- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ; ഇൻഡിഗോ വിമാനം ബഹിഷ്കരിച്ചത് വൈകാരികമായിട്ടല്ല; വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്; അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ
കൊച്ചി: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത സിപിഎം നേതാവ് ഇ പി ജയരാജന് കുറച്ചുകാലം വിമാന കമ്പനി വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ആ വിലക്കിന്റെ കാലാവധി അവസാനിച്ചെങ്കിലും ജയരാജൻ ഇൻഡോഗോ ബഹിഷ്ക്കരണ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോയിട്ടില്ല. തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയത്. മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ സംവാദത്തിലാണ് ഇ പി വിമാന കമ്പനി ബഹിഷ്ക്കരണത്തെ കുറിച്ചു പറഞ്ഞത്.
ഇൻഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ ഉറച്ചു നിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്. അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു താൻ പൂർണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ തനിക്കു യോഗ്യതയില്ല, ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പിബി അംഗമാകാനും യോഗ്യതയില്ല, അതിനുള്ള പ്രാപ്തിയുമില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ തനിക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്നായിരുന്നു അന്ന് ഇ പി ജയരാജൻ പ്രതികരിച്ചത്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇൻഡിഗോയിൽ യാത്ര ചെയ്തില്ലെങ്കിൽ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സർവീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇൻഡിഗോയുടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന വാർത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജൻ അദ്ദേഹം പറഞ്ഞിരുന്നു.
യാത്രക്കാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇൻഡിഗോയിൽ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രിമിനലുകൾക്ക് സഞ്ചരിക്കാൻ കോൺഗ്രസ് ഓഫീസുകളിൽ നിന്ന് ടിക്കറ്റ് എടുത്ത് നൽകുമ്പോൾ കമ്പനി അവരുടെ യാത്ര വിലക്കേണ്ടതായിരുന്നു. 18 കേസിൽ പ്രതിയായ ക്രിമിനലുകൾ പറയുന്നത് കേട്ട് വിധിക്കാനാണ് ഇൻഡിഗോയ്ക്ക് താത്പര്യമില്ലെങ്കിൽ ആ കമ്പനി നിലവാരം ഇല്ലാത്ത കമ്പനിയാണെന്നും ജയരാജൻ പറഞ്ഞിരുന്നു.
വിമാന യാത്രവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ കമ്പനി പ്രതിനിധി ക്ഷമാപണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സംഭവം നടന്ന് അടുത്ത ദിവസം മുംബൈയിൽനിന്ന് ഇൻഡിഗോയുടെ റീജനൽ മാനേജർ വിളിച്ച് തെറ്റുപറ്റിയതായും ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. രേഖാമൂലം എഴുതിനൽകിയാൽ താൻ മറുപടി പറയാമെന്നാണ് അന്ന് പറഞ്ഞത്. ക്ഷമാപണം എഴുതിത്ത്തരാത്തതുകൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ