- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആപ്പിലാക്കിയതിന് പിന്നാലെ മഹാദേവ് ബെറ്റിങ് ആപ്പ് കേസിലും കുരുക്ക്; മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി ആപ്പ് പ്രമോട്ടർമാരിൽ നിന്ന് കൈപ്പറ്റി എന്ന് ഇഡിയുടെ കുറ്റപത്രം; എടിഎം പോലെയാണ് കോൺഗ്രസ് സംസ്ഥാനത്തെ ഉപയോഗിച്ചതെന്ന് ബിജെപി; ഗൂഢാലോചനയെന്ന് ബാഗേലും
ന്യൂഡൽഹി: മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ, ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി കൈപ്പറ്റിയെന്ന് ഇഡിയുടെ കുറ്റപത്രം. ജനുവരി ഒന്നിന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബാഗേലിന് എതിരെ കുറ്റം ചുമത്തിയത്.
ശുഭം സോണി, അനിൽ കുമാർ അഗർവാൾ, രോഹിത് ഗുലാത്തി, ഭീം സിങ് യാദവ്, അസിം ദാസ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സിഎം എന്ന് പറഞ്ഞാൽ ഒരിക്കലും മുഖ്യമന്ത്രി എന്നല്ലെന്നും, കറപ്ഷൻ മന്ത്രി എന്നാണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനേവാല വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റുപ്പെ കാർഡ് നൽകുമ്പോൾ കോൺഗ്രസ് ഭൂപേ കാർഡ് നൽകുകയാണ്,പൂണെവാലയുടെ പരിഹാസം ഇങ്ങനെ.
അന്വേഷണത്തിനിടെ, മഹാദേവ് ആപ്പിന്റെ പ്രമോട്ടർ ശുഭം സോണി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് ഇഡി പറയുന്നത്. ബാഗേലിന് വൻതുക നൽകാൻ സോണി തനിക്ക് നിർദ്ദേശം നൽകിയതായി അസിം ദാസ് വെളിപ്പെടുത്തിയെന്നും ഇഡി പറയുന്നു. ദാസിന്റെ ഫോണിലെ സോണിയുടെ ശബ്ദസന്ദേശത്തിലൂടെ ഇക്കാര്യം സ്ഥരീകരിച്ചു. താൻ ഇന്ത്യയിലേക്ക് മടങ്ങി വരുമ്പോൾ ബാഗേലിന് 8-10 കോടി നൽകണമെന്നാണ് സോണി ദാസിന് നിർദ്ദേശം നൽകിയത്.
ദാസിനെ സോണി കഴിഞ്ഞ ഒക്ടോബറിൽ ദുബായിലേക്ക് വിളിപ്പിച്ചെന്നും അവിടെ വച്ച് ബാഗേലിനുള്ള പണം കൈമാറിയെന്നും പറയുന്നു. നവംബർ രണ്ടിന് നടത്തിയ റെയ്ഡിൽ ഇഡി ദാസിന്റെ സ്ഥലത്ത് നിന്ന് 5.39 കോടി പിടിച്ചെടുത്തു. ഈ പണം ബാഗേലിന് ആയിരുന്നുവെന്ന് ദാസ് സമ്മതിച്ചെന്നും ഇഡി ആരോപിക്കുന്നു.
ഛത്തീസ്‌ഗഡിനെ എടിഎം പോലെയാണ് കോൺഗ്രസ് കൈകാര്യം ചെയ്തതെന്ന് ബിജെപി ആരോപിച്ചു. അതേസമയം, ഇ.ഡി അവരുടെ രാഷ്ട്രീയയജമാനന്മാരുടെ നിർദേശപ്രകാരം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മഹാദേവ് ആപ്പ് കേസിലെ അനുബന്ധ കുറ്റപത്രത്തിൽ തന്റെ പേര് പരാമർശിച്ചിരിക്കുന്നതെന്ന് ഭൂപേഷ് ബാഗേൽ ആരോപിച്ചു. ഇ.ഡി. ഒരു കാര്യവുമില്ലാതെ ആളുകളെ അറസ്റ്റുചെയ്യുകയാണ്. എന്നിട്ട് തനിക്കും അനുയായികൾക്കുമെതിരേ മൊഴിനൽകാൻ സമ്മർദം ചെലുത്തുന്നുവെന്നും ബാഗേൽ ആരോപിച്ചു.
വെളിപ്പെടുത്തലുമായി ശുഭം സോണി
ഭൂപേഷ് ബാഗേലിനെതിരേ ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെളിപ്പെടുത്തലുമായി ആപ്പ് ഉടമ ശുഭം സോണി നേരത്തെ രംഗത്തെത്തിയിരുന്നു. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താൻ ദുബായിലേക്ക് പോയതെന്ന് ശുഭം സോണി പറഞ്ഞു. സ്വയം ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന പ്രതിയാണ് ശുഭം സോണി.
അടുത്തിടെ അസിം ദാസിൽ നിന്ന് ഇ.ഡി. 5.39 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഭൂപേഷ് ബാഗേലിനുവേണ്ടി ശുഭം സോണി ദുബായിൽനിന്ന് അയച്ച പണമാണ് ഇതെന്നാണ് ഇ.ഡി. പറയുന്നത്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബിനാമി ബാങ്ക് അക്കൗണ്ടുകൾ അടുത്തിടെ മരവിപ്പിച്ചിരുന്നു. 15.59 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്.
അസിം ദാസിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ ഫോണും ശുഭം സോണി അയച്ച ഇ-മെയിലും പരിശോധിച്ചതിൽ നിന്നും ഭൂപേഷ് ബാഗേലിന് പതിവായി പണം നൽകാറുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയതായാണ് വിവരം. ഇത്തരത്തിൽ ഇതുവരെ 508 കോടി രൂപ കൈമാറിയെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.
മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്ക്
അതിനിടെ ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഡിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.
ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.
2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ രജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം. ആപ്പിന്റെ പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരുൾപ്പെടെ 14 പ്രതികളെ ഉൾപ്പെടുത്തി മഹാദേവ് ആപ്പ് കേസിൽ ഇ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ