- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് നിയമ വിദ്യാർത്ഥിനി അപകടത്തിൽ പെട്ടത് സ്‌കൂട്ടറിൽ ട്രിപ്പിൾ പോകുന്നതിനിടെ; പരീക്ഷ കാരണം നേരത്തെ ക്ലാസ് വിട്ടതോടെ കൂട്ടുകാരികൾക്കൊപ്പം പുറത്ത് കറങ്ങാൻ ഇറങ്ങി; ഡിവൈഎഫ്ഐ നേതാവ് കൂടിയായ അനുഷയുടെ മരണം വിശ്വസിക്കാനാകാതെ സഹപാഠികളും നാട്ടുകാരും
മലപ്പുറം: മലപ്പുറത്ത് നിയമ ബിരുദ വിദ്യാർത്ഥിനി അപകടത്തിൽ പെട്ട് മരിച്ചത് സ്‌കൂട്ടറിൽ ട്രിപ്പിൾ പോകുന്നതിനിടെ. മലപ്പുറം എംസിടി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടിയായ തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശി തറമേൽ വീട്ടിൽ അനുഷ(23)യാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളേജിനടുത്തുള്ള റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.
തന്റെ സഹപാഠികളായ മറ്റു രണ്ടുപെൺകുട്ടികൾക്കൊപ്പം കഴിഞ്ഞ 14ന് കോളജിൽ നിന്നും ട്രിപ്പിൾ പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽ പെട്ടത്. അനുഷ തന്നെയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്നാണു വിവരം. പുറകിലിരുന്ന മറ്റു രണ്ടുപേർക്കും പരുക്കേറ്റിരുന്നെങ്കിലും മലപ്പുറം എം.ബി.എച്ച്.ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം പറഞ്ഞയക്കുകയായിരുന്നു.
സംഭവത്തിൽ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പെൺകുട്ടി മരണപ്പെട്ടതോടെ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കിംസ് അൽശിഷ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനുഷ മരണപ്പെട്ടത്. ആശുപത്രിയിലുള്ള അനുഷയുടെ ബന്ധുക്കളോടു മലപ്പുറം പൊലീസ് മൊഴി നൽകാനായി സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു നിയമ നടപടികളിലേക്ക് കടക്കും.
മരണപ്പെട്ട അനുഷ കോളജ്് ഹോസ്റ്റലിലായിരുന്നില്ല താമസം. പുറത്തു സുഹൃത്തുക്കളോടൊപ്പം മറ്റൊരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. സംഭവ ദിവസം കോളജിൽ പരീക്ഷ കാരണം ക്ലാസ് നേരത്തെ കഴിഞ്ഞതിനാൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോഴാണു അപകടം സംഭവിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും ഗ്രന്ഥശാലാസംഘം പ്രവർത്തകയുമായിരുന്നു.
അതേ സമയം, തിരൂർക്കാട് ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, എം.ഇ.എസ് മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ച സഹപാഠിക്കെതിരെ മങ്കട പൊലീസ് കേസെടുത്തു. അപകടത്തിൽ ആലപ്പുഴ പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് അറപ്പക്കൽ പൂന്ത്രശേരിൽ നിക്‌സൺ നിർമ്മല ദമ്പതികളുടെ മകൾ അൽഫോൻസയാണ് മരണപ്പെട്ടത്.
ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാർജ് ചെയ്തു. എന്നാൽ അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടർന്നു കേസന്വേഷിക്കുന്ന മങ്കട സിഐ ഷിജോ സി. തങ്കച്ചൻ അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്