- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ അന്ധവിശ്വാസ നിർമ്മാർജന ബില്ല് പാസാക്കിയത് ഫട്നാവീസിന്റെ സർക്കാർ; അസമിൽ ദുർമന്ത്രവാദികൾക്ക് ജാമ്യമില്ല; പിഴപ്പണം ഇരകൾക്ക് നൽകാനും വ്യവസ്ഥ; നരബലികളും ആഭിചാരക്കൊലകളും നടന്നിട്ടും അന്ധവിശ്വാസ നിർമ്മാർജന ബിൽ പൂട്ടിവെച്ച് വിപ്ലവകേരളം!
കോഴിക്കോട്: നവോത്ഥാന നരബലി! പുരോഗമനപരമായ ആശയങ്ങളുടെ വിളനിലമാണെന്ന് കരുതുന്ന കേരളത്തിൽ ഉണ്ടായ നരബലിയെ സോഷ്യൽ മീഡിയയിൽ ചിലർ ഇങ്ങനെ ട്രോളുന്നത് ഒരു തെറ്റാണെന്ന് കരുതാൻ കഴിയില്ല. ശരിക്കും വിദ്യാഭ്യാസമുള്ള വിവരദോഷികളുടെ നാടായി മാറുകയാണ് സാക്ഷര കേരളം.
ഉടൽ മുഴുവൻ വിറയ്ക്കുന്ന വാർത്തകൾ കേട്ടാണ് ഇന്ന് കേരളം ഉറക്കമുണർന്നത്. ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട് എന്നതിന് അവസാന തെളിവാണ് ഇന്ന് പുറത്തു വന്നത്.
നടന്നത് നവോത്ഥാന നരബലി!
ആഭിചാരക്കൊല നടത്തിയ പ്രതി ആകട്ടെ നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാർ എന്ന് പറയുന്ന പാർട്ടിയിലെ അംഗവും. പ്രതി ഭഗവൽ സിങ് സിപിഎമ്മിന്റെ ഇലന്തൂർ ബ്രാഞ്ച് കമ്മറ്റിയംഗമാണ്. ഭഗവൽ സിംഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്നുതന്നെ പാർട്ടിയുമായുള്ള ഇയാളുടെ അടുത്ത ബന്ധം വ്യക്തമാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോഗമനം പറഞ്ഞും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇയാൾ്. ഇയാളുടെ ഫേസ്‌ബുക്ക് ഫ്രണ്ട്സിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്മാരും. 'ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്..' എന്നിങ്ങനെയുള്ള ഇയാളുടെ കവിതകൾക്ക് ആരാധകർ ഏറെയാണ്.
യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്ന കേരളത്തിലെ ബുദ്ധിജീവികളും ഇടത്-വലത് നേതാക്കളും സാംസ്‌കാരിക നായകരും സ്വന്തം നാട്ടിലേക്ക് തങ്ങളുടെ ഭൂതക്കണ്ണാടി തിരിച്ചുവെക്കേണ്ട സമയമാണ്. സംഭവത്തിൽ പ്രതികരിച്ചവരാകട്ടെ 'കേരളം ഉത്തരേന്ത്യ ആകുന്നു' എന്ന പഴകിയ വാചകം തന്നെ വീണ്ടും ആവർത്തിക്കുന്നു. പക്ഷേ നമ്മൾ പരിഹസിക്കുന്ന ഉത്തരേന്ത്യയിലെ പല സർക്കാരുകളും അന്ധവിശ്വാസ നിർമ്മാർജനത്തിന്റെ കാര്യത്തിൽ മുന്നിലാണ് എന്നതാണ് വാസ്തവം.
അന്ധ വിശ്വാസനിർമ്മാർജ്ജന ബില്ല് പാസ്സാക്കി നടപ്പാക്കാൻ കേരള യുക്തിവാദി സംഘം അടക്കമുള്ള സംഘടനകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആറുകഴിഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഉണ്ടാക്കിയ ബില്ല്, പിണറായി വിജയന്റെ ഓഫീസിൽ ഇപ്പോഴും ശാപമോക്ഷം കാത്തിരിക്കയാണ്.
'സംഘികൾ' ശക്തമായ നിയമം നടപ്പാക്കുമ്പോൾ
എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ നരേന്ദ്ര ധബോൽക്കർ 2013 ഓഗസ്റ്റ് 20ന് വെടിയേറ്റ് മരിച്ചതോടെയാണ്, അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കണം എന്ന ആശയം വീണ്ടും ശക്തമായത്. ധബോൽക്കറിന്റെ സ്വപ്നം പോലെ മഹാരാഷ്ട്രയിൽ പ്രസ്തുത നിയമം പ്രാബല്യത്തിൽ വന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ ദുരാചാര നിർമ്മാർജന ബില്ലിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. പക്ഷേ മഹാരാഷ്ട്രയിൽ ബിജെപി നേതാവായ ദേവേന്ദ്ര ഫട്നാവീസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയിട്ടും ഈ വിപ്ലവ കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കിയിട്ടില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളീയരെ പോലെ സമ്പൂർണ സാക്ഷരതയുടെ സുവർണ ഫലകമൊന്നും വച്ചവരല്ല. എങ്കിലും അവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമംപോലെ അതു ചവിട്ടി മെതിക്കപ്പെട്ടേക്കാമെങ്കിലും പ്രയോജനപ്പെടുത്തണമെന്നുള്ളവർക്ക് ഉപകരിക്കുമെന്ന് വ്യക്തമാണ്. ബിൽ നടപ്പാവുന്നതിന് മുമ്പ മുംബൈയിലെ പത്രങ്ങളിലൊക്കെ താന്ത്രിക എലസ്സുകളുടെയും മറ്റും പരസ്യങ്ങളുടെ ബഹളമായിരുന്നു. ബില്ലുശേഷം ഇത് വല്ലാതെ കുറഞ്ഞു. ഈ രീതിയിലുള്ള മാറ്റം അന്ധവിശ്വാസ ദുരാചാര നിർമ്മാർജന ബില്ല് കൊണ്ടുവന്നാൽ ഉണ്ടാകും എന്നാണ് കേരള യുക്തിവാദി സംഘം അടക്കം പറയുന്നത്.
ഇതിനിടെ അസം ഭരണകൂടവും മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്‌പ്പ് നടത്തി. നൂറുകണക്കിന് ആളുകളാണ് അസമിൽ ദുർമന്ത്രവാദികളുടെ പീഡനത്തിന് ഇരയായത്. ദുർമന്ത്രവാദികൾക്ക് ജാമ്യം പോലും ലഭിക്കാത്തരീതിയിലുള്ള ഒരു നിയമനിർമ്മാണം അസം ആഭ്യന്തര മന്ത്രാലയം നടത്തി. ഈ നിയമത്തിൽ കുറ്റവാളികളിൽ നിന്നും ഈടാക്കുന്ന പിഴപ്പണം ഇരകൾക്ക് നൽകാനും വ്യവസ്ഥയുണ്ട്. ദുർമന്ത്രവാദത്തിനിരയായ പാവങ്ങളെ സമൂഹം വിചിത്രദൃഷ്ടിയോടെ കാണും. സാമൂഹ്യമായ ബഹിഷ്‌കരണം ഈ സമ്പ്രദായത്തിന്റെ തിക്തഫലമാണ്. അതിനാൽ ഇരകളെ പുനരധിവസിപ്പിക്കാനുള്ള വകുപ്പുകളും അസം നിയമത്തിലുണ്ട്. ദുർമന്ത്രവാദികൾക്ക് കടുത്തശിക്ഷയും നിർദ്ദേശിക്കുന്നുണ്ട്. ഗുവാഹതി കോടതിയിൽ റജീബ് കലിത എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ് അസമിൽ നിയമനിർമ്മാണ നീക്കങ്ങളുണ്ടായിട്ടുള്ളത്.
നേരത്തെയും ജിന്ന്, പിശാച് ബാധകളിൽ നിന്നും മോചിപ്പിക്കാനെന്ന പ്രാകൃത രീതി അനുസരിച്ച് നിരവധി കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. കേരളത്തിലെ പുരോഗമന സാംസ്‌കാരിക സംഘടനകൾ ഈ ക്രൂരകൃത്യങ്ങളെ സമൂഹമധ്യത്തിൽ വിചാരണ ചെയ്യുകയും അന്ധവിശ്വാസ നിർമ്മാർജന നിയമത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ 51 എ (ബി), 51 എ (എച്ച്), ആർട്ടിക്കിൾ 25 (1) ഇവയും ഡ്രഗ്സ് ആൻഡ് മാജിക്കൽ റമഡീസ് ആക്ടും പശ്ചാത്തലമാക്കി തയാറാക്കിയ ഈ ബിൽ കുറ്റത്തിന് വിധേയനായ വ്യക്തി പരാതി നൽകിയില്ലെങ്കിൽ പോലും കേസ് എടുക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൊതു പ്രവർത്തകർ നൽകുന്ന പരാതിയുടേയോ മാധ്യമ വാർത്തയുടേയോ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പക്ഷേ എന്നിട്ടും കേരളത്തിൽ ആത്മീയ തട്ടിപ്പുകാർ വിലസുകയാണ്. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ നടപ്പാക്കിയത് നടപ്പാക്കാനുള്ള ആർജവം പോലും കേരള സർക്കാറിന് ഇല്ലാതെ പോകുന്നു.
ഡ്രഗ്സ് ആൻഡ് മാജിക്കൽ റമഡീസ് ആക്ട് പ്രകാരം വിവിധ രോഗങ്ങളുടെ പരസ്യം ചെയ്യലും, നാട്ടുവൈദ്യമെന്ന പേരിൽ നടത്തുന്ന ചികത്സകളും, വ്യാജ വൈദ്യവും ഒക്കെ തടയാൻ കഴിയും. പക്ഷേ അതിന്റെ പേരിൽപോലും കേരളത്തിൽ കേസുകൾ ഉണ്ടാവാറില്ല എന്നാണ് വാസ്തവം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ