തിരുവനന്തപുരം: ഗതാഗത മന്ത്രിയായി കെ ബി ഗണേശ് കുമാർ എത്തിയതോടെ വലിയ പ്രതീക്ഷയായിരുന്നു എങ്ങും. എന്നാൽ, ആ പ്രതീക്ഷ അധികം മുന്നോട്ടു പോകാൻ മുന്നണി സംവിധാനം അനുവദിച്ചില്ല. ചില തിരുത്തലുകൾക്ക് ഇറങ്ങിയപ്പോൾ മുഖ്യമന്ത്രി കണ്ണുരുട്ടി. ഇതോടെ ഗണേശിന് തുടക്കത്തിലേ ആവേശം നഷ്ടമാകുകയും ചെയ്തു. ഇലക്ട്രിക് ബസുകളോട് വേണ്ടത്ര താൽപ്പര്യം മന്ത്രിക്കില്ലെന്നതാണ് വസ്തുത. ഇതൊരു ശീതസമരമായി വളർന്നതോടെയാണ് സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചതും.

ടൂറിസത്തിനായി കെട്ടിഘോഷിച്ച് കൊണ്ടുവന്ന, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഒരുമാസമായിട്ടും ഓട്ടം തുടങ്ങിയില്ല. കേന്ദ്രസഹായത്തോടെയുള്ള സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ച ഇരുപത് ഇലക്ട്രിക് ബസ്സുകളും ഇതുപോലെ കട്ടപ്പുറത്താണ്. ഇതിലേക്ക് നയിച്ചതും മന്ത്രിയുടെ താൽപ്പര്യക്കുറവാണ്.

വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരം ചുറ്റി കാഴ്ചകൾ ആസ്വദിക്കാനാണ് സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി 25 ദിവസങ്ങൾക്ക് മുമ്പ് രണ്ട് ഇലക്ട്രിക് ബസുകൾ കൊണ്ടുവന്നുത്. ഗതഗാത മന്ത്രി നേരിട്ട് വന്ന് ആഘോഷപൂർവ്വം ട്രയൽ റൺ നടത്തി. സർവ്വീസ് ഉടൻ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പക്ഷെ എൻജോയ്‌മെന്റ് നാട്ടുകാരിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കാരണം ബസുകൾ, ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് കാഴ്ച വസ്തുവായി ഇതുപോലെ നിൽക്കുകയാണ്. കൂട്ടിന് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുതായി ലഭിച്ച ഇരുപത് സാധാരണ ഇലക്ട്രിക് ബസുകളുമുണ്ട്.

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ പ്രഖ്യാപനം സി.എം.ഡി നയിക്കുന്ന കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന് രസിച്ചിട്ടില്ല. സർവ്വീസുകൾ ലാഭത്തിലാണെന്നതിന് തെളിവായി മാനേജ്‌മെന്റ് കണക്കുകൾ പുറത്തുവിട്ടത് മന്ത്രിക്കും. ഇതെല്ലാം സൃഷ്ടിച്ച അസ്വാരസ്യം ഡബിൾ ഡക്കിൾ ബസുകൾക്കും പുതിയ ഇലക്ട്രിക് ബസുകൾക്കും സ്റ്റാർട്ടിങ് ട്രബിളായെന്നാണ് വിവരം. പക്ഷെ, തർക്കങ്ങളൊന്നുമില്ലെന്നും. മുഖ്യമന്ത്രിയുടെ സമയം കിട്ടിയാലുടൻ ഡബിൾ ഡക്കർ ബസുകളുടെ ഉദ്ഘാടനം ഉണ്ടാകുമെന്നുമാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം.

ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ബിജുപ്രഭാകർ സ്ഥാനമൊഴിയാൻ സർക്കാറിൽ സന്നദ്ധത അറിയിച്ത്. ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേശ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു.

ഇത്തരം വിഷയങ്ങളിൽ ഗണേശ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേശ് കുമാർ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കി.

വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു.