- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരിയുടെ സമയത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച ഓൺലൈൻ ചില്ലറ വ്യാപാരികളായ ഈബേ 1000 പേരെ വെട്ടിക്കുറയ്ക്കുന്നു; നിർമ്മിത ബുദ്ധിയുടെ ആവിർഭാവത്തോടെ മനുഷ്യരുടെ തൊഴിലവസരങ്ങൾ കുറയുന്നതായി റിപ്പോർട്ടുകൾ
പ്രമുഖ ഓൺലൈൻ ചില്ലറ വ്യാപാരികളായ ഈബേ, തങ്ങളുടെ 1000 ജീവനക്കാരെ പിരിച്ചു വിടാൻ പോകുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 9 ശതമാനം വരും ഇതെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങളുമായി ഉയർച്ചയിലേക്ക് പോകുമ്പോഴും ജീവനക്കാരുടേ എണ്ണവും ചെലവുകളും ബിസിനസ്സ് വളർച്ചയെ മന്ദഗതിയിലാക്കുകയാണ് എന്ന് ഈബേ ചീഫ് എക്സിക്യുട്ടീവ് ജാമി ഇയനോൺ പറയുന്നു. തൊഴിലാളികൾക്കുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി സംഘടനാപരമായ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നും കത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, കമ്പനിയുടെ വിപണനാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ചില ടീമുകളെ പുനർവിന്യാസം ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു.
കോവിഡ് പ്രതിസന്ധിക്കാലത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച ചരിത്രമുണ്ട് ഈബേയ്ക്ക്. നിരവധിപേർക്കായിരുന്നു അന്ന് കമ്പനി തൊഴിൽ നൽകിയത്. ജീവനക്കാരെ പിരിച്ചു വിടുന്നതിനു പുറമെ ആൾട്ടർനേറ്റീവ് വർക്ക് ഫോഴ്സിലെ കരാറുകളും വരുന്ന മാസങ്ങളിൽ വെട്ടിച്ചുരുക്കുമെന്നും ഇയാനോൺ അറിയിച്ചു. ആരെയൊക്കെ പിരിച്ചു വിടും എന്ന അറിയിപ്പ് ജീവനക്കാർക്ക് അതാത് മാനേജർമാർ നൽകുമെന്നും കുറിപ്പിലുണ്ട്.
ചർച്ചകൾക്ക് കൂടുതൽ സ്വകാര്യത ലഭിക്കാനായി ജീവനക്കാരോട് ഇന്നലെ വർക്ക് ഫ്രം ഹോം ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരുന്നു. തങ്ങൾ എടുക്കുന്ന നടപടി ചെറുതല്ലെന്നും ഈബേയ്ക്ക് മേൽ അതുണ്ടാക്കുന്ന പ്രത്യാഘാതം അറിയാമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിക്ക് ഒരുപാട് സംഭാവനകൾ നൽകിയ പല ജീവനക്കാരെയും വിട്ടുപിരിയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ മൊത്തം ജീവനക്കാരുടെ 4 ശതമാനത്തോളം വരുന്ന 500 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതായിരുന്നു കാരണമായി അന്ന് കമ്പനി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സിലിക്കോൺ വാലിയിൽ തൊഴിൽ നഷ്ടങ്ങൾ പെരുകിവരികയാണെന്നതും കൂടി ഇതിനോട് ചേർത്ത് വായിക്കണം.
ഗൂഗിളിൽ വീണ്ടു പിരിച്ചുവിടൽ ഉണ്ടായേക്കാമെന്ന് ഈ മാസമാദ്യം സി ഇ ഒ സുന്ദർ പിച്ചായ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2023 ആദ്യം ഏകദേശം 12000 പേരെ കമ്പനി പിരിച്ചു വിട്ടിരുന്നു. ലാംഗ്വേജ് ലേണിങ് ആപ്പ് ആയ ഡ്യൂവോലിംഗോയും ഈ മാസം 10 ശതമാനം കരാർ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
മറുനാടന് ഡെസ്ക്