- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ വെട്ടിമാറ്റി ടെസ്ലയുടെ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക്; അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിൽ ഫാക്ടറി തുടങ്ങും; വരുന്നത് 200 കോടി ഡോളറിന്റെ ഫാക്ടറി; ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് പിന്നാലെ ഇലോൺ മസ്ക്കും ഭാരതത്തിൽ നിക്ഷേപത്തിന്; വ്യവസായലോകത്ത് ഇന്ത്യ തിളങ്ങുമ്പോൾ!
ന്യൂഡൽഹി: ഇളവുകളും സൗജന്യങ്ങളും ധാരാളമായി പ്രഖ്യാപിച്ച്, ലോകത്തിലെ വൻ കിട കമ്പനികളെ തങ്ങളുടെ രാജ്യത്തേക്ക് റാഞ്ചിയെടുക്കുക എന്നത് ചൈന സ്വീകരിച്ചുവന്ന നയം ആയിരുന്നു. പക്ഷേ ഈയടുത്ത കാലത്തായി അതിന് തിരിച്ചടി കിട്ടുകയാണ്. യുക്രൈൻ യുദ്ധത്തിലടക്കം റഷ്യക്ക് കൊടുത്ത പരോക്ഷ പിന്തുണ അമേരിക്കയടക്കമുള്ള വൻ ശക്തികളെയും, കോർപ്പറേറ്റുകളേയും ചൈനാ വിരുദ്ധരാക്കി മാറ്റിയിരിക്കയാണ്. ഈ സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരത്തിന് അനുസരിച്ച് ഉയർന്നതും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കുമായിപ്പോലും മോദി ചർച്ചനടത്തി. ആപ്പിളിന്റെയും ഗൂഗിളിന്റെയും സിഇഒമാരെ ഇന്ത്യയിലേക്ക് നിക്ഷേപിക്കാനായി ക്ഷണിച്ചു.
ഇതിന്റെയല്ലാം ഗുണം ഫലം ഇപ്പോൾ കാണുകയാണ്. ചൈനയെ മാറ്റി, ഇപ്പോൾ ഇലോൺ മസ്കക്കിന്റെ ടെസ്ല കാർ നിക്ഷേപിക്കുന്നത് ഇന്ത്യയിലാണ്. അടുത്ത രണ്ട് വർഷത്തിനകം ടെസ്ല ഇന്ത്യയിൽ ഫാക്ടറി തുടങ്ങുമെന്ന്, ട്വിറ്റർ ഉടമയും ലോകത്തിന്റെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമായ ഇലോൺ മസ്ക്ക് പറഞ്ഞിരിക്കയാണ്. ഈ ഫാക്ടറി കിട്ടാനായി ചൈന നടത്തിയ ചരടുവലികൾ മോദി- മസ്ക്ക് സൗഹൃദത്തിന് മുന്നിൽ പൊളിഞ്ഞുവെന്നാണ്, വിദേശമാധ്യമങ്ങൾ പറയുന്നത്.
വരുന്നത് കോടികളുടെ നിക്ഷേപം
കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്ക്, ട്വിറ്റർ ഏറ്റെടുത്ത ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ്ലയുടെ കാലിഫോർണിയയിലെ ടെസ്ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ മസ്കുമായി ചർച്ച നടത്തിയിരുന്നില്ല.
ഇന്ത്യൻ കമ്പനികളിൽ നിന്നും സ്പെയർ പാർട്സുകൾ വാങ്ങുന്നത്, ടെസ്ല കഴിഞ്ഞ വർഷം മുതലേ ആരംഭിച്ചുകഴിഞ്ഞിരുന്നു. 2022ൽ ഇന്ത്യയിലെ ഓട്ടോ പാർസ്സ് നിർമ്മാണക്കമ്പനികളിൽ നിന്ന് ടെസ്ല വാങ്ങിയത് 100 കോടി ഡോളറിന്റെ പാർ ട്സുകളാണ്..ഈ സാമ്പത്തിക വർഷം അത് 200 കോടി ഡോളർ ആയി മാറുമെന്നാണ് പറയുന്നത്. സോണ കോംസ്റ്റാർ, ഡാന ഗ്രാസിയാനോ, സിഐഎസ് ഡബ്ല്യു ഡബ്ല്യു, ഭാരത് ഫോർജ് എന്നീ കമ്പനികളിൽ നിന്നാണ് പ്രധാനമായും ടെസ്ല പാർട്സുകൾ ശേഖരിക്കുന്നത്. വേണ്ടത്ര സൗജന്യങ്ങൾ നൽകിയാൽ 200 കോടി ഡോളർ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉൽപാദന യൂണിറ്റിനായി മുടക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് പിന്നാലെ ടെസ് ലയും ഇന്ത്യയിൽ വൻനിക്ഷേപത്തിനൊരുങ്ങുകയാണ്. വിദേശയാത്രകളിൽ മോദി ഇത്തരം വലിയ കമ്പിനകളുടെ സിഇഒ മാരെ കണ്ടിരുന്നു. തയ്വാനിലെ ഫോക്സ്കോൺ എന്നീ കമ്പനികൾ വൻതോതിൽ ഇന്ത്യയിൽ മുതൽ മുടക്കുന്നുണ്ട്. ആപ്പിളിന്റെ നേരിട്ടുള്ള വിൽപനകേന്ദ്രംവരെ ഇന്ത്യയിൽ വന്നു. ഗൂഗിൾ ഇന്ത്യയിൽ വൻ തുക മുടക്കിക്കഴിഞ്ഞു. ഇന്ത്യയെ ഡിജിറ്റൽ വൽക്കരിക്കുന്ന പദ്ധതിക്ക് ഗുഗിൾ നൽകിയത് ആയിരം കോടി ഡോളറാണ്. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ ആയിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചത്.
ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാർഡ് ഇന്ത്യയിലെ 100 ഭാഷകളിൽ ലഭ്യമാക്കും. 100 ഇന്ത്യൻ ഭാഷകളിൽ ചാറ്റും ടെക്സ്റ്റും ലഭ്യമാക്കാനാണ് ശ്രമം. ഗൂഗിളിന്റെ ആഗോള ഫിൻടെക് ആസ്ഥാനം ഗുജറാത്തിലാണ് തുറക്കുക. ആപ്പിൾ രണ്ട് വിൽപനകേന്ദ്രങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ ഫോണുകളുടെ ഉൽപാദനവും ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു. ആപ്പിൾ ഐഫോണിനുള്ള അനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ നേരത്തെ ആരംഭിച്ചുകഴിഞ്ഞു.
മോദി-മസ്ക്ക് ഭായിഭായി
അതിനിടെ ഇലോൺ മസ്ക്കും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദവും വാർത്തയായിട്ടുണ്ട്. ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവർമാരുള്ള വ്യക്തികളിലൊരാളായ മസ്ക് ഫോളോ ചെയ്യുന്ന ചുരുക്കം നേതാക്കളിൽ മോദിയുമുണ്ട്. ഇന്ത്യൻ വിപണിയിൽ താൽപര്യമുണ്ടെന്നും ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാവുമെന്നും 'ദി വാൾസ്ട്രീറ്റ് ജേണലിന്' നൽകിയ ഒരു അഭിമുഖത്തിൽ മസ്ക് പറഞ്ഞിരുന്നു.മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദത്തിലും മസ്ക് പ്രതികരിച്ചിരുന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ട്വിറ്റർ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു പറഞ്ഞ മസ്ക്, ഇന്ത്യയിൽ സമൂഹമാധ്യമ നിയമങ്ങൾ കർക്കശമാണെന്നും അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിനിലനിൽക്കുമ്പോഴും ഇന്ത്യ പിടിച്ചുനിൽക്കുന്നത് ഈ വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുതന്നെയാണെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിലയിരുത്തുന്നത്. ഇന്ന് ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയുടേതാണെന്നാണ് വിലയിരുത്തൽ. മെയ്ക് ഇൻ ഇന്ത്യ, ഉത്പാദന ബന്ധിത ആനുകൂല്യങ്ങൾ എന്നീ പദ്ധതികൾ ഉത്പാദന മേഖലയിൽ വലിയ ഉണർവാണ് ഉണ്ടാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവനകളാണ് നല്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.അഞ്ചു വർഷം കൊണ്ട് 13.5 കോടി പേർ പട്ടിണിയിൽ നിന്ന് മുക്തരായി എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈയിടെ പാർലമെന്റിൽ പറഞ്ഞത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ