കോഴിക്കോട്: നേതൃത്വത്തിലെ ചിലരുടെ ഗോത്രീയ മനോഭാവവും, ഇടതുപക്ഷ വിധേയത്വവും മൂലം കേരള എക്സ് മുസ്ലിം അസോസിയേഷനിൽ കടുത്ത ഭിന്നത. ഇസ്ലാം വിട്ടവരുടെ കൂട്ടായ്മ എന്ന രീതിയിൽ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധേയമായ എക്സ് മുസ്ലിം സംഘടനയിൽനിന്ന് ഇപ്പോൾ രണ്ടു പ്രമുഖർ വിട്ടുപോയിരിക്കയാണ്. സ്വതന്ത്രചിന്തകനും യൂട്യൂബറും പ്രഭാഷകനുമായ ആരിഫ് ഹുസൈൻ തെരുവത്ത് ആണ് കഴിഞ്ഞ ദിവസം സംഘടനയിൽനിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചത്. പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചയായി ഫേസ്‌ബുക്കിലൂടെ അറിയിച്ചുകൊണ്ട്, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകയുമായ ജസ്ല മാടശ്ശേരിയും രംഗത്ത് എത്തി.

ആഗോള വ്യാപകമായി വേരുകൾ ഉള്ള ഒരു പ്രസ്ഥാനം എന്ന നിലയിൽ എക്സ് മുസ്ലിം മൂവ്മെന്റിനോട് തനിക്ക് യോജിപ്പുണ്ടെന്നും, എന്നാൽ കേരളത്തിലെ സംഘടനയുടെ തലപ്പത്തുള്ളവർ വിവേകവും, ജനാധിപത്യ മര്യാദയും പ്രകടിപ്പിക്കുന്നില്ല എന്നും, ആരിഫ് ഹൂസൈൻ തെരുവത്ത്, ഇതുസംബന്ധിച്ച തന്റെ വിശദീകരണ വീഡിയോയിൽ പറയുന്നു. പക്ഷേ ഇസ്ലാം വിട്ടിട്ടും ഇസ്ലാമിക ഗോത്രീയത വിടാത്തവരാണ് ഈ സംഘടനയുടെ നേതാക്കൾ എന്നാണ് പൊതു വിമർശനം. കടുത്ത ഇസ്ലാം വിമർശനം നടത്തുന്ന ജാമിദ ടീച്ചറെപ്പോലുള്ളവർ സംഘികൾ ആണെന്നാണ് ഇവർ പറയാറുള്ളത്. അതുപോലെ ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിധേയത്വവും ഇവരുടെ ബലഹീനതയാണ്. ഇതൊക്കെയാണ് എക്സ് മുസ്ലിം മൂവ്മെന്റിനെ പിളർപ്പിലേക്ക് നയിക്കുന്നത്. സംഘടന വിട്ടുപോയവർ പുതിയൊരു മൂവ്മെന്റിന് തുടക്കമിടാനുള്ള ശ്രമവും നടത്തുന്നുണ്ട്.

അസ്‌ക്കർ അലിയെ ഒറ്റുകൊടുത്തു

നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും, എക്സ് മുസ്ലിം മൂവ്മെന്റ് വിടുന്നതിനുള്ള പ്രധാന കാരണമായി ആരിഫ് ഹുസൈൻ തെരുവത്ത് പറയുന്നത്, ഇസ്ലാം വിട്ടതിന്റെ പേരിൽ വധ ഭീഷണി വരെ നേരിട്ട അസ്‌ക്കർ അലിക്കെതിരെ ഈ സംഘടന കുപ്രചാരണം നടത്തിയെന്നാണ്. ചെമ്മാട് ദാറുൽ ഹുദയിൽനിന്ന് ഹുദവി പട്ടത്തിന് പഠിച്ച അസ്‌ക്കർ അലി അവിടെ ഡിഗ്രി എടുക്കാൻ സംവിധാനമില്ലെന്നും, ഉള്ളത് ഡിസ്റ്റൻസ് എഡുക്കേഷൻ വഴി കിട്ടുന്ന അംഗീകാരമില്ലാത്ത ഡിഗ്രിയാണെന്നും പറഞ്ഞിരുന്നു. എന്നാൽ അസ്‌ക്കർ അലിക്ക് ഡിഗ്രിയുണ്ടെന്ന് പറഞ്ഞ് അയാൾക്കെതിരെ കുപ്രചാരണം നടത്തുകയാണ് എക്സ് മുസ്ലിം നേതാക്കൾ ചെയ്തത്. ദാറുൽ ഹുദയിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് വളരെ ദുഷിച്ച ഒരു ചിത്രമാണ് നൽകുന്നത് എന്നും, സൈന്യത്തിൽ ചേരുന്നതിനെ നിരുൽസാഹപ്പെടുത്തുമെന്നും അസ്‌ക്കർ പറഞ്ഞതിനെതിരെയും എക്സ്മുസ്ലിം നേതാക്കൾ രംഗത്ത് എത്തി. ഇതൊക്കെ സംഘപരിവാറിനെ സഹായിക്കുമെന്നായിരുന്നു അവരുടെ വാദം.

എന്നാൽ എക്സ് മുസ്ലിം നേതാക്കൾ പറഞ്ഞത് തെറ്റാണെന്ന് പിന്നീട് അവർക്കുതന്നെ ബോധ്യം വന്നുവെങ്കിലും തിരുത്താൻ തയ്യാറായില്ല എന്ന് ആരിഫ് ഹുസൈൻ പറയുന്നു. അതുപോലെ തനിക്ക് ജർമ്മനിയിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസിലേക്ക് തനിക്ക് ക്ഷണം കിട്ടിയപ്പോൾ, എക്സമുസ്ലിം കേരളയുടെ പേരിൽ കൂട്ടമായി മെയിൽ അയച്ച് ആ യാത്ര മുടക്കുയായിരുന്നുവെന്നും ആരിഫ് ആരോപിക്കുന്നു.

തന്റെ വീഡിയോയിൽ ആരിഫ് ഇങ്ങനെ പറയുന്നു. 'ആശയപരമായ എതിർപ്പുകളും വ്യത്യാസങ്ങളും ഏതൊരു സംഘടനയിലും സ്വാഭാവികമാണ്. പക്ഷേ ആത്യന്തികമായി എക്സമുസ്ലിം സംഘടന എന്ന നിലക്ക് നിലനിൽക്കുമ്പോൾ ഉയർത്തിപിടിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങൾക്ക് നേർ വിപരീതം ആയിട്ടാണ് അത് പ്രവർത്തിക്കുന്നത്. ചൂണ്ടികാണിച്ചിട്ട് തിരുത്തുവാനോ അതിൽ ഖേദം രേഖപെടുത്തുവാനോ തയാറായിട്ടില്ല. അതിലെല്ലാം ഇടപെട്ടുകൊണ്ട് തിരുത്തുവാൻ ആവശ്യപ്പെട്ടതെല്ലാം വൈരാഗ്യ ബുദ്ധിയോടെയാണ് സംഘടനാ നേതാക്കൾ സമീപിച്ചത്. സംഘടനാ യോഗങ്ങളിൽ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങളും നിലപാടുകളും, അത് ഭൂരിപക്ഷ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായിരുന്നു എന്ന ഒരു കാരണം കൊണ്ട്, അത് പൊതു ഇടങ്ങളിൽ പരസ്യപ്പെടുത്തി വ്യക്തി വൈരാഗ്യം തീർക്കുന്നതിന് വരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് നേരിട്ട് ചൂണ്ടിക്കാണിച്ചിട്ടും അതിലും യാതൊരു തിരുത്തൽ നിലപാടുകൾ ഉണ്ടാകാറില്ല. അതിനാൽ രാജിയല്ലാതെ വേറെ പോംവഴിയില്ല.

2022 മെയ് മാസത്തിൽ തന്നെ ഈ സംഘടനാ പ്രവർത്തികളിൽ എനിക്ക് ഉത്തരവാദിത്യമില്ല എന്ന് പരസ്യപ്പെടുത്തുകയും, എക്സികൂട്ടിവ് അംഗം എന്ന ഭാരവാഹിത്വത്തിൽ നിന്ന് രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നെങ്കിലും, കഴിഞ്ഞ ദിവസം 2022 ഒക്ടോബറിൽ ചേർന്ന യോഗത്തിൽ ആണ് രാജി ഔദ്യോഗികമായി സ്വീകരിച്ച വിവരം സംഘടനാ നേതൃത്വം രേഖാമൂലം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട്, തുടർന്നങ്ങോട്ട് കേരള എക്സമുസ്ലിം സംഘടനയുമായോ, അവരെടുക്കുന്ന തീരുമാനങ്ങളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല, പങ്കുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു.

ഇത് എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയിൽ നിന്നും ഉള്ള രാജി മാത്രം ആണ്. അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ടും, എക്സ്മുസ്ലിം എന്ന ആഗോള മുന്നേറ്റത്തിന്റെ ഭാഗമായി തന്നെ പ്രവർത്തിക്കുന്നതാണ്, അതിനു വേണ്ടി രൂപം കൊള്ളുന്ന മറ്റേത് സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്നതും ആയിരിക്കും. ഭാവിയിൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്ന പക്ഷം, കേരള എക്സ് മുസ്ലിം സംഘടനയും ആയി ഭാരവാഹി തലത്തിൽ പ്രവർത്തിക്കുനന്തിന് എതിർപ്പുമില്ല. നിലവിലെ നേതൃത്വത്തിൽ അത്തരം ഒരു വിശ്വാസമില്ല.''- ആരിഫ് ചൂണ്ടിക്കാട്ടി.

ജസ്ലയും രാജിവെക്കുന്നു.

ആരിഫിന് പിന്നാലെ എക്സ് മുസ്ലിം കൂട്ടായ്മയിൽനിന്ന് രാജിവെച്ചയായി ജസ്ല മാടശ്ശേരിയും അറിയിച്ചിട്ടുണ്ട്. ജസ്ലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഞാൻ ഭാരവാഹിയായിരുന്ന എല്ലാ സംഘടനകളിൽ നിന്നും രാജി വെച്ച് ഒഴിയുന്നു. താത്കാലികമായി എന്ന് പറഞ്ഞു തന്നെയാണ് എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ഭാരവാഹിത്വമേറ്റെടുത്തിരുന്നത്. ഇപ്പോൾ വൈസ് പ്രസിഡന്റ് എന്ന സ്ഥാനമൊഴിഞ്ഞിരിക്കുന്നു. മൂന്ന് മാസങ്ങൾക്കു മുന്നെ രാജി സമർപ്പിച്ചിരുന്നു. ഒരാഴ്ചയിലധികമായി രാജി സ്വീകരിച്ചിട്ട്. ഫേസ്‌ബുക് അക്കൗണ്ട് ബ്ലോക്ക് കാരണം അറിയിക്കാൻ പറ്റിയില്ലായിരുന്നു.

മറ്റൊന്നും കൊണ്ടല്ല പൂർണ്ണമായും സംഘടനാ പ്രവർത്തനത്തോടൊപ്പം മുന്നോട്ടു പോകാൻ കഴിയില്ല. ഉത്തരവാദിത്തം ഏറ്റെടുത്താൽ അതിൽ ആത്മാർത്ഥമായി പ്രവർത്തനത്തിൽ പങ്കു ചേരണമെന്ന പോളിസി ആണ് എനിക്കുള്ളത്. എന്നാൽ എന്റെ തൊഴിൽപരമായും വ്യക്തിപരമായും ഉള്ള കാരണങ്ങളാൽ പലപ്പോഴും സംഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു മാറേണ്ടി വരും .ഉത്തരവാദിത്തമുള്ള കൂടുതൽ കഴിവുള്ള ആളുകൾ കടന്നു വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മാത്രമല്ല ഏതൊരു സംഘടനയുടെയെങ്കിലും ഭാഗമാവുകയാണേൽ സംഘടനയുടെ നിലപാടുകലുമായി മുന്നോട്ടു പോകേണ്ടി വരും .വ്യക്തിപരമായ അഭിപ്രായങ്ങൾ സംഘടനയെ ബാധിക്കുകയും ചെയ്യും.

മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.കൂടുതൽ കരുത്തോടെ കരുതലോടെ മുന്നോട്ടു പോകാനാവട്ടെ . ഒരു മത രാഷ്ട്രീയ സംഘടനകളുടെയും ചട്ടുകമാവാതെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഭാരവാഹിയായിട്ടല്ലാതെ തന്നെ ഉൾക്കൊള്ളാൻ പറ്റുന്ന പുരോഗമന നിലപാടുകളോടൊപ്പം എന്നുമുണ്ടാവും. മാറ്റമാണ്, നവീകരിക്കപ്പെടേണ്ട സമൂഹത്തെ നവീകരിക്കുക തന്നെ വേണം. എല്ലാവിധ പിന്തുണയും ഉണ്ടാവും. വഴിവെട്ടുക തിരി തെളിയിക്കുക, അത് രണ്ടും ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെ''- ഇങ്ങനെയാണ് ജസ്ലയുടെ പോസ്റ്റ് അവസാനിക്കുന്നത്.