- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തി ഭൂഷൻ സ്മരിക്കപ്പെടുക അധസ്ഥിതർക്കുവേണ്ടി ഉയർത്തിയ ശബ്ദത്തിലെന്ന് പ്രധാനമന്ത്രി; വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര നിയമ മന്ത്രി; ഒരു യുഗത്തിന്റെ അന്ത്യമെന്ന് മകൻ പ്രശാന്ത് ഭൂഷൺ; ശാന്തി ഭൂഷന്റെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതർക്കുവേണ്ടി ശബ്ദമുയർത്താൻ കാണിച്ച താൽപര്യത്തിന്റെ പേരിലും ശാന്തിഭൂഷൺ സ്മരിക്കപ്പെടുമെന്ന് മോദി പറഞ്ഞു. ശാന്തി ഭൂഷന്റെ വിയോഗത്തിൽ വേദനയുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഇതൊരു യുഗത്തിന്റെ അന്ത്യ'മാണെന്ന് ശാന്തി ഭൂഷന്റെ മകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള ഭരണഘടനയുടെ പരിണാമങ്ങളെയും നിയമവ്യവസ്ഥയെയും അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു അച്ഛൻ. അതേക്കുറിച്ച് പറയുന്ന കോർട്ടിങ് ഡെസ്റ്റിനി, മൈ സെക്കൻഡ് ഇന്നിങ്സ് എന്നീ രണ്ട് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടമാണെന്നു മാത്രമേ പറയാനുള്ളൂ, പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
ശാന്തി ഭൂഷന്റെ വിയോഗത്തിൽ ഏറെ ദുഃഖമുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവും പ്രതികരിച്ചു.
മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭ (197779)യിൽ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. കോൺഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷൺ പിന്നീട് ജനതാ പാർട്ടിയിൽ അംഗമായി. 1977 മുതൽ 1980 വരെ രാജ്യസഭാംഗമായിരുന്നു.
1980-ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 1986-ൽ ബിജെപിയിൽനിന്ന് രാജിവെച്ചു. ആം ആദ്മി പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നില്ല.
രാജ്യം കണ്ട മികച്ച നിയമജ്ഞരിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പു വിജയത്തെ ചോദ്യം ചെയ്ത് രാജ് നാരായൺ കോടതിയെ സമീപിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷൺ ആയിരുന്നു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
മറുനാടന് മലയാളി ബ്യൂറോ