കണ്ണൂർ: രക്ഷാപ്രവർത്തകരെ സ്വീകരിക്കുന്നതിൽ തെറ്റെന്താണ്. അതും പാർട്ടി ശത്രിക്കളായ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാർ രക്ഷിച്ചാൽ..! മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയിൽ ജയിലിൽ നിന്നിറങ്ങിയ കണ്ണൂരിലെ ഡിവൈഎഫ്‌ഐക്കാർക്ക് സ്വീകരണം ഒരുക്കിയതിനെ കുറിച്ചു ഇങ്ങനെ പറയാം. അതാണ് കണ്ണൂരിൽ ഇന്ന് സംഭവിച്ചതും.

കല്യാശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്‌ഐ 'രക്ഷാപ്രവപ്രവർത്തകർ'ക്ക് സ്വീകരണമേർപ്പെടുത്തി സിപിഎം. റിമാൻഡ് കാലാവധി പൂർത്തിയാക്കി ജ്യാമ്യത്തിലിറങ്ങിയ പി.ജിതിൻ, കെ.റമീസ്, ജി.കെ.അനുവിന്ദ്, അമൽബാബു എന്നിവർക്കാണ് സിപിഎം മാടായി ഏരിയാ കമ്മിറ്റി കണ്ണൂർ പഴയങ്ങാടിയിൽ സ്വീകരണം സംഘടിപ്പിച്ചത്.

ചുവന്ന രക്തഹാരങ്ങളും അഭിവാദ്യങ്ങളുമായാണ് പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. കല്യാശേരി മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുത്ത ശേഷം തളിപ്പറമ്പിലേക്ക് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമമഴിച്ചു വിടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ പലർക്കും സാരമായി പരുക്കേറ്റു.

യൂത്ത് കോൺഗ്രസുകാരെ വാഹനം തട്ടി അപകടം വരാതിരിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ 'രക്ഷിക്കുകയായിരുന്നു' എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതാണ് ഏറെ വിവാദമായത്. സംഭവത്തിൽ നാല് ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് ചുമത്തുകയും ചെയ്തു. ഇവരാണ് 21 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷം വെള്ളിയാഴ്ച ജാമ്യം നേടി പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാന്റെ രക്ഷാപ്രവർത്തനം വിവാദമായിരിക്കവേയാണ് കണ്ണൂരിലെ രക്ഷാപ്രവർത്തകർക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതിനിടെ നവകേരള സദസ്സിലെ 'രക്ഷാ പ്രവർത്തനം' വീടിനുള്ളിലേക്കു എത്തിയതും വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും സംഘത്തേയും കരിങ്കൊടി കാട്ടിയാൽ നേതാക്കളുടെ വീട്ടിലെത്തിയും ആക്രമിക്കുമെന്ന സന്ദേശം നൽകി നവകേരള യാത്രയുടെ ആലപ്പുഴ മോഡൽ. പുനപ്ര സമര നായകരുടെ നാട്ടിൽ കരിങ്കൊടി കാട്ടാനെത്തിയവരെ തല്ലിയൊതുക്കി. ഇതിനൊപ്പമാണ് കൈതവനയിൽ കരിങ്കൊടി പ്രതിഷേധം നടന്നതിനു സമീപമുള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് അക്രമികൾ അടിച്ചുതകർത്തു. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ഭാര്യയെ കട്ടിലിൽനിന്നു വലിച്ചു താഴെയിട്ടതായും പരാതിയുണ്ട്.

കരിങ്കൊടി പ്രതിഷേധത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആണ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരള ബസിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമം തടയൽ. ഇത് വീടുകളിലേക്കും എത്തുമെന്ന സന്ദേശമാണ് കൈതവനയിലേത്. ആലപ്പുഴയിൽ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ തെറിച്ചുവീഴുന്ന പൊലീസുകാരനും നൊമ്പര കാഴ്ചയായി. ഇതിന് ശേഷമായിരുന്നു വീട് കയറിയുള്ള രക്ഷാപ്രവർത്തനം.

ആലപ്പുഴയിലെ സദസ്സിനു ശേഷം അമ്പലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് നാലിന് നവകേരള ബസ് ജനറൽ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് ആദ്യത്തെ അക്രമം. കെഎസ്‌യുയൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിനു സമീപമെത്തി യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്നു മുദ്രാവാക്യം മുഴക്കി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ, ബസിനു പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്നു മുഖ്യമന്ത്രിയുടെ ഗൺമാനും 3 സുരക്ഷാ ഉദ്യോഗസ്ഥരും ലാത്തിയുമായി ചാടിയിറങ്ങി യുവാക്കളെ തലങ്ങും വിലങ്ങും അടിച്ചു.

ഗൺമാന്റെ അടിയേറ്റ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിന്റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ നവകേരള സദസ്സിനിടെ പത്ര ഫൊട്ടോഗ്രഫറെ ആക്രമിച്ചതും ഇതേ ഉദ്യോഗസ്ഥനാണെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ സംഘത്തിലെ സൂപ്പർമാനായി ഈ ഗൺമാൻ മാറുകയാണ്.

പ്രതിഷേധം ഒഴിവാക്കാൻ കോൺഗ്രസ് പ്രവർത്തകരെ കരുതൽ അറസ്റ്റ് ചെയ്ത പൊലീസ് ഹരിപ്പാട്ട് മുഖ്യമന്ത്രി വരുന്ന വഴിയിൽ കറുത്ത മുണ്ടുടത്തു നിന്ന പഞ്ചായത്ത് അംഗത്തെ കസ്റ്റഡിയിലെടുത്തതും ചർച്ചകളിലുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് സംഭവങ്ങളും. കുട്ടനാട്ടിലേക്കുള്ള നവകേരള യാത്രയ്ക്കിടെ കൈതവന ജംക്ഷനിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനൊപ്പം ചേർന്നാണു മർദിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണു കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബിന്റെ വീടിനു നേർക്ക് ആക്രമണമുണ്ടായത്.