കൊച്ചി: ക്രിസ്മസിന് കുർബാന തർക്കം മാറ്റി വയ്ക്കും. ക്രിസ്മസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പള്ളികളിലും കുർബാന സിനഡ് നിർദേശിച്ച രീതിയിലാകുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ ജനാഭിമുഖ കുർബാന തുടരും. മാർപ്പാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്രിസ്മസ് ദിനം മുതൽ സിറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും സിനഡ് കുർബാന ചൊല്ലണമെന്ന് മാർപ്പാപ്പ നേരിട്ട് നിർദേശിച്ചിരുന്നു. ഉത്തരവ് അവഗണിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.

ക്രിസ്മസിന് സിനഡ് കുർബാന ചൊല്ലണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതക്ക് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കത്തയച്ചിരുന്നു. സിനഡ് കുർബാന ചൊല്ലണമെന്ന മാർപ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. ഇത് സഭയുടെ ഐക്യത്തിന് കൂടി പ്രധാനപ്പെട്ടതാണ്.

അതിരൂപതയിലെ കാര്യങ്ങൾ വിശദമായി പഠിച്ചാണ് ഡിസംബർ ഏഴിന് മാർപ്പാപ്പ വ്യക്തമായ നിർദ്ദേശം നൽകിയതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. അപ്പോസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂരും ഇതുസംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ക്രിസമസ് ദിനം മുതൽ അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കണമെന്ന് സഭ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ക്രിസമസിന് അതിരൂപതയിൽ സിനഡ് കുർബാന ചൊല്ലാൻ എല്ലാ വൈദികരും തയ്യാറാകണമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സർക്കുലറിൽ ആവശ്യപ്പെടുന്നു. സഭയും മാർപ്പാപ്പയും അതാണ് ആഗ്രഹിക്കുന്നത്. അതിരൂപതയിൽ സമാധാന അന്തരീക്ഷം തുടരാനാണ് ആഗ്രഹിക്കുന്നത്. അടഞ്ഞുകടിക്കുന്ന സെന്റ് മേരീസ് ബസലിക്ക അടക്കമുള്ളവ തുറന്ന് ആരാധന നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.