മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണം. പലചരക്കുകട തകർത്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എസ്റ്റേറ്റിന്റെ പലഭാഗത്തായി കാട്ടാനകൂട്ടത്തെ കാണുന്നുണ്ടെന്നാണ് തൊഴിലാളികളിൽ നിന്നും ലഭിക്കുന്ന വിവരം. മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളുമാണ് കൂട്ടത്തിലുള്ളത്.

ചൊക്കനാട് സൗത്ത് ഡിവിഷനിലെ പലചരക്കുകട ശനിയാഴ്ച രാത്രി കാട്ടാനകൂട്ടം തകർത്തിരുന്നു. അരി ഉൾപ്പെടെ വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന സാധങ്ങളിലെയും നഷ്ടപ്പെട്ടിട്ടുണ്ട്. പലവട്ടം തൊഴിലാളികൾ ആനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് ആക്രമണത്തിൽ നിന്നും രക്ഷപെടുകയായിരുന്നെന്നാണ് അറയുന്നത്.

ഇന്നലെ സമീപപ്രദേശത്ത് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ബൈക്കിൽ പുറപ്പെട്ട തൊഴിലാളി കുടുംബം ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടിരുന്നു. മീറ്ററുകളുടെ അകലത്തിലാണ് യാത്ര സംഘം ആനകൂട്ടത്തെ കാണുന്നത്.പിന്നീട് കുടുംബം ഇവിടെ കാത്തുനിന്ന് ,ആനക്കൂട്ടം റോഡിൽ നിന്നും പിന്മാറിയ ശേഷമാണ് യാത്രയായത്.

എസ്റ്റേറ്റിന്റെ 4 ഡിവിഷനുകളിലായി നൂറുകണക്കിന് തൊഴിലാലികൾ പണിയെടുക്കുന്നുണ്ട്.ആനക്കൂട്ടം സഞ്ചരിക്കുന്ന ദിശ മനസ്സിലാക്കി,പരമാവധി അകലം പാലിച്ചാണ് ഇവർ ജോലിക്കിറങ്ങുന്നത്. അടുത്തിടെ ചിന്നക്കനാൽ ബിഎൽറാം പ്രദേശത്തും ആനക്കൂട്ടം തമ്പടിച്ചിരുന്നു. പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു. നിരവധി വീടുകൾക്കുനേരെയും ആക്രമണം ഉണ്ടായി.

സ്ത്രീകളും കുട്ടികളുമെല്ലാം തലനാരിഴ വ്യത്യാസത്തിലാണ് ആനകളുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. ഇതിനിടെ പ്രദേശത്തെ സ്ഥിരം ശല്യക്കാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ ആനകളെ ഇവിടെ നിന്നും മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കാൻ വനംവകുപ്പ് തയ്യാറെടുക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദവസം ഇത് സംബന്ധിച്ച് പഠിക്കുന്നതിനായി വിദഗ്ധ സംഘം മൂന്നാറിലെത്തി,ക്യാമ്പുചെയ്ത് സ്ഥിതി ഗതികൾ വിലയിരുത്തി.ശല്യക്കാരായ ആനകളെ പിടകൂടുന്നതിനനെക്കുറിച്ച് പഠിച്ചുവരികയാണെന്നും സാധ്യമായത് ചെയ്യുമെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.