- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയിലെ പാലപിള്ളി റേഞ്ചിൽ കാട്ടാനശല്യം രൂക്ഷം; കൂട്ടമായെത്തുന്നത് നാൽപതും അൻപതും ആനകൾ; കാർഷിക വിളകൾ നശിപ്പിക്കുന്നത് അഞ്ചു കിലോമീറ്ററോളം ചുറ്റളവിൽ; ഭൂമി വിൽപനയും വിവാഹവുമെല്ലാം മുടങ്ങി പ്രദേശവാസികൾ ദുരിതത്തിൽ
തൃശൂർ: ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലെ പാലപ്പിള്ളി റേഞ്ചിൽ കാട്ടാനശല്യം രൂക്ഷമായതോടെ സ്വത്ത് വകകൾ നഷ്ടമാവുന്നതിനൊപ്പം സാമൂഹിക ബന്ധങ്ങളിലും ആനക്കൂട്ടം വില്ലനാവുന്ന സ്ഥിതിയാണ്. റേഞ്ചിന് കീഴിൽ വനത്തോടു തൊട്ടുകിടക്കുന്ന പുലിക്കണ്ണി, കവരപ്പിള്ളി, കുന്നത്തുപാടം. പാത്തിക്കിരിച്ചിറ, കുട്ടൻചിറ, വേപ്പൂർ പ്രദേശങ്ങളിലാണ് വൈകുന്നേരമാവുന്നതോടെ കാട്ടാനക്കൂട്ടം സംഘടിച്ചെത്തുന്നത്. മലയോര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കു എത്തുന്ന ആനക്കൂട്ടം സമീപത്തെ ടൗണുകളായ വരന്തരപ്പിള്ളി, വരാക്കര, പയ്യാക്കര തുടങ്ങിയ ഇടങ്ങളിലും മദിച്ചുനടക്കുന്ന സ്ഥിതിയായിരിക്കയാണ്.
വനത്തിന് അതിരിട്ട് ചുറ്റുമായി വീടുകൾ നിറഞ്ഞ പ്രദേശമായ പുലിക്കണ്ണിയിലെ കവരപിള്ളിയിൽ മൂന്നു ആനകൾ മൂന്നുനാലു മാസമായി അകപ്പെട്ടു കിടക്കുന്ന സ്ഥിതിയാണ്. ഇതിന്റെ മൂന്നു ഭാഗവും ജനവാസ മേഖലയായതിനാൽ ദ്വീപുപോലുള്ള ഈ പ്രദേശത്തുനിന്ന് മുഖ്യവനത്തിലേക്കു മടങ്ങാനാവാതെ കഴിയുന്ന ഈ ആനക്കൂട്ടം രാപകൽ ഭേദമില്ലാതെ കാർഷിക വിളകൾ നശിപ്പിക്കുന്ന സ്ഥിതിയാണെന്ന് പ്രദേശവാസിയായ കെ എ മനോജ് പറഞ്ഞു. രാത്രിയിലാണ് ആനകൾ കൂട്ടമായി ഇറങ്ഹുന്നത്. തെങ്ങും കവുങ്ങും വാഴയുമെല്ലാം ചീന്തിയിട്ട് കൂമ്പുൾപ്പെടെയുള്ളവ ഭക്ഷിച്ച് നശിപ്പിക്കുന്ന അവസ്ഥയാണ്. ഇതുവരെ മേഖലയിൽ 50 ലക്ഷം രൂപക്ക് മുകളിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞളി ഷിബി, വാഴക്കൽ വിൽസൺ, പുലിക്കണ്ണി ഫൈസൽ, തോട്ടിയാൻ ജോർജ്ജ്, പൂവ്വത്തുങ്കൽ ജോസ് തുടങ്ങിയവരുടെ കൃഷിഭൂമികളിലാണ് ആന കനത്ത നാശം വിതച്ചിരിക്കുന്നതെന്നും കർഷകനായ മനോജ് വിശദീകരിച്ചു.
ജീവിക്കാൻ വയ്യാത്ത അവസ്ഥ
കാട്ടാനശല്യം രൂക്ഷമായതോടെ ആറേഴു മാസമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഇ എ ഓമന വ്യക്തമാക്കി. തുടക്കത്തിൽ കൃഷി നശിപ്പിക്കുന്നതായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോഴിത് സാമൂഹിക പ്രശ്നമായി മാറിയിരിക്കയാണ്. ഏതു നേരത്തും തലയെടുപ്പുള്ള കൊമ്പന്മാരാണ് പറമ്പിൽ. രാത്രിയായാൽ പത്തും ഇരുപതും എണ്ണം കൂട്ടാമായി കൃഷിയിടങ്ങളിലേക്കു എത്തുകയാണ്. കാട്ടാനശല്യമുള്ള പ്രദേശമാണെന്ന് ലോകം മുഴുവൻ അറിഞ്ഞു കഴിഞ്ഞതിനാൽ പ്രദേശത്തെ വിവാഹ പ്രായമെത്തിയ പെണ്ണിനും ചെക്കനുമൊന്നും ഇണകളെ കിട്ടാതായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു പ്രദേശത്തേക്ക് എന്തു ധൈര്യത്തിലാണ് തങ്ങളുടെ മകളെ അയക്കുകയെന്നാണ് ചോദ്യം. ആ ചോദ്യത്തിന് മുന്നിൽ ഞങ്ങൾക്കാർക്കും ഉത്തരമില്ല.
പലരും കാട്ടാനശല്യം കാരണം വീടും പറമ്പും വിറ്റ് സ്ഥലംവിടാൻ ആലോചിക്കുന്നുണ്ടെങ്കിലും കാട്ടാനശല്യത്താൽ കുപ്രസിദ്ധമായതോടെ സ്ഥലത്തിന് ന്യായമായ മാർക്കറ്റ് വില ലഭിക്കാത്ത സ്ഥിതിയാണ്. അധികപേരും അഞ്ചും എട്ടും ഏക്കർ കൃഷിഭൂമിയുള്ളവരാണ്. മക്കളുടെ പഠനം, വിവാഹം തുടങ്ങിയവക്കായി തങ്ങളുടെ ഭൂമിയിൽ അൽപം വിറ്റ് കാര്യം സാധിക്കാമെന്നു വിചാരിച്ചാലും അസാധ്യമായതോടെ ജീവിതം ഗതിമുട്ടിയിരിക്കയാണ്.
ചിമ്മിണി കാട്ടിൽനിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. പാലപ്പിള്ളി വഴി നടാമ്പാടം, റബർ നിറഞ്ഞ പഴയ കൊച്ചിൻ മലബാർ എസ്റ്റേറ്റിലേക്കു കയറിയാണ് നടാമ്പാടത്തെ ആദിവാസികൾ വസിക്കുന്ന കള്ളിചിത്ര കോളനി, നടാമ്പാടം കോളനി കടന്ന് വക്കീൽ കുണ്ടിലെ ജനവാസ മേഖലയിലേക്കു എത്തുന്നത്. ഇവിടെ എത്തിയാണ് പിന്നീട് ഞങ്ങളുടെ വീടിന് സമീപത്തെ ചെറിയ കാട്ടിലേക്കു എത്തുന്നത്. വക്കീൽകുണ്ടിൽനിന്ന് ആനക്കൂട്ടം കുട്ടൻചിറ, കള്ളായി കാട്ടിലേക്കു കയറും. കുട്ടൻചിറയിൽനിന്ന് പിന്നീട് കവരംപ്പിള്ളി കുന്നിന്റെ താഴ്വാരത്തെ പാത്തിക്കിരിച്ചിറയിലാണ് ആനകൾ തമ്പടിക്കുന്നത്. ഇവിടെ മാസങ്ങളായി മൂന്നംഗ സംഘം തമ്പടിക്കുകയാണ്.
കാട്ടാനകളെ തുരത്താൻ ഇന്ന് വൈട്ട് കുങ്കിയാനകൾ എത്തും എൽ ഡി എഫ് നേതൃത്വം നൽകുന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് ആനശല്യത്തിന് പരിഹാരം കാണാൻ ശ്രമം നടത്താത്തതിനാൽ നാട്ടുകാർ സംഘടിച്ചാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റെയ്ഞ്ചർ പ്രേം ശമിറിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളാണ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു വിരട്ടിയോടിക്കാനുള്ള ശ്രമത്തിന് പിന്നിൽ.
വെടിപൊട്ടിച്ചും ഗുണ്ട് പൊട്ടിച്ചും ടയർ കത്തിച്ചുമെല്ലാം ആകാവുന്ന രീതിയിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും വേണ്ടത്ര വിജയിക്കാത്ത സ്ഥിതിയാണ്. ഈ വിഷയത്തിൽ ചെറുവിരൽ അനക്കാത്ത പഞ്ചായത്ത് ഭരണസമിതിയും പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രനും ഇപ്പോൾ അവകാശപ്പെടുന്നത് കുങ്കിയാനകൾ ഇന്ന് എത്തുന്നത് തങ്ങളുടെ ശ്രമഫലമായാണെന്നാണ്. ജനപ്രതിനിധികളോട് ശക്തമായ അമർഷമാണ് ഈ വിഷയത്തിൽ ഇവിടെ നാട്ടുകാർക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്