തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് കൊണ്ട് മോട്ടോർ വാഹനവകുപ്പ് പുതിയ സർക്കുലർ ഇറക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ടെസ്റ്റിൽ എച്ച് എടുക്കുന്നത് ഒഴിവാക്കി.

മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം വണ്ടി. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട പാർട്ട് വൺ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ നടത്തണം. ഡ്രൈവിങ് ടെസ്റ്റ് സ്‌കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേശ്‌കുമാർ ചുമതലയേറ്റ ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്.