടി ആർ പി കുറവാണ്. ആരും കാണുന്നില്ല. നിങ്ങൾ ഒന്ന് വരണം. ഗസ്റ്റ് ആയിട്ട് വരാൻ പറ്റുമോ എന്നാണ് ചോദിച്ചത്. ഞാൻ പറഞ്ഞു പറ്റില്ല. പത്തുദിവസം മുമ്പ് വീണ്ടും വിളിച്ചു. ഗസ്റ്റ് ആയിട്ട് ഒന്ന് വരണം, ഒരു രണ്ടുമൂന്ന് ദിവസത്തേക്കേ, ഉള്ളൂ എന്ന് പറഞ്ഞു. ഞാൻ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അവർ വീണ്ടും വിളിച്ചു. ഗതികെട്ട് വരാമെന്ന് പറഞ്ഞു. അങ്ങനെയാണ്, അവിടെ ചെന്നത്.
ചെന്നപ്പോൾ ഗസ്റ്റ് എന്ന് മാത്രമാണ് എന്റെ അടുത്ത് പറഞ്ഞത്. ബിഗ് ബോസ് സീസൺ ഫൈവിന്റെ ഹൗസിന്റെ അകത്ത് കയറുന്ന സമയത്ത്, കാരവനിൽവെച്ച് ഇവർ പറഞ്ഞു, അവിടെ ഒരോ കണ്ടസ്റ്റൻസിനും ഓരോ ക്യാരക്ടർവെച്ച് കൊടുത്തിരിക്കയാണെന്ന്. അതേ പോലെ എന്റെ അടുത്തും പറഞ്ഞു. ഭയങ്കര സൈലന്റ് ആയിട്ട് അധികം ആക്റ്റീവല്ലാത്ത, ഒരു ഗസ്റ്റ് ആയിരിക്കണമെന്ന്. സൈലന്റായി ഒരോരുത്തരെയും പ്രോവോക്ക് ചെയ്യണം. അതിനോടൊപ്പം സാഗറിനെയും അഖിൽ മാരാരെയും, ടാർഗെറ്റ് ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞു.
അതിനുശേഷം ഞാൻ അകത്തേക്ക് കയറി. അവർ പറഞ്ഞ പ്രകാരം ഞാൻ എന്റെതായിട്ടുള്ള രീതിയിൽ, ഗെയിം ചെയ്തുകൊണ്ടിരിക്കയായിരുന്നു. അവിടെ പല കാര്യങ്ങളും കാണുമ്പോൾ, ശരിയല്ല എന്ന് തോന്നിയപ്പോൾ ഞാൻ ബിഗ്ബോസിന്റെ അടുത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊന്നും നിങ്ങൾ കാണണം എന്നില്ല. 24 X7 എന്ന് പറയുന്ന ലൈവ് പോലും എഡിറ്റഡായുള്ള കാര്യങ്ങൾ ആണ്. നിങ്ങൾ ഈ പുറമെ കാണുന്നതല്ല അകത്ത് നടക്കുന്നത്. 24X 7 പോലും എഡിറ്റിഡാണ്. എപ്പിസോഡ് എന്ന് പറയുന്നത് അതിനേക്കാൾ എഡിറ്റഡാണ്. എന്നുവച്ചാൽ ആടിനെ പട്ടിയാക്കുകയും, പട്ടിയെ ആട് ആക്കുകയും ചെയ്യുന്ന പരിപാടിയാണ് ഒരു ഷോയാണിത്. മൊത്തത്തിൽ പറഞ്ഞാൽ ഒരു ഉഡായിപ്പ് ആണ്. ഇത് കാണുന്ന ജനങ്ങൾ ഇത് മനസ്സിലാക്കിയാൽ നന്നായിരിക്കും. ''- ഡോ റോബിൻ വ്യക്തമാക്കി.
'അഡിക്റ്റാവരുത് പ്ലീസ്'
'നിങ്ങളുടെ ഇമോഷൻസിനെ വെച്ചിട്ടാണ് ഇവർ കളിക്കുന്നത്. ഇത് ഞാൻ വെറുതെ പറയുന്നതല്ല. നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഇതിൽചെന്ന് വീഴാതിരിക്കുക. ഞാൻ സീസൺ ഫോറിന്റെ അകത്ത് പോയ ഒരു കണ്ടെസ്റ്റന്റ് ആണ്. ഞാൻ ഇറങ്ങി. അവസാനനിമഷം നടന്ന പല കാര്യങ്ങളും നിങ്ങൾ കണ്ട് കാണത്തില്ല. ഇവിടെ നടക്കുന്ന അനീതിക്കെതിരെ ഞാൻ നിന്നു. ബിഗ്ബോസിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോൾ എന്നെ പുറത്താക്കുകയാണ് ഉണ്ടായത്. പക്ഷേ മൊത്തം കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല. അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് പുറത്തുവരിക. എന്നെ നെഗറ്റീവ് ആക്കണമെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. ഈ ഒരുഷോ വെച്ച് അതിലുള്ള ആളുകളെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. കാണുന്നവർക്ക് കാണം. അതുവെച്ച് നിങ്ങൾ സോഷ്യൽ മീഡിയയിൽ അങ്ങോട്ടും ഇങ്ങോട്ടും, അടികൂടുന്നത് വെറുതെയാണ്. അത്രയേ എനിക്ക് പറയാനുള്ളു.
ആദ്യ സീസണിൽ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് റോബിൻ ഇങ്ങനെ പറയുന്നു.' അന്ന് ബിഗ്ബോസ് എന്ന ഷോയെക്കുറിച്ച് ഒന്നും അറിയാതെ പോയ ആളാണ് ഞാൻ. . അന്ന് എനിക്ക് കോൺട്രാക്റ്റ് ഉണ്ടായിരുന്നു. ഇന്ന് എനിക്ക് ഒരു കോൺട്രാക്റ്റുമില്ല. അതുകൊണ്ട് എനിക്ക് പറയണം എന്ന് തോനുന്നു കാര്യങ്ങൾ എല്ലാം ഞാൻ പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിങ്ങൾ കാണുന്നവർ, കൂടുതൽ ഇമോഷണലി അഡിക്റ്റഡ് ആവരുത്. അവർ നമ്മുടെ ഇമോഷൻസിനെ വെച്ച് കളിക്കും. അതുകൊണ്ട് വെൽ പ്ലെയിഡ് ബിഗ്ബോസ്, നിങ്ങൾ കാണിക്കുന്ന അനീതി, ചൂണ്ടിക്കാണിച്ച് ഞാൻ ശബ്ദമുയർത്തിയപ്പോൾ നിങ്ങൾ എന്നെ വീണ്ടും പുറത്താക്കി. വെൽ പ്ലെയിഡ് ബിഗ്ബോസ്''- റോബിൻ കൈകൾ ഉയർത്തി കൂപ്പിക്കൊണ്ട് പറഞ്ഞു.
'എനിക്ക് ഇപ്പോൾ ബിഗ്ബോസിനെ എക്പോസ് ചെയ്യാൻ പറ്റി. അവിടെ നടക്കുന്ന പലകാര്യങ്ങളും എന്താണ് പുറത്ത് കാണിക്കാത്തത്. എന്തിനാണ് ഈ ആടിനെ പട്ടിയാക്കുന്നതും പട്ടിയെ ആടാക്കുന്നതും. ''- റോബിൻ ചൂണ്ടിക്കാട്ടി.
വീണ്ടും പുറത്തായത് ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോ റോബിൻ രാധാകൃഷ്ണനും, ഡോ രജത്കുമാറും എത്തിയത്. ബിഗ്ബോസ് ഷോകളിലെ ഏറ്റവും ജനപ്രിയരായ രണ്ടു മത്സരാർഥികൾ ആയിരുന്നു അവർ. ഇവർ ഗസ്റ്റായി വരുമ്പോൾ ബിഗ്ബോസ് ഹൗസിൽ പുതിയ വീക്കിലി ടാസ്ക് ആയ ബിബി ഹോട്ടൽ ടാസ്ക്ക് നടക്കുകയായിരുന്നു. അതിഥികളായി എത്തിയ ഇവരെ ഹൗസിലുള്ളവർ പരമാവധി പ്രീതിപ്പെടുത്തി, ടിപ്പ് നേടിയെടുക്കണം. അങ്ങനെ ഏറ്റവും കൂടുതൽ ടിപ്പ് നേടുന്ന വ്യക്തിയാണ് ഈ ടാസ്്ക്കിലെ വിജയി.
ആദ്യത്തെ രണ്ടുദിവസം തീർത്തും സൈലന്റായി ഒരു മോട്ടിവേഷൻ സ്പീക്കറെപ്പോലൊയാണ് റോബിൻ പെരുമാറിയത്. പക്ഷേ അവസാനം എല്ലാം കൈവിട്ടു. ഹോട്ടൽ ടാസ്കിൽ' ഓരോ മത്സരാത്ഥിയും തങ്ങൾക്ക് ലഭിച്ച പോയിന്റുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. ഇതിനിടെ അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതാണ് റോബിനു വിനയായത്.
ഈ വിഷയത്തിൽ ഇടപ്പെട്ട് മാരാരിനെതിരെ പരാതി നൽകാൻ ജുനൈസിനോടു ആവശ്യപ്പെട്ടത് റോബിനാണ്. 'ശാരീരിക ഉപദ്രവം എന്നു പറഞ്ഞു പരാതി കൊടുത്ത് അഖിലിനെ പുറത്താക്കാൻ ബിഗ്ബോസിനോട് പറയൂ, അല്ലെങ്കിൽ നീ ഇറങ്ങി പോകുമെന്നു പറ. അഖിൽ അങ്ങനെ തള്ളിയത് ശരിയല്ല'' എന്നും റോബിൻ ജുനൈസിന്റെ ചെവിയിൽ പറഞ്ഞു.
അഖിലിനും ജുനൈസിനുമിടയിൽ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാൻ അനുവദിച്ച ബിഗ് ബോസ് അഖിലിന് അവസാന മുന്നറിയിപ്പ് നൽകി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥനായ റോബിൻ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. 'ഞാൻ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കിൽ മാരാരെയും കൊണ്ടേ പോകൂ.'' എന്നൊക്കെയായിരുന്നു റോബിന്റെ വെല്ലുവിളി.
റോബിന്റെ വെല്ലുവിളി അതിരു കടന്നതോടെ ബിഗ്ബോസ് റോബിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. റോബിന്റെ പ്രശ്നം എന്തെന്നു തിരക്കി. 'ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല, എന്റെ കൺമുന്നിൽ നടന്ന ഒരു സംഭവം പറയണമെന്ന് തോന്നി. സോറി'', എന്നായിരുന്നു റോബിന്റെ മറുപടി. 'ഒരു സോറി പറഞ്ഞാൽ റോബിൻ ഇതുവരെ ഇതിനകത്തു പറഞ്ഞതെല്ലാം തീരുമോ? നിങ്ങൾ ഇത്രനേരം ചെയ്തതിന്റെ ഉദ്ദേശമെന്താണ്?''; എന്ന് ബിഗ് ബോസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ''എനിക്ക് സംസാരിക്കണമെന്നില്ല,'' എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചത്.
'ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോൾ തന്നെ നിങ്ങളെ ഈ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്'' എന്ന മുന്നറിയിപ്പോടെ കൺഫെഷൻ റൂമിൽ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു. വീടിനകത്തെ മത്സരാർത്ഥികളും റോബിനോടുള്ള വിമർശനം പ്രകടിപ്പിക്കുകയുണ്ടായി. വീടിനകത്തെ മറ്റു മത്സരാർത്ഥികൾക്കും റോബിന്റെ പെരുമാറ്റം അതിരു കടന്നുവെന്നതാണ് അഭിപ്രായം.
ബിഗ് ബോസ് മലയാളം പതിപ്പിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് തവണ പുറത്താക്കപ്പെട്ട വ്യക്തി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും റോബിന് ട്രോളുകൾ നിറയുകയാണ്. പക്ഷേ ബിഗ്ബോസിലെ കള്ളത്തരങ്ങൾ വെളിപ്പെടുത്തി റോബിൻ തിരിച്ചിടിച്ചതോടെ, ട്രോൾ ഏഷ്യാനെറ്റിനും ബിഗ്ബോസിനും നേരെയായി. നേരത്തെ ബിഗ്ബോസ് സീസൺ ഫോറിൽനിന്ന് പുറത്തായ, സംവിധായകൻ ഒമർ ലുലുവും പുറത്ത് നടക്കുന്ന പല കാര്യങ്ങളും ബിഗ്ബോസ് തന്നെ കണ്ടസ്റ്റൻസിനെ അറിയിക്കുന്നുവെന്ന്, വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമേ വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർ, സ്വിമിങ്ങ് പൂളിൽ വെച്ചും പുറത്ത് നടക്കുന്നതിനെ കുറിച്ച് സൂചന കൊടുക്കും. സ്വിമ്മിങ്ങ് പൂളിൽ ഇറങ്ങുമ്പോൾ മൈക്ക് ഉപയോഗിക്കാറില്ല. അതിനാൽ പറയുന്നത് ആരും കേൾക്കില്ല എന്നാണ് ഒമർ ലുലു പറയുന്നത്.
എന്തായാലും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, നൂറു ദിവസം ഒരു വീട്ടിൽ കഴിയുക എന്ന് ബിഗ്ബോസ് പറയുന്ന വാദങ്ങൾ ശരിയല്ല എന്ന് വ്യക്തമാവുകയാണ്. ഷോയുടെ മേക്കഴ്സിന്റെ ആവശ്യാർത്ഥമുള്ള എഡിറ്റഡ് ഷോ തന്നെയാണ് ബിഗ്ബോസ്് എന്നുമാണ് വ്യക്തമാവുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ