- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗണേശ് കുമാറിന്റെ ഷൈനിങ് തുടക്കത്തിലേ തടയാൻ സിപിഎം നീക്കം; ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദത്തിൽ അതൃപ്തി; ഗണേശിന്റെ വാദം തള്ളി കെഎസ്ആർടിസിയുടെ റിപ്പോർട്ട്; 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടിയെന്ന് സിഎംഡി; ഗണേശിന് ജാഗ്രതക്കുറവോ?

തിരുവനന്തപുരം: ഗതാഗത മന്ത്രിയായി ചുമതല ഏറ്റതിന് പിന്നാലെ ഗണേശ് കെഎസ്ആർടിയിൽ പാഴ്‌ച്ചെലവ് കുറയ്ക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് അദ്ദേഹം ഇലക്രിക് ബസുകൾ നഷ്ടത്തിലാണെന്ന് പറഞ്ഞതും. ഗണേശിന്റെ വാക്കുകൾ സിപിഎമ്മിലെ തന്നെ പലർക്കും രസിച്ചില്ല. ചിലർ അത് പരസ്യമായി പറഞ്ഞ് രംഗത്തുവരികയും ചെയ്തു. മുൻ മന്ത്രി ചെയ്തതെല്ലാം തെറ്റെന്ന് വരുത്താനാണ് ഗണേശ് ശ്രമിക്കുന്നതെന്ന വികാരവും ശക്തമായി. ഇതിനിടെയാണ് ഇ ബസിന്റെ കാര്യത്തിൽ മന്ത്രി പ്രസ്താവന നടത്തിയത് കാര്യങ്ങള്ഞ ശരിയായി പഠിക്കാതെയാണെന്ന സൂചനകളും പുറത്തുവരുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഇ ബസുകളിൽ കേന്ദ്രത്തിന്റെ സ്മാർട്ട് സിറ്റി ഫണ്ടു കൂടി ഉപയോഗിച്ചാണ്. ഇങ്ങനെ കേന്ദ്രഫണ്ട് ലഭിക്കണമെങ്കിൽ അത് ഇലക്ട്രിക് ബസുകൾ ആകണമെന്നാണ് കേന്ദ്രനയം. ഡീസൽ ബസുകൾക്ക് ഈ ഫണ്ട് കിട്ടില്ല. അതുകൊണ്ട് തന്നെ ഇലക്ട്രിക് ബസുകളെ പൂർണമായും തഴയാൻ കഴിയില്ലെന്ന് വ്യക്തം.
അതേസമയം വകുപ്പു മന്ത്രിയുടെ വാക്കുകൾ തള്ളുന്നതാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടും. ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതാനും. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന.
ഇനി ഇബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി സർക്കുലർ സർവീസിന് ഇനി ഡീസൽ ബസുകളേ വാങ്ങൂ എന്ന തീരുമാനവും തിരുത്തേണ്ടിവരും. സ്മാർട് സിറ്റി, കിഫ്ബി പദ്ധതികൾ വഴി ലഭിക്കാനിരുന്ന 45 ഇബസുകൾക്കു പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്തു നൽകാൻ സിഎംഡി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങാനാകില്ല. ഇബസ് വാങ്ങുകയോ അല്ലെങ്കിൽ ഫണ്ട് വേണ്ടെന്നു വയ്ക്കുകയോ ആണു മാർഗം.
950 ഇബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇസേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നൽകണം. ഈ ബസുകളെത്തിയാൽ ഇന്ധനച്ചെലവിൽ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ തന്നെ റിപ്പോർട്ട്. സിപിഎമ്മും തള്ളിപ്പറഞ്ഞശേഷം ഗണേശ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുൻ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സർക്കുലർ പദ്ധതി നഷ്ടമാണെന്നാണ് പിൻഗാമി കെ.ബി. ഗണേശ്‌കുമാറിന്റെ കണ്ടെത്തൽ മുന്നണിയിലും വിമർശനത്തിന് ഇടയാക്കിയിരുന്നു. 110 ഇ-ബസുകളാണ് ഇപ്പോൾ ഓടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ഇ-സേവയിൽ 950 ഇ-ബസുകൾകൂടി കിട്ടാനുണ്ട്. ലാഭകരമല്ലെന്ന നിലപാടാണെങ്കിൽ അതും ഉപേക്ഷിക്കേണ്ടിവരും.
വൈദ്യുതി, വാടക ഉൾപ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റർ ചെലവെന്നാണ് മൂന്നുമാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. വരവ് 46 രൂപയെന്നും അവകാശപ്പെടുന്നു. എന്നാൽ, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസൽ ബസുകൾ വാങ്ങാമെന്നാണ് ഗണേശിന്റെ വാദം. വരുമാനത്തിന്റെ പകുതിയും ചെലവാകുന്നത് ഡീസലിനാണെന്നും ഡീസൽ ബസുകളുടെ എണ്ണം കൂട്ടിയാൽ ചെലവ് കൂടുമെന്നുമാണ് മറുവാദം.
തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ സിറ്റി സർക്കുലർ ഇ-ബസുകൾ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകൾ പുനഃക്രമീകരിക്കുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം മന്ത്രി ഗണേശ്‌കുമാർ അറിയിച്ചിരുന്നു. മുന്മന്ത്രി ആന്റണിരാജുവും, കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും ഈ പദ്ധതി ലാഭമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
സിറ്റി സർക്കുലർ ഇ-ബസ് പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്ന പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് വരുന്നത്. ഇപ്പോൾ വാങ്ങിയിട്ടുള്ള ഇലക്ട്രിക് ബസുകൾ എത്രനാൾ ഓടുമെന്ന് ഉണ്ടാക്കിയവർക്ക് പോലും അറിയില്ലെന്നും ഇക്കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പുനൽകാൻ സാധിക്കുമോയെന്നും ഗണേശ് കുമാർ ചോദിച്ചു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാം. അതാകുമ്പോൾ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകൾ 10 രൂപ ടിക്കറ്റിൽ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. എന്നാൽ, ഗണേശിനെ എതിർത്തു കൊണ്ടാണ് വട്ടിയൂർക്കാവ് എംഎൽഎ പി പ്രശാന്ത് പരസ്യമായി രംഗത്തുവന്നത്. ഇതിൽ നിന്നു തന്നെ സിപിഎം എതിർപ്പ് വ്യക്തമായിരുന്നു.


