തിരുവനന്തപുരം: ഇ.പി. ജയരാജന്റെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തു നിന്നുള്ള രാജി സിപിഎം അംഗീകരിച്ചു. രാജി തീരുമാനം ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കേണ്ടത് കേന്ദ്ര കമ്മറ്റിയാണ്. കേന്ദ്ര കമ്മറ്റി തീരുമാനം തിരിച്ചറിഞ്ഞാണ് ഇപി രാജി നല്‍കിയത്. ബിജെപി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജിയും നല്‍കി. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാര്‍ട്ടിയുടെ വിശദീകരണം വരുമ്പോഴെ വ്യക്തത വരൂ. എന്നാല്‍ രാജി നല്‍കിയിരുന്നുവെന്ന് ഇപിയുടെ വിശ്വസ്തര്‍ സ്ഥിരീകരിച്ചു. സിപിഎം നേതൃത്വം എങ്ങനെ വിശദീകരിച്ചാലും അതിനെ ഇപി എതിര്‍ക്കില്ല. സെക്രട്ടറിയേറ്റില്‍ വിമര്‍ശനം അതിരൂക്ഷമാണെന്ന് തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങി. പിന്നാലെ രാജിയില്‍ സ്ഥിരീകരണവും എത്തി. ഇപിയ്ക്ക് പകരക്കാരനായി എകെ ബാലനെ കൊണ്ടു വരാനായിരുന്നു പിണറായിയുടെ താല്‍പ്പര്യം. എന്നാല്‍ കോഴിക്കോട്ട് നിന്നുള്ള ടി പി രാമകൃഷ്ണനെ ഇറക്കി അതിനെ ഗോവിന്ദന്‍ വെട്ടി. ഇതിനൊപ്പം പാലക്കാട്ടെ പിണറായിയുടെ വിശ്വസ്തന്‍ പികെ ശശിയേയും ഗോവിന്ദന്‍ വെട്ടിനിരത്തി.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തില്‍ ഇപിയുമായി 3 വട്ടം ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം. എന്നാല്‍ ലോക്‌സഭയിലെ തിരിച്ചടിയ്ക്ക് ഇത് കാരണമായെന്നാണ് സിപിഎം വിലയിരുത്തല്‍. ബ്രാഞ്ച് സമ്മേളനം തുടങ്ങും മുമ്പേ നടപടിയും വരുന്നു. ഇതോടെ ഇപിയെ ഉയര്‍ത്തി ലോക്‌സഭാ തോല്‍വിയെ ഗോവിന്ദന്‍ ന്യായീകരിക്കും. പാര്‍ട്ടി സമ്മേളനത്തില്‍ സംഘടനയില്‍ കരുത്തു കാട്ടുകായണ് ലക്ഷ്യം.

ഇന്ന് കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും അതില്‍ പങ്കെടുക്കുന്നതിനാണ് സംസ്ഥാനസമിതിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. പാര്‍ട്ടി നടപടിക്കാര്യം ആദ്യം നിഷേധിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടിയോ ഇ.പി. യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിട്ടായിരുന്നു ഇ.പി. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറിനെ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ സന്ദര്‍ശിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു. പ്രതിഷേധിച്ചാണ് ഇ.പി. കണ്ണൂരിലേക്ക് മടങ്ങിയതെന്നും സംസ്ഥാനസമിതിയോഗം ബഹിഷ്‌ക്കരിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ രാജി നല്‍കിയാണ് മടക്കമെന്നാണ് മറുനാടന് കിട്ടിയ സ്ഥിരീകരണം.

ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം തുടങ്ങിയത്. ബിജെപി പ്രവേശനത്തില്‍ 90 ശതമാനം ചര്‍ച്ചകള്‍ ഇ പി പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് അദ്ദേഹം തന്നെയാണെന്നുമായിരുന്നു ശോഭയുടെ ആരോപണം.