കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി ഉയരുമ്പോൾ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നൽകിയത്.

സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അസി.രജിസ്റ്റ്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

സംഭവം വിജിലൻസ് രജിസ്റ്റ്രാർ അന്വേഷിക്കും. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിപ്പബ്ലിക് ദിന ചടങ്ങിനിടെ ഹൈക്കോടതിയിലെ ജീവനക്കാർ ഹൈക്കോടതിക്കകത്തെ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സ്‌കിറ്റിനെതിരെയാണ് പരാതി. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും കളിയാക്കിയായിരുന്നു സ്‌കിറ്റ്. പ്രധാനമന്ത്രിയുടെ അനുയായികളെ 'ചാണകം' എന്ന് വിളിച്ച് കളിയാക്കിയെന്നാണ് ആക്ഷേപം. 'ഔഷധമൂല്യമുണ്ടെന്ന് ഞാൻ പറഞ്ഞാൽ, എന്റെ അനുയായികൾ ചാണകം പോലും കഴിക്കും, അതാണ് എന്റെ ശക്തി', പ്രധാനമന്ത്രി മോദിയെപ്പോലെ വെളുത്ത താടിയുള്ള ഒരു രാഷ്ട്രീയ നേതാവ് സ്‌കിറ്റിൽ പറയുന്നു. ഹൈക്കോടതിയിലെ ജീവനക്കാരെ കൂടാതെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ജീവനക്കാരും അഭിഭാഷക ക്ലാർക്കുമാരും സ്‌കിറ്റിന്റെ ഭാഗമായിരുന്നു.

കേന്ദ്ര സർക്കാരിന്റെ 'ജൽ ജീവൻ മിഷനെ' പരിഹസിക്കുന്ന സ്‌കിറ്റ് പകരം 'ജൽ ധാരാ മിഷൻ' എന്ന് വിളിക്കുന്നു. സ്‌കിറ്റ് അനുസരിച്ച്, കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരത് മിഷനെക്കുറിച്ചുള്ള മറഞ്ഞിരിക്കുന്ന പരാമർശത്തിൽ ടോയ്ലറ്റുകൾ നിർമ്മിക്കാൻ സർക്കാരിന്റെ വാറന്റി മാത്രമേ ഉള്ളൂ. 'രാഷ്ട്രം ഇതുവരെ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് പോലും സ്‌കിറ്റ് സൂചിപ്പിക്കുന്നു. 'ആസാദി കാ അമൃത് മഹോത്സവ'ത്തെ സൂക്ഷ്മമായി പരിഹസിക്കുന്നുവെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എജെ ദേശായിക്ക് ലീഗൽ സെൽ നൽകിയ പരാതിയിൽ പറയുന്നു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ' എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒൻപതുമിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.