- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ടിൽ കാണിക്കുന്നത് ലാഭം; തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങി കൊടുത്ത ബസിൽ നിരക്ക് കൂട്ടാൻ പോലും ഏകപക്ഷീയമായി ഗതാഗത മന്ത്രിക്ക് കഴിയില്ല; ഇ ബസിൽ മുഖ്യമന്ത്രി ഇടപെടും; ഗണേശിന് പിൻവാങ്ങേണ്ടി വന്നേക്കും; തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരും

തിരുവനനന്തപുരം: തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരും. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിനോട് അടുത്ത മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതോടെ, ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രിയുടെ വാദം മൊത്തത്തിൽ പൊളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. കെ എസ് ആർ ടി സിയിലെ ഉദ്യോഗസ്ഥ പ്രമുഖരിൽ നിന്നും സിപിഎം നേതൃത്വവും കണക്കുകൾ ശേഖരിച്ചിട്ടുണ്ട്.
ഇലക്ട്രിക് ബസിന്റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആർ ടി സിയുടെ കണക്ക്. ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സർവീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നത്.
ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ ഒരു കിലോമിറ്റർ ഓടുമ്പോൾ ഇലക്ട്രിക് ബസിൽ നിന്നും 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നു. അതേസമയം ഇലക്ട്രിക് ബസ്സുകളുടെ ലാഭ നഷ്‌ക്കണക്കുകൾ രേഖപ്പെടുത്തിയ വിശദമായ റിപ്പോർട്ട് സി എം ഡി ചൊവ്വാഴ്ച മന്ത്രിക്ക് സമർപ്പിക്കും. സി എം ഡിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് ഗതാഗത മന്ത്രി കടക്കാനിരിക്കെയാണ് കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നത്.
ഇനി ഇബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു സിപിഎം കേന്ദ്രങ്ങളും പറയുന്നു. സ്മാർട് സിറ്റി, കിഫ്ബി പദ്ധതികൾ വഴി ലഭിക്കാനിരുന്ന 45 ഇബസുകൾക്കു പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്തു നൽകാൻ സിഎംഡി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങാനാകില്ല. ഇബസ് വാങ്ങുകയോ അല്ലെങ്കിൽ ഫണ്ട് വേണ്ടെന്നു വയ്ക്കുകയോ ആണു മാർഗം.
തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി.ക്കോ മന്ത്രിക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നതും വസ്തുതയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷൻ 115 ബസുകൾ വാങ്ങിനൽകുന്നത്. ഇതിൽ 60 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 20 ബസുകളും രണ്ട് ഡബിൾഡക്കർ ബസുകളും കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ക്കു ലഭിച്ചു.
ഇനി 53 ബസുകൾകൂടി വാങ്ങിനൽകും. ഇതിൽ 102 ബസുകളുടെ തുകയും സ്മാർട്ട് സിറ്റി കൈമാറിക്കഴിഞ്ഞുവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ പ്രസ്താവനകൾ അംഗീകരിക്കാൻ ഖഴിയി്‌ലലെന്നതാണ് സിപിഎം നിലപാട്. സാധാരണ ബസ് സർവീസ് ഇല്ലാത്ത ജങ്ഷനുകളെ ബന്ധിപ്പിച്ചാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് സിറ്റി സർക്കുലർ ബസുകൾ ഓടുന്നത്.
ഇ-വാഹനങ്ങൾ കെ.എസ്.ആർ.ടി.സി.ക്കു വാങ്ങിനൽകാൻ തീരുമാനിച്ചത് ഹരിത നയത്തിന്റെ ഭാഗമായും നഗരത്തിലെ ചെറു റോഡുകളിലെ തിരക്കൊഴിവാക്കാനുമാണ്. വാഹനങ്ങൾ വാങ്ങിനൽകുമ്പോൾ ഇതുസംബന്ധിച്ച് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി.യുമായി കരാർ ഉണ്ടാക്കിയിട്ടുമുണ്ട്. ഇതിൽ നിരക്കുവർധനയടക്കം നടത്താൻ കോർപ്പറേഷനുമായി ചർച്ച നടത്തണം. കുറഞ്ഞ നിരക്ക് തീരുമാനിച്ചതും കോർപ്പറേഷൻ അധികൃതരുമായി ചർച്ചനടത്തിയാണ്. നഗരത്തിനുള്ളിൽ ഓടിക്കാനാണ് ഇ-ബസുകൾ വാങ്ങി നൽകിയത്. നഗരത്തിലെ ചെറിയ റോഡുകളിലൂടെ വലിയ ബസുകൾ ഓടുന്നത് പലപ്പോഴും ഗതാഗതതടസ്സം ഉണ്ടാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് ചെറിയ ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്.
തലസ്ഥാന നഗരത്തെ ആദ്യ ഹരിത നഗരമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷൻ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബസുകൾ വാങ്ങിനൽകാൻ തീരുമാനിച്ചത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി കരാർ സഹിതമാണ് ഇ-ബസുകൾ വാങ്ങുന്നത്. സിറ്റി സർക്കുലർ ബസുകളിലെ നിരക്കുവർധനയിൽ കോർപ്പറേഷൻ കടുംപിടിത്തം പിടിക്കില്ല. എന്നാൽ ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ല.
അതിനിടെ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ ബസുകളിലെ പരിഷ്‌കരണം തുടങ്ങി. പേരൂർക്കട ഡിപ്പോയിലാണ് ആദ്യ പരിഷ്‌കരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിറ്റി സർക്കുലർ ഇ-ബസുകളിൽ ചിലത് പോയിന്റ് ടു പോയിന്റ് ഇലക്ട്രിക് ബസ് എന്ന പേരിലുള്ള സർവീസുകളിലേക്കു മാറ്റി. സാധാരണ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് റൂട്ടിലടക്കമുള്ള ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സിറ്റി സർക്കുലർ ബസുകളിൽ ഏതു സ്ഥലത്താണെങ്കിലും പത്തു രൂപയാണ് നിരക്ക്. എന്നാൽ, പോയിന്റ് ടു പോയിന്റ് സർവീസുകളിൽ സ്ഥലമനുസരിച്ച് നിരക്കു മാറും. എന്നാൽ, സാധാരണ സർവീസുകളെക്കാൾ കുറവുമാണ്. 30 രൂപയ്ക്ക് ഒരു ദിവസം നഗരത്തിൽ സഞ്ചരിക്കാവുന്ന ടുഡെ ടിക്കറ്റും പോയിന്റ് ടു പോയിന്റ് സർവീസുകളിൽ അനുവദിക്കില്ല. ഇ-ബസുകൾ മാറ്റുന്നതിനെതിരേ ആദ്യം രംഗത്തെത്തിയ വി.കെ.പ്രശാന്ത് എംഎൽഎ.യുടെ മണ്ഡലത്തിലെ ബസ്സ്റ്റാൻഡിൽനിന്നാണ് പരിഷ്‌കരണം തുടങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തെ സിപിഎമ്മിന്റെ പ്രധാന നേതാവാണ് പ്രശാന്ത്.


