അടിമാലി: കാട്ടാനക്കൂട്ടത്തെ കൺകുളിർക്കെ കണ്ട് ആസ്വദിക്കാൻ  ആനക്കുളത്തേക്ക് ആനപ്രേമികളുടെയും വിനോദസഞ്ചാരികളുടെയും പ്രവാഹം ശക്തം. പാതയോരത്തുനിന്നും കഷ്ടി 15 മീറ്ററോളം ദൂരത്തിൽ ഒഴുകുന്ന ഈറ്റച്ചോല ആറിൽ നിന്നും വെള്ളം കുടിക്കുന്നതിനായി കാടിറങ്ങി ആനക്കൂട്ടം ആനക്കുളത്ത് എത്തുന്നത് പതിവാണ്. ചില ദിവസങ്ങളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 100 -ൽ അധികം ആനകൾ ഇവിടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. വെള്ളത്തിൽ ഇറങ്ങുന്ന ആനക്കൂട്ടം മണിക്കൂറുകൾക്ക് ശേഷമാണ് ഇവിടെ നിന്നും മടങ്ങുന്നത്.

വൈകുന്നേരം 4 മണിക്ക് ശേഷമാണ് മിക്കദിവസങ്ങളിലും ആനക്കൂട്ടം ഇവിടേയ്ക്കെത്തുന്നത്. ആനക്കൂട്ടത്തെ കാണാൻ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ആനക്കുളത്ത് എത്തുന്നുണ്ട്.അതുകൊണ്ടുതന്നെ മലമടക്കുകൾക്കിടയിലെ ഈ ചെറുഗ്രാമം വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു എന്നതാണ് വാസ്തവം.

ഏതാനും വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും വനംവകുപ്പ് ഓഫീസും മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ നിന്നും ആദിവാസി ഊരുകളിലേയ്ക്കും വനമേഖലകളിലേയ്്ക്കും ചെറുപാതകൾ ഉണ്ടെങ്കിലും ഇവിടേയ്ക്ക് പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ല. കവലയിൽ പാതയോരത്ത് നിന്നാൽ വനമേഖലയിൽ നിന്നും ആനക്കൂട്ടം ഇറങ്ങിവരുന്നത് ഉൾപ്പെടെയുള്ള കാഴ്ചകൾ വ്യക്തമായി കാണാം. കാഴ്ചക്കാർ നിൽക്കുന്ന ഭാഗത്തിന് സമീപം താഴെ വോളിബോൾ കളിക്കായി ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.

ആനക്കൂട്ടം എത്തുമ്പോൾ കളിക്കാർ ഇവിടെ നിന്നും ഒഴിവാകും.തുറസായ പ്രദേശമാണെങ്കിലും ആനക്കൂട്ടം ഇതുവരെ കവലയിലേയ്ക്ക് പ്രവേശ്ിക്കുന്നതിനോ കാഴ്ചക്കാരെ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. മലയാറ്റൂർ വനമേഖലയിൽ നിന്നാണ് ആനക്കൂട്ടം ഇവിടെക്കെത്തുന്നത്. അവധി ദിവസങ്ങളിൽ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സമീപത്ത് പ്രവർത്തിക്കുന്ന റിസോർട്ട്, ഹോംസ്റ്റേ, റിസോർട്ട് നടത്തിപ്പുകാർ പാക്കേജിന്റെ ഭാഗമായി ആനക്കുളം സന്ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ആനക്കൂട്ടം എത്തിയിട്ടുണ്ടോ എന്ന് അറിയിക്കാൻ ഇക്കൂട്ടർ ആനക്കുളത്ത് ഏജന്റെമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനക്കൂട്ടം എത്തിയിട്ടുണ്ടെന്ന് വിവരം എത്തിയാൽ ഉടൻ ഇവർ വാഹനങ്ങൾ തയ്യാറാക്കി താമസക്കാരെ ആനകൂട്ടത്തെ കാണിക്കാൻ ആനക്കുളത്തെത്തിക്കും.

ആനകൾ വെള്ളം കുടിക്കാനിറങ്ങുന്ന പ്രദേശത്ത് ഇപ്പോൾ കാൽമുട്ടിന്റെ അത്ര ഉയരത്തിലാണ് ജലനിരപ്പ്. ഇവിടെ അങ്ങിങ്ങായി വെള്ളത്തിൽ നിന്നും ചെറുകുമിളകൾ ഉയരുന്നുണ്ടന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ പ്രത്യേകതകളൊന്നും ദൃശ്യമല്ല. വെള്ളത്തിന് ഉപ്പുരസമുള്ളതുകൊണ്ടാണ് ഈ ഭാഗത്ത് ആനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുത. എന്നാൽ ഇത് ഇപ്പോഴും ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

തുടർച്ചയായി ആനക്കൂട്ടം ഇവിടെ എത്തുന്നതിനെക്കുറിച്ച് പലരും ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല. പുഴയിലെ ആനക്കുളം ഓര് , ചിറ്റുകുളം ഓര് എന്നിങ്ങിനെ രണ്ടിടങ്ങളിലാണ് പതിവായി ആനക്കൂട്ടം ഇറങ്ങുന്നത്.ആനക്കൂട്ടം എത്തുന്നത് കണക്കിലെടുത്ത് ഇവിടെ വനംവകുപ്പ് വാച്ചർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ആനക്കൂട്ടം എത്തുന്നതിന്റെ തൊട്ടടുത്തായ,ദേവി ക്ഷേത്രത്തിന് സമീപം ആനക്കുളം ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴിൽ ബാംബു പാർക്ക് പ്രവർത്തിക്കുന്നുണ്ട്. സമീപത്തായി നക്ഷത്രവനവും രൂപപ്പെടുത്തിയിട്ടുണ്ട്. തണുപ്പുള്ള അനന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് ,പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് പാർക്കിൽ സന്ദർശകർക്കായി വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. വന സംരക്ഷണ സമിതിക്കാണ് പാർക്കിന്റെ നടത്തിപ്പ് ചുമതല.കൊച്ചി ഭാഗത്തുനിന്ന് എത്തുന്നവർക്ക് അടിമാലിക്കടുത്ത് മച്ചിപ്ലാവിൽ നിന്നും തിരിഞ്ഞ് കുരങ്ങാട്ടി , മാങ്കുളം വഴി ആനക്കുളത്തെത്താം. മൂന്നാറിൽ നിന്നെത്തുന്നവർക്ക് കല്ലാർ മാങ്കുളം വഴിയും ഇവിടേയ്‌ക്കെത്താം.