ഇടുക്കി: പതിറ്റാണ്ടുകളായുള്ള ഇടമലക്കുടിക്കാരുടെ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്.കൊടും വനത്തിലുള്ള കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേയ്ക്ക് എത്താൻ കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നു. ഇതോടെ പഞ്ചായത്ത് നിവാസികൾ അനുഭവിച്ചുവരുന്ന യാത്രeക്ലേശത്തിന് ശാശ്വത പരിഹാരമാകും. പുറംലോകവുമായി ബന്ധപ്പെടുന്നതിന് സുഗമമായ യാത്രമാർഗ്ഗം ഇല്ലാതെ പഞ്ചായത്ത് നിവാസികൾ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്.

മൂന്നാർ- സൈലന്റ്്വാലി പാതയിൽ, ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല വഴിയാണ് ഇടമലക്കുടിയിലേയ്ക്കുള്ള പാത കടന്നുപോകുന്നത്. ഇവിടെ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള പ്രദേശം അവസാനിക്കുന്ന ഭാഗം വരെയുള്ള 9 കിലോമീറ്ററോളം ദൂരം ടാർ റോഡുണ്ട്. ഇത് ഒട്ടുമുക്കാലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പെട്ടിമുടി വരെ ഏറെക്കുറെ റോഡുണ്ടെന്ന് പറയാം. ഇവിടെ നിന്നും പഞ്ചായത്തിലേയ്ക്ക് എത്തണമെങ്കിൽ 12.5 കിലോമീറ്റർ പിന്നിടണം.നിലവിൽ ഈ ഭാഗത്ത് മണ്ണ് വഴിമാത്രമാണുള്ളത്.

ഇവിടെ നിന്നും കുത്തനെയുള്ള കയറ്റവും ഇറക്കവും പിന്നിട്ടുവേണം പഞ്ചായത്ത് പരിധിയിലെത്താൻ. റോഡിന്റെ ശോചനീയാവസ്ഥ മൂലം ജീപ്പുകൾ മാത്രമാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്. യാത്രക്കൂലി ഇനത്തിൽ പഞ്ചായത്ത് നിവാസികൾക്ക് വൻ സാമ്പത്തിക നഷ്ടവും നേരിട്ടിരുന്നു. മൂന്നാറിൽ നിന്നും രാജമലയിൽ നിന്നും പഞ്ചായത്ത് പരിധിയിലേയ്ക്ക് ടാക്സി ജീപ്പുകൾ സർവ്വീസ് നടത്തുന്നുണ്ട്.കുറഞ്ഞത് 1500 രൂപയെങ്കിലും നൽകിയാലെ ജീപ്പുകാർ ട്രിപ്പെടുക്കാൻ തയ്യാറാവു എന്നതാണ് സ്ഥിതി.

ഇടലിപ്പാറക്കുടിയിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. എ രാജ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാവുംഅഡ്വ. ഡീൻ കുര്യക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. എം എൽ എ മാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടർ ഷീബാ ജോർജ്, ദേവികുളം സബ്കലക്ടർ രാഹുൽ കൃഷ്ണശർമ്മ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരത്തിലാണ് വനത്തിലൂടെ റോഡ് നിർമ്മിക്കുന്നത്. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുക. പെട്ടിമുടി മുതൽ ഇടലിപ്പാറ വരെ 7.5 കിലോമീറ്റർ, തുടർന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമ്മാണം. ഇടമലക്കുടിയിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.

4.37 കോടി ചെലവിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്. ബി എസ് എൻ എല്ലിനാണ് നിർമ്മാണ ചുമതല. റോഡും നെറ്റ് കണക്റ്റിവിറ്റിയും പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായും ഇടമലക്കുടിയിലേക്ക് മാറ്റാൻ കഴിയും. നിലവിൽ കുടിയിൽ നിന്ന് 38 കിലോമീറ്റർ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.

2008 ൽ സ്പീക്കറായിരിക്കെ കെ.രാധാകൃഷ്ണൻ ഇടമലക്കുടി സന്ദർശിച്ചിരുന്നു.തുടർ ചർച്ചകളുടെ ഫലമായാണ് മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 ൽ പഞ്ചായത്താക്കി മാറ്റിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടിയിൽ നടന്നിരുന്നു.

ഇടമലക്കുടി നിവാസികൾക്കുള്ള സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനമാണ് റോഡും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്.ആകെ ജനസംഖ്യ 2255.