- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയതും ഭർത്താവ് സമ്മാനിച്ച പുത്തൻ കാറിൽ; രജിസ്ട്രേഷൻ തന്റെ പേരിലായതുകൊണ്ടു കാർ വിട്ടുകൊടുക്കാനാവില്ലെന്ന് കടുംപിടുത്തം; അലമാരയിൽ നിന്നെടുത്ത ആഭരണങ്ങളും കൊടുക്കില്ല; മുമ്പും യുവതി കാമുകനൊപ്പം മുങ്ങിയതായി ബന്ധുക്കൾ; കുട്ടികളെ ഉപേക്ഷിച്ചതിന് കേസും
കണ്ണൂർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായെങ്കിലും, ഇവർ കൊണ്ടുപോയ ഭർത്താവിന്റെ പുതിയ കാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചെങ്ങളായി അരിമ്പ്രയിലെ കൊവ്വൽ ഹൗസിൽ റിസ്വാനയെ(27) കാണാതായത്. യുവതി ഏതാനും മാസങ്ങൾക്കു മുമ്പ് ഇതേ കാമുകനൊപ്പം മുങ്ങിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് 27 കാരി. കാമുകൻ 24 കാരനും. യുവതിയുടെ ഭർത്താവിന് വിദേശത്താണ് ജോലി.
ഭർത്താവ് വാങ്ങിയ പുതിയ കാറും 20 പവന്റെ സ്വർണാഭരണങ്ങളുമായി കാമുകനും ബസ് ജീവനക്കാരനുമായ പെരുവളത്ത് പറമ്പ് സ്വദേശിയുമായ റമീസിന്റെ കൂടെയാണ് റിസ്വാന പോയത്. റിസ്വാനയുടെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെയാണ് റിസ്വാനയും റമീസും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വിവരമറിഞ്ഞ് പ്രവാസിയായ ഭർത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലിസ് സ്റ്റേഷനിലെത്തി. കാർ വാങ്ങിച്ചത് ഭർത്താവാണെങ്കിലും ഇതിന്റെ രജിസ്ട്രേഷൻ യുവതിയുടെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ കാർ വിട്ടുകൊടുക്കാൻ റിസ്വാന തയ്യാറായില്ല.
ബസ് ഡ്രൈവറായ കാമുകനൊപ്പം ഈ കാറിലാണ് ഇവർ തളിപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവർ വീട്ടിൽ നിന്നും കൊണ്ടു പോയ സ്വർണാഭരണങ്ങളും തിരിച്ചു കൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതു വാക് തർക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേനെ പ്രശ്നം തീർക്കാൻ പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. നാലും ഏഴും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോയതിന് റിസ്വാനയ്ക്കെതിരെ ഭർതൃബന്ധുക്കളുടെ പരാതിയിൽ ജുവനൈൽ ആക്ടുപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാർ കരുതുന്നത്. രാത്രി ഒന്നര മണിയോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് യുവതി പണം പിൻവലിച്ചു. അർദ്ധരാത്രിയിൽ ഭാര്യ പണം പിൻവലിച്ച മെസ്സേജ് ഫോണിൽ വന്നതോടെ വിദേശത്തുള്ള ഭർത്താവ് അമ്പരപ്പിലായി. വീട്ടിലാർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ, ആശുപത്രിയിലാണാ എന്നൊക്കെ സംശയിച്ചുപോയി.
പിന്നീട് അമ്പരപ്പ് മാറിയപ്പോൾ ഭാര്യയെ വിളിച്ചു. ഫോൺ വിളിച്ച് കിട്ടാതെ വന്നതോടെ വീട്ടുകാരെ വിളിച്ചു. ബന്ധുക്കൾ മുറിയിൽ ചെന്ന് നോക്കിയപ്പോൾ ആരെയും കാണാനില്ല. കാസർകോടുള്ള എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് മനസ്സിലായി. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭർത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭർത്താവ് വീണ്ടും ജോലിക്കായി വിദേശത്തേക്ക് പോയി.
കാമുകനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു എന്നാണ് ഭർത്താവ് കരുതിയത്. എന്നാൽ ഇരുവരും ബന്ധം തുടർന്നിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. യുവതിയെയും മകളെയും വിദേശത്തുകൊണ്ടുപോകാൻ ടിക്കറ്റ് വരെ എടുത്ത് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഭർത്താവ്. അതിനിടയിലാണ് വീണ്ടും ഭാര്യയുടെ ഒളിച്ചോട്ടം.
ടവർ ലൊക്കേഷനും പണം പിൻവലിച്ച എടിഎമ്മിന്റെ ലൊക്കേഷനും കണക്കിലെടുത്ത് അന്വേഷിച്ചപ്പോൾ ആണ് യുവതി കാസർകോട് ഉണ്ട് എന്ന് മനസ്സിലായത്. ഇതിനുശേഷം പൊലീസ് യുവതിയെ ബന്ധപ്പെട്ടു. ഇതിനുശേഷം നടത്തിയ ചർച്ചക്കൊടുവിലാണ് യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്