- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ വൈദ്യുതി ബന്ധം തകരാറിലായി നാടാകെ ഇരുട്ടിൽ; സെക്ഷൻ ഓഫീസിൽ വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയെന്ന് മറുപടി; പീരുമേട്ടിലെ പോത്തുപാറയിൽ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ; കൂട്ട അവധിയും വിനോദയാത്രയും വിവാദമായതോടെ വകുപ്പുതല അന്വേഷണം
ഇടുക്കി: ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസിലെ കെഎസ്ഇബി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിവാഹ വിനോദ യാത്ര പോയ സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി.
16 മണിക്കൂർ വൈദ്യുതി മുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹാജർ ബുക്ക് ഉൾപ്പെടെ പരിശോധിച്ച ശേഷം അസി. എക്സിക്യൂട്ടീവ് എൻജിനീയർ പ്രാഥമിക റിപ്പോർട്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചു. പീരുമേട് സെക്ഷനിലെ അസി. എൻജിനീയർ, സബ് എൻജിനീയർ, ഓവർസീയർ, ലൈന്മാന്മാർ, വർക്കേഴ്സ് ഉൾപ്പെടെ 12 പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലോടെ രാമേശ്വരത്തേക്ക് യാത്ര പോയത്. ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന ദിവസമായിരുന്നു യാത്ര.
അന്നേ ദിവസം വൈകിട്ട് അഞ്ചോടെ കനത്ത മഴയെത്തുടർന്ന് പീരുമേട് ഫീഡറിലെ വൈദ്യുതി ബന്ധം തകരാറിലായി. വൈകിട്ട് എട്ടിന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് ഉപഭോക്താക്കൾക്ക് ഫോൺ മുഖാന്തിരം മെസേജ് ലഭിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടർന്ന് നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയി എന്നായിരുന്നു മറുപടി.
പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിത സബ് എൻജീനിയറുടെയും, പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജീനിയറുടെ നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണുണ്ടായിരുന്നത്. തുടർന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
വൈദ്യുതി ഇല്ലാതായത് അറിഞ്ഞിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ ഉദ്യോഗസ്ഥർ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോർഡിൽ നിന്ന് അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവം വാർത്ത ആയതോടെയാണ് വിഷയത്തിൽ വകുപ്പ് തല അന്വേഷണം തുടങ്ങിയത്. ആദ്യ ഘട്ടമായി ഓഫീസിലെ ഹാജർ ബുക്ക് ഉൾപ്പെടെ പരിശോധിച്ച ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാമുവേൽ പ്രാഥമിക റിപ്പോർട്ട് പീരുമേട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചു.
സംഭവത്തെപ്പറ്റി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.