- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിപ്പം കുറഞ്ഞ് നീളമുള്ള കൊമ്പുള്ള ആനയെ സിഗരറ്റ് കൊമ്പനെന്ന് വിളിച്ചു; ഷോക്കേറ്റ് സിഗരറ്റ് കൊമ്പൻ ചരിഞ്ഞപ്പോഴും വീടുകൾക്കു നേരെ അരിക്കൊമ്പന്റെ ആക്രമണം പതിവ്; ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും പതിവു വിരുന്നുകാർ; കാട്ടാന ആക്രമണം പതിവായിതോടെ ജീവൽഭയത്തിൽ ചിന്നക്കനാൽ നിവാസികൾ
രാജാക്കാട്: സ്ഥിരം സാന്നിദ്ധ്യമായിരുന്ന സിഗരറ്റ് കൊമ്പൻ ചരിഞ്ഞു. വീടുകൾക്കുനേരെ അരിക്കൊമ്പന്റെ ആക്രമണം പതിവായി. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും വിരുന്നുകാർ. ജീവിതം ഭീതിയുടെ നിറവിലെന്ന് ചിന്നക്കനാൽ നിവാസികൾ. ബി.എൽ റാം കുത്താംപാറയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ സിഗറ്റ് കൊമ്പന്റെ ജഡം കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് ആന ചരിയാൻ കാരണമെന്നാണ് വനംവകുപ്പധികൃതരുടെ നിഗമനം .ചിന്നക്കനാൽ മേഖലയിൽ ചുറ്റിത്തിരിയുന്ന പത്തിലേറെ വരുന്ന ആനകൂട്ടത്തെ നയിച്ചിരുന്ന സിഗരറ്റ് കൊമ്പനായിരുന്നു.
ബി.എൽ. റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് 8 വയസ് പ്രായം വരുന്ന സിഗരറ്റ് കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
ഇന്നലെ രാവിലെ സമീപത്തെ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ജഡം ആദ്യം കണ്ടത്. ഈ സ്ഥലത്ത് എൽടി വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു. ഈ ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റാണ് കൊമ്പൻ ചരിഞ്ഞ തെന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജി പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് തന്നെ മറവ് ചെയ്തു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.
വലിപ്പം കുറഞ്ഞ് ,നീളമുള്ള കൊമ്പാണ് ഈ ആനയ്ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് ഈ കൊമ്പന് നാട്ടുകാർ സിഗരറ്റ് കൊമ്പൻ എന്ന് പേരിട്ടത്. അടുത്തിടെ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സമയം സിഗരറ്റ് കൊമ്പൻ ഉൾപ്പെടുന്ന ആനകൂട്ടം സമീപത്ത് ഉണ്ടായിരുന്നതായി വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.
ഈ കൊമ്പനും കൂട്ടത്തിലെ മറ്റാനകളിൽ ചിലതും ചേർന്ന് ശക്തിവേലിനെ ഓടിച്ചിരിക്കാമെന്നും ഇതിനിടയിൽ പിടികൂടി തുമ്പികൈയിൽ ചുഴറ്റി എറിഞ്ഞിരിക്കാമെന്നുമാണ് ആക്രമണം സംബന്ധിച്ച് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.പുലർച്ചെ 7 മണിയോടുത്ത് ആനക്കൂട്ടം നിൽക്കുന്ന ഭാഗത്തേയ്ക്ക് താൻ എത്തിയതായി ശക്തിവേൽ വാട്സാപ്പ് ഗ്രൂപ്പിൽ റിപ്പോർട്ടുചെയ്തിരുന്നു. പിന്നീട് ഏറെ നേരത്തേയ്ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല.തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് തേയിലച്ചെടിയുടെ ചുവട്ടിൽ വളഞ്ഞുകൂടി,അനക്കമറ്റ നിലയിൽ ശക്തിവേലിനെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു.ഇവിടെ നടത്തിയപരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
ഒരുമാസം മുമ്പ് ആനയിറങ്ങലിന് സമീപം റോഡിലിറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേൽ ശകാരിച്ച് കാടുകയറ്റുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുടെ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു. എസി എഫ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി, എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് വെറ്ററിനറി സർജൻ മാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.
അരിക്കൊമ്പൻ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ബിഎൽറാമിൽ 4 വീടുകൾ തകർത്തു.ഭി്ത്തികൾ തള്ളിമറിച്ചിടുന്നതാണ് ഈ കൊമ്പന്റെ രീതി.കുട്ടികളും പ്രയമായവരും അടക്കം രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.പിൻവാതിലിലൂടെയും മറ്റും ഓടിമാറിയാണ് താമസക്കാർ ജീവൻ രക്ഷിച്ചത്. റേഷൻകട തകർത്ത് അരി തിന്നുന്നത് ഈ കൊമ്പന്റെ പതിവ് രീതിയായിരുന്നു.ഒരാഴ്ചമുമ്പും റേഷൻ കട തകർത്തിരുന്നു.ആനയുടെ ആക്രമണം ഭയന്ന് റേഷൻ വ്യാപാരി കടയിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നില്ല.അതിനാൽ കാര്യമായ നാശനഷ്ടം നേരിട്ടില്ല. ഇതെ റേഷൻകട മുമ്പ് പലവട്ടം ഈ കൊമ്പൻ തകർത്തിട്ടുണ്ട്.
അരി തിന്നുന്ന സ്വഭാവക്കാരനാണ് ഈ കൊമ്പൻ.അതുകൊണ്ട് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.വീടുകൾ തകർക്കുന്നത് അരി തിന്നുന്നതിന്നുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രദേശവാസികളുടെ നിഗമനം.ചക്കക്കൊമ്പൻ ,മുറിവാലൻ കൊമ്പൻ എന്നീ അക്രകാരികളായ ആനകളും അടിക്കടി ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ എത്തുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.