പത്തനംതിട്ട: ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ വൻ അഴിമതി നടക്കുന്നതായി ആരോപിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇലന്തൂർ ആശുപത്രി ജങ്ഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് ഉത്ഘാടനം ചെയ്തു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇടത് മുന്നണി പ്രവർത്തകർക്ക് കൊള്ളയടിക്കാനുള്ള സ്ഥാപനങ്ങളാക്കി മാറ്റിയ അവസ്ഥയാണുള്ളതെന്ന് ഉത്ഘാടന പ്രസംഗത്തിൽ മോഹൻരാജ് ആരോപിച്ചു. പാടശേഖരസമിതികൾക്ക് വായ്‌പ്പയായി 35 ലക്ഷം രൂപ അനുവദിച്ചതിലും വൻ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ബാങ്ക് വായ്‌പ്പ നൽകിയതായി പറയുന്നുണ്ടെങ്കിലും അംഗീകൃത പാടശേഖര സമിതികൾ ആരും വായ്‌പ്പ എടുത്തിട്ടില്ലെന്നും അന്നത്തെ ഭരണ സമിതിയും സെക്രട്ടറിയും ഈ തുകക്ക് ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ഇവിടെ പ്രസിഡന്റായിരുന്ന പി ആർ പ്രദീപ് ആത്മഹത്യ ചെയ്ത ശേഷം ബിജു എന്ന ആളാണ് പ്രസിഡന്റായതെന്നും എന്നാൽ ഇദ്ദേഹവും രാജിവക്കുകയും ഇപ്പോൾ പ്രസിഡന്റ് ആരാണെന്ന് സഹകാരികൾക്ക് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും യു ഡി എഫ് പഞ്ചായത്ത് കൺവീനർ ജോൺസ് യോഹന്നാൻ പറഞ്ഞു. വളം ഡിപ്പോയിലെ ജീവനക്കാരൻ 15 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതോടെ വളം ഡിപ്പോയുടെ പ്രവർത്തനവും നിലച്ച അവസ്ഥയാണുള്ളതെന്നും ജോൺസ് യോഹന്നാൻ ആരോപിച്ചു.

യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ പി എം ജോൺസന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം തോമസ് ജോസഫ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറീ മാത്യു സാം, ഡിസിസി ജനറൽ സെക്രട്ടറി എം എസ് സിജു, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ ജി റജി, മണ്ഡലം പ്രസിസന്റ് കെ പി മുകുന്ദൻ ,യു.ഡി.എഫ്.മണ്ഡലം കൺവീനർ ജോൺസ് യോഹന്നാൽ,ബ്ലോക്ക് മെമ്പർ അജി അലക്സ്,കേരളാ കോൺഗ്രസ് മണ്ഡലം ചെയർമാൻ ബാബുക്കുട്ടൻ,മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി വാര്യാപുരം ,വാർഡ് മെമ്പറന്മാരായ വിൻസൺ ചിറക്കാല,ഇന്ദിരാ ദേവി ഇ.എ., ജയശ്രീ മനോജ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീ ദേവി എന്നിവർ പ്രസംഗിച്ചു.