മാനന്തവാടി: വയനാട് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ രോഷം കടുക്കുന്നു. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഒരു ജീവൻ നഷ്ടമാകാൻ ഇടയാക്കിയത് എന്ന പൊതുവികാരമാണ് വയനാട്ടിലെ നാട്ടുകാർക്കുള്ളത്. കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. അജിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിർത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നു. കോളർ ഘടിപ്പിച്ച ആന എത്തിയിട്ടും യാതൊരു മുന്നറിയിപ്പും വനംവകുപ്പ് നൽകിയില്ല. നാട്ടുകാർക്ക് മുന്നറിയിപ്പ് അനൗൺസ്‌മെന്റ് നൽകിയില്ല. വനം വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും, കളക്ടറും എത്താതെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകില്ലെന്നും നാട്ടുകാർ പറഞ്ഞു.

ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്റെ ഉദ്യോഗസ്ഥർ എത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം കാട്ടാനയുടെ റേഡിയോ കോളർ സിഗ്‌നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്നാണ് കേരള വനംവകുപ്പ് പറയുന്ന ന്യായീകരണം. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ല. എന്നാൽ ഏത് ആന ആണ് മാനന്തവാടിയിൽ ഉള്ളതെന്ന് കർണാടക വനം വകുപ്പിന് വിവരമില്ല.

കേരളത്തിലെ വനം വകുപ്പുമായി സംസാരിച്ചു വരികയാണെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേ പറഞ്ഞു. അന്വേഷിച്ച ശേഷം മാത്രമേ വിവരം നൽകാനാകൂ എന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെതോടെ വനപാലകർക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നുണ്ട്. കാട്ടാന മതിൽ തകർക്കുന്നതിന്റെയും ആളുകളെ ആക്രമിക്കുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. ആനയെ നിരീക്ഷിക്കാൻ ഡ്രോൺ എത്തിച്ചെങ്കിലും ചാർജ്ജില്ലാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പണിക്കാരെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസിയായ കണ്ടത്തിൽ ജോമോന്റെ വീടിന്റെ മതിൽ അജി അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിന് പിന്നാലെ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. ആന ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.