- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീചിത്രയിൽ ഒരു ദിവസം ട്യൂമർ ബാധിച്ച് ചികിത്സക്ക് വരുന്നത് നൂറോളം കുട്ടികൾ; അതിൽ 90 ശതമാനം കുട്ടികൾക്കും കാൻസറാണ്; മൊബൈൽ റേഡിയേഷനാണ് ഇതിന്റെ കാരണമെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ പറയുന്നു': വാട്സാപ്പിൽ ഭീതി പരത്തുന്ന ഓഡിയോയുടെ യാഥാർത്ഥ്യമെന്ത്?
കോഴിക്കോട്: കേരളത്തിലെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ഓഡിയോ ഭീതി പരത്തുകയാണ്. മൊബൈൽ ഫോൺ കാൻസർ ഉണ്ടാക്കുമെന്നും, കേരളത്തിലെ കുട്ടികൾക്കിടയിൽ രോഗം കൂടിവരികയാണെന്നുമുള്ള ഒരു അജ്ഞാതനായ വ്യക്തിയുടെ അനുഭവസാക്ഷ്യമാണത്.
വാട്സാപ്പിൽ പ്രചരിക്കുന്ന ഓഡിയോ ഇങ്ങനെയാണ്. -'ഇന്ന് വളരെ സങ്കടകരമായ ഒരു കാര്യം കാണേണ്ടി വന്നതിനെ തുടർന്നാണ് ഈ വോയ്സ് മെസേജ് അയക്കുന്നത്. ഞാൻ എന്റെ മൂത്ത സഹോദരിയുടെ, മകന്റെ ഭാര്യയെ തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ, അവരുടെ തലക്കകത്ത് ഒരു ട്യൂമർ ഉണ്ടായതിൻെ തുടർന്ന് അഡ്മിറ്റ് ചെയ്തതിനെ തുടർന്ന് പോയിരുന്നു. ആ അഡ്മിഷന് മൂന്ന് നാല് മണിക്കൂർ എടുത്തു. അവിടെ എന്റെ കുറച്ച് സുഹൃത്തുക്കളായ ഡോക്ടർമാർ ഉണ്ടായിരുന്നു. അതിൽ ഒരു ഡോക്ടർ പറഞ്ഞു, ഇവിടെ കുറച്ചു ദിവസം എന്റെ കൂടെ ഇരിക്കാൻ, ഞാൻ ഒരു കാഴ്ച കാണിച്ചുതരാം എന്ന്. ആ സമയത്തുള്ള, 7-8 കുഞ്ഞുങ്ങളെ പരിശോധിച്ചു. ആ കുട്ടികൾ എല്ലാം തലക്ക് അകത്ത് ട്യൂമറാണ്. അദ്ദേഹം പറയുന്നത് ഇന്ന് ഇവിടെ നൂറോളം കുഞ്ഞുങ്ങളെ രണ്ടു ഡോക്ടർമാർ പരിശോധിക്കയുണ്ടായി. ഇങ്ങനെ പരിശോധിച്ച, ട്യൂമറുള്ള കുട്ടികളിൽ 90 ശതമാനത്തിനും, കാൻസർ ആണ്.
അദ്ദേഹം പറഞ്ഞത് ഈ അപകടം വരുത്തിവെക്കുന്നത്, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാനായും, അവർ ശാഠ്യമുണ്ടാക്കുമ്പോൾ സന്തോഷിപ്പിക്കാനുമായി നമ്മൾ കൊടുക്കുന്ന, മൊബൈൽ ഫോണുകളാണ് ഈ ട്യൂമറുകൾ ഉണ്ടാക്കാൻ കാരണം. അതിനാൽ ഒരു കാരണവശാലും കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ കൊടുത്ത്, അവരെ അതിന് അടിമകളാക്കാൻ ശ്രമിക്കരുത്. നിങ്ങൾ ഇത് പരമാധി ആളുകളിലേക്ക് ഷെയർ ചെയ്യണം എന്ന് അദ്ദേഹം എന്നോട് സ്നേഹത്തോടെ പറഞ്ഞു. അതേ സ്നേഹത്തോടെ ഞാൻ പറയുന്നു, നിങ്ങൾക്ക് അറിയാവുന്ന, എല്ലാ ആളുകളോടും ,അവരുടെ കുഞ്ഞുങ്ങൾ ആയുസോടും ആരോഗ്യത്തോടും ഇരിക്കാനായി മൊബൈൽ ഫോൺകൊടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്കും മൊബൈൽ ഫോൺ അപകടരമാണ്. അതിന്റെ പത്തിരിട്ടി അപകടമാണ് കുഞ്ഞുങ്ങൾക്ക് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കാണം. ഇത് എന്റെ അനുഭവ സാക്ഷ്യമാണ്. ഞാൻ നേരിട്ട് കണ്ട കാഴ്ചയാണ്. അതുകൊണ്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ''- ഇങ്ങനെയാണ് ഈ ഓഡിയോ മെസേജ് അവസാനിക്കുന്നത്.
യാഥാർത്ഥ്യം എന്ത്?
എന്നാൽ ഇതിന്റെ യാഥാർത്ഥ്യം ശാസ്ത്രലോകം ബൈജുരാജ് ഇങ്ങനെ വിശദീകരിക്കുന്നു- 'ഇതിൽ പറഞ്ഞിരിക്കുന്നത് മൊബൈൽ റേഡിയഷൻ കാരണമാണ് കുട്ടികൾക്ക് കാൻസറും ട്യമറും വന്നിരിക്കുന്നത് എന്നാണ്. എന്നാൽ മൊബൈൽ റേഡിയേഷൻ ഇത്ര വില്ലനാണോ. അല്ല. മൊബൈൽ റേഡിയേഷൻ എന്നത് റേഡിയേഷനിലെ കുറച്ച് ഭാഗങ്ങൾ മാത്രമാണ്. നമുക്ക് കാണാവുന്ന ദൃശ്യപ്രകാശവും, മൈക്രോവേവ് റേഡിയേഷൻ, റേഡിയോ ഫ്രീക്വൻസി, അൾട്രാവയലറ്റ്, ഇൻഫ്രാറെഡ്, എക്സറെ, ഗാമാ റെയസ് ഇവയെല്ലാം, റേഡിയേഷനുകളാണ്. റേഡിയേഷൻ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്്. പക്ഷേ നമ്മൾ കാണുന്ന ഈ ദൃശ്യ പ്രകാശം, റേഡിയേഷനാണ്. ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷന്റെ ഒരു ഭാഗം മാത്രമാണ്, ദൃശ്യപ്രകാശം.
ദൃശ്യപ്രകാശത്തിൽ നമുക്ക് കാണാവുന്ന ഏറ്റവും ശക്തി കൂടിയ റേഡിയേഷൻ വയലറ്റാണ്. ചുവപ്പാണ് ഏറ്റവും ശക്തി കുറഞ്ഞ റേഡിയേഷൻ, പക്ഷേ ഈ റേഡിയേഷനൊന്നും നമുക്ക് ദോഷം ചെയ്യുന്നവയല്ല. ഇത് നമ്മൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതാണ്. സൂര്യനിൽനിന്ന് വരുന്നതാണ്. ചുവപ്പിനേക്കാൾ ശക്തി കുറഞ്ഞതാണ് ഇൻഫ്രാറെഡ്. ഇതിനേക്കാൾ ശക്തി കുറഞ്ഞതാണ് മൈക്രോവേവ് റേഡിയേഷൻ. മൊബൈൽ ഫോൺ റേഡിയേഷൻ ഈ ഇനത്തിലാണ് വരുന്നത്.
3ജി ആയാലും, 4ജി,ആയാലും, 5 ജി ആയാലും ഇനി 100ജി ആയാലും നമ്മുടെ ദൃശ്യപ്രകാശത്തേക്കാൾ ആയിരക്കണക്കിന് മടങ്ങ് ശക്തി കുറഞ്ഞതാണ്. അത് തീർത്തും നിരുപദ്രവകരമാണ്. എന്നാൽ വയലറ്റിനേക്കാൾ തീവ്രത കൂടിയ അൾട്രാവയറ്റ് ചിലപ്പോൾ നമുക്ക് ദോഷകരമാണ്. കണ്ണിനേറ്റു കഴിഞ്ഞാൽ തകരാറാണ്. അത് തടയാനാണ് യുവി ഗ്ലാസ് ഒക്കെ ഉപയോഗിക്കുന്നത്. അൾട്രാവയറ്റിലേക്കാൾ ശക്തി കൂടിയതാണ്, എക്സ്റേ. എന്നിട്ടും നമ്മൾ അത് ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്.
ഗാമ റെയിസ് പോലുള്ള റേഡിയേഷനുകൾ പൂർണ്ണമായും അയോണൈസിങ്ങ് ആണ്. അത് ആറ്റത്തെ തെറുപ്പിക്കും. എന്നാൽ മൊബൈൽ റേഡിയേഷൻ അടക്കമുള്ളവ തീർത്തും നിരുപദ്രവമാണ്. അവയക്ക് ആറ്റത്തെ തെറുപ്പിക്കാനോ, അയണോസൈഷന് വിധേയമാക്കനോ ഉള്ള കഴിവില്ല.
ഇനി മൊബൈൽ ഫോൺ കുട്ടികൾക്ക് പ്രശ്നമാണോ എന്നത് പരിശോധിക്കാം. ഒരു കത്തി ഉപദ്രവകാരിയല്ല. അത് കുട്ടികളുടെ കൈയിൽ കിട്ടിയാലോ. അതുപോലെ. ചിലകുട്ടികൾ ഫോണിന് അഡിക്റ്റ് ആയി തീരും. അത് അവുടെ പഠനത്തേയും മറ്റ് ആക്റ്റിവിറ്റികളെയും ബാധിക്കും. മാത്രമല്ല, ഇരുട്ടത്തിരുന്ന്, ഗെയിം കളിക്കുന്നത് കുട്ടികളുടെ കണ്ണിനെ ബാധിക്കും. പക്ഷേ നിയന്ത്രിതമായി ഉപയോഗിച്ചാൽ മൊബൈൽ ഫോൺ കൊണ്ട് കുട്ടികൾക്ക് ഗുണവുമുണ്ട്. അത് ടെക്ക്നോളജിയിൽ അവർക്ക് സ്കിൽ കൂട്ടും. റിഫ്ളക്സ് വർധിപ്പിക്കും.
ചരുക്കിപ്പറഞ്ഞാൽ ഈ ഓഡിയോ തീർത്തും യുക്തിരഹിതമാണ്. കുട്ടികൾ നിയന്ത്രിച്ച് ഉപയോഗിച്ചാൽ, മൊബൈൽ ഫോൺ കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാവില്ല. ''- ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ